താലിബാനു വരെ ട്വിറ്ററുണ്ട്, തനിക്കില്ല! ട്രംപ് പുതിയ സമൂഹമാധ്യമം തുടങ്ങുന്നു

Donald-Trump
ഡോണൾഡ് ട്രംപ്
SHARE

ട്രൂത്ത് സോഷ്യൽ എന്ന പേരിൽ പുതിയ സമൂഹമാധ്യമം തുടങ്ങാൻ മുൻ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കം. ട്രംപ് അനുകൂലികൾ യുഎസിനെയും ലോകത്തിനെയും ഞെട്ടിച്ച് കാപ്പിറ്റൽ മന്ദിരത്തിൽ അതിക്രമം നടത്തിയതിനു പിന്നാലെ ട്വിറ്ററിൽ നിന്നും ഫെയ്സ്ബുക്കിൽ നിന്നും ട്രംപിനെ വിലക്കിയിരുന്നു. അതിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഒരു താവളമില്ലാതെയായി മാറിയ ട്രംപ് പാർലർ, ഗാബ് തുടങ്ങിയ വിവിധമാർഗങ്ങൾ അവലംബിച്ചെങ്കിലും എല്ലാം പരാജയമായി മാറി. ഇതിനു പിന്നാലെയാണ് സ്വന്തം നിലയ്ക്ക് സമൂഹമാധ്യമം എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഫ്രം ദ ഡെസ്ക് ഓഫ് ഡോണൾഡ് ജെ.ട്രംപ് എന്ന വെബ്സൈറ്റും ഇതിനിടെ അദ്ദേഹം തുറന്നെങ്കിലും വിജയമായില്ല. ഒടുവിലാണ് ട്രൂത്ത് സോഷ്യൽ എത്തുന്നത്. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് എന്ന ട്രംപിന്റെ സ്ഥാപനം തന്നെയാണ് സമൂഹമാധ്യമത്തിന്റെ പിന്നണിയിൽ. ഇതോടൊപ്പം ഒരു ഓൺ ഡിമാൻഡ് വിഡിയോ സർവീസും തുടങ്ങുന്നുണ്ട്.

എന്നാൽ ട്രൂത്ത് സോഷ്യലിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ട്രോളുകളും പ്രവഹിച്ചു. കള്ളം മാത്രം പറയാനറിയാവുന്ന ഡോണൾഡ് ട്രംപ് സ്വന്തം സമൂഹമാധ്യമത്തിനു ട്രൂത്ത് സോഷ്യൽ എന്നു പേരിട്ടിരിക്കുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു.

അടുത്തമാസം നിശ്ചിത അതിഥികളെ ഉൾപ്പെടുത്തി ട്രൂത്ത് സോഷ്യൽ തുടങ്ങാനാണു തീരുമാനം. ഇതിനു ശേഷം അടുത്ത വർഷത്തോടെ കൂടുതൽ പരിഷ്കാരങ്ങൾക്കു ശേഷം കൂടുതൽ ആളുകളിലേക്കു പ്ലാറ്റ്ഫോം തുറന്നു നൽകും.

താലിബാൻ അംഗങ്ങൾക്കു പോലും ട്വിറ്ററിൽ വലിയ സാന്നിധ്യമാണുള്ളതെന്നും അമേരിക്കക്കാരുടെ പ്രിയ പ്രസിഡന്റായിരുന്ന തനിക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിന്റെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് എഴുതി. ഫെയ്സ്ബുക്, ട്വിറ്റർ എന്നിവരുൾപ്പെടുന്ന യുഎസ് ബിഗ് ടെക് കമ്പനികൾക്കെതിരായ പ്രതിഷേധവും പ്രതിരോധവുമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ കോലാഹലത്തിനപ്പുറം കാര്യമായി എന്തെങ്കിലും സംഭവിക്കുമോയെന്നതിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. ഫെയ്സ്ബുക്കിനെയോ ട്വിറ്ററിനെയോ വെല്ലാനുള്ള കരുത്ത് ട്രംപിന്റെ ഈ ഫാൻസൈറ്റിനുണ്ടാകുമോയെന്ന് അവർ ചോദിക്കുന്നു. അടുത്തിടെ ഗെറ്റർ എന്ന പേരിലും ഒരു ആപ്പ് ട്രംപ് അനുകൂലികൾ തുടങ്ങിയിരുന്നെങ്കിലും വിജയമായിരുന്നില്ല.

അധികാരം നഷ്ടപ്പെട്ടെങ്കിലും റിപ്പബ്ലിക് പാർട്ടിയിൽ ഇന്നും ഏറ്റവും ശക്തമായ സ്വാധീനമുള്ള നേതാവ് ട്രംപാണെന്നു യുഎസ് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. അടുത്ത ടേമിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ സാരഥിയാകുക ട്രംപ് തന്നെയാകാനാണു സാധ്യത. സമൂഹമാധ്യമങ്ങളുടെ സേവനം ഏറ്റവും കൂടുതൽ ഉപയോഗിച്ച് യുഎസ് പ്രസിഡന്റെന്നറിയപ്പെടുന്ന ട്രംപിന് തുടർക്കാലത്തും ഇത് അത്യന്താപേക്ഷിതമാണ്. വീണ്ടും സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമാകാനുള്ള തത്രപ്പാടിലാണ് ട്രംപ്.

English Summary: Former U.S. president Donald Trump launches 'TRUTH' social media platform

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA