ADVERTISEMENT

ഫെയ്സ്ബുക് മേധാവി മാർക് സക്കർബർഗ് പുതിയ ടെക്നോളജികൾക്ക് പിന്നാലെയാണ്. കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഫെയ്സ്ബുക്കിന്റെ ഓരോ നീക്കവും. എആര്‍, വിആര്‍ ഉപകരണങ്ങള്‍ക്കുവേണ്ടി മനുഷ്യരോട് ഒരു സുഹൃത്തിനെ പോലെ നേരിട്ട്  സംവദിക്കാന്‍ ശേഷിയുള്ള നിര്‍മിത ബുദ്ധിയെ (artificial intelligence) സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ ഫെയ്സ്ബുക് അറിയിച്ചിട്ടുണ്ട്. Ego4D പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫെയ്സ്ബുക് പദ്ധതി വഴി ലോകത്ത് നിര്‍മിത ബുദ്ധിയുടെ പുതിയ ഘട്ടം തന്നെ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ചിത്രീകരിച്ച വിഡിയോകളിലൂടെയാണ് ഈ നിര്‍മിത ബുദ്ധി മനുഷ്യരീതികള്‍ പഠിച്ചെടുക്കുന്നത്. 

 

13 സര്‍വകലാശാലകളുമായി സഹകരിച്ചുള്ള ഈ പദ്ധതിയില്‍ ഇന്ത്യ അടക്കമുള്ള ഒൻപത് രാജ്യങ്ങളിലെ 700 വ്യക്തികളുടെ 2200 മണിക്കൂര്‍ വിഡിയോകളാണ് നിര്‍മിത ബുദ്ധിക്കായി ശേഖരിച്ചിരുന്നത്. എആര്‍, വിആര്‍ ഉപകരണങ്ങളായ റേ ബാന്‍ സണ്‍ഗ്ലാസസ്, ഓകുലസ് വിആര്‍ ഹെഡ്‌സെറ്റ് എന്നിവയിലൂടെ ചിത്രീകരിച്ചതാണ് ഈ വിഡിയോകള്‍. സ്മാര്‍ട് ഫോണുകള്‍ പോലെതന്നെ വിആര്‍, എആര്‍ ഉപകരണങ്ങളുടേയും ജനപ്രീതി വര്‍ധിക്കുന്നതിന് ഈയൊരു നീക്കം സഹായിക്കുമെന്ന പ്രതീക്ഷയും ഫെയ്സ്ബുക് പങ്കുവെച്ചു. പ്രധാനമായും അഞ്ച് ലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലൂടെ സക്കർബര്‍ഗിന്റെ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

 

∙ എപ്പോള്‍, എന്ത് സംഭവിച്ചുവെന്ന് ഓര്‍ത്തെടുക്കാനുള്ള കഴിവ്. ഉദാഹരണത്തിന് 'വീടിന്റെ താക്കോല്‍ എവിടെയാണ് വച്ചത്?' എന്ന ചോദ്യത്തിന് ഈ എഐ ഉത്തരം തന്നു സഹായിക്കും.

∙ മുന്‍കൂട്ടി കാണാനുള്ള കഴിവ്. 'ഭക്ഷണത്തില്‍ നിങ്ങള്‍ നേരത്തെ തന്നെ ഉപ്പിട്ടിരുന്നു' എന്നതുപോലുള്ള മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ശേഷി. 

∙ പഠിച്ചെടുക്കുന്നതിന് സഹായിക്കുക. 'ഈ ഡ്രം എങ്ങനെ വായിക്കാമെന്ന് പഠിപ്പിക്കാമോ?' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സഹായവുമായി ഈ നിര്‍മിത ബുദ്ധിയുണ്ടാവും മുന്നില്‍. 

∙ ഓരോ ദിവസത്തേയും ജീവിതം ശബ്ദവും ദൃശ്യവുമായി ശേഖരിച്ചുവെക്കുക. ഇതുവഴി ആര് എപ്പോള്‍ പറഞ്ഞുവെന്ന് ഓര്‍ത്തെടുത്ത് പറയാനും ഫെയ്സ്ബുക്കിന്റെ നിര്‍മിതബുദ്ധിക്കാവും. 

∙ മനുഷ്യരെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പരസ്പര സമ്പര്‍ക്കത്തിന് സഹായിക്കുക. പുറത്തുനിന്നുള്ള ബഹളങ്ങള്‍ കുറച്ച് സുഹൃത്ത് പറയുന്നത് മാത്രം വ്യക്തമായി കേള്‍ക്കണമെങ്കിലൊക്കെ വേണ്ടതു ചെയ്ത് ഈ നിര്‍മിത ബുദ്ധിക്ക് നമ്മെ സഹായിക്കാനാകും. 

 

ഒരു പ്രത്യേക സാഹചര്യത്തെ അനുഭവിപ്പിക്കാന്‍ സാധിക്കുന്നവയാണ് വെര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ ഉപകരണങ്ങള്‍. ഉദാഹരണത്തിന് വീട്ടിലിരിക്കുമ്പോള്‍ തന്നെ ഒരു മല കയറുന്നതായി നമ്മെ ദൃശ്യങ്ങള്‍ കൊണ്ടും ശബ്ദങ്ങള്‍കൊണ്ടും അനുഭവിപ്പിക്കാന്‍ ഈ ഉപകരണങ്ങള്‍ക്ക് സാധിക്കും. ഓഗ്മെന്റ് റിയാലിറ്റി അഥവാ എആര്‍ ഉപകരണങ്ങള്‍ യഥാര്‍ഥ ലോകത്തേക്ക് ചിത്രങ്ങളേയും മറ്റും കൂട്ടിച്ചേര്‍ക്കുന്നവയാണ്. പോക്ക്മോന്‍ ഗോ ഗെയിം പോലുള്ളവ യഥാര്‍ഥ ലോകത്തിനൊപ്പം ഡിജിറ്റല്‍ ദൃശ്യങ്ങളും ചേര്‍ത്തുള്ളവ എആര്‍ ഉപയോഗത്തിന്റെ ഉദാഹരണമാണ്.

 

English Summary: Facebook is creating AI that can view and interact with the world from a human's point of view 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com