ADVERTISEMENT

ട്വിറ്റർ, ഫെയ്സ്ബുക് എന്നിവയിൽ നിന്നു വിലക്ക് നേരിടുന്ന യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ അനുയായികളോട് ആശയവിനിമയം നടത്തുന്നതിനായി പുതിയ സമൂഹ മാധ്യമം പുറത്തിറക്കുന്നു. ശതകോടീശ്വരനായ ട്രംപ് ബുധനാഴ്ചയാണു തന്റെ പുതിയ നീക്കം വെളിപ്പെടുത്തിയത്. ട്രംപ് സ്വന്തം സമൂഹമാധ്യമമുണ്ടാക്കിയേക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

‘ നമ്മൾ ജീവിക്കുന്ന ഈ ലോകത്തു താലിബാനു വരെ ട്വിറ്ററിൽ സാന്നിധ്യമുണ്ട്. എന്നിട്ടും അമേരിക്കയുടെ പ്രിയ പ്രസി‍ഡന്റിന് അനുമതിയില്ല. ഇത് അംഗീകരിക്കാനാകാത്തതാണ്’ എന്നായിരുന്നു പുതിയ മാധ്യമത്തെ പരിചയപ്പെടുത്തി ട്രംപ് പറ‍ഞ്ഞത്. ‘ പുതിയ സമൂഹമാധ്യമ കമ്പനിയും പ്ലാറ്റ്ഫോമും തയാറായി, ഭീമൻ ടെക് കമ്പനികളുടെ സ്വേച്ഛാധിപത്യം അവസാനിക്കണം ’ ട്രംപ് അണികളോടായി പറഞ്ഞു.

ട്രംപിന്റെ കമ്പനികളായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പാണു ട്രംപിനു വേണ്ടി പുതിയ സമൂഹ മാധ്യമം ഒരുക്കുന്നത്.ട്രൂത്ത് സോഷ്യൽ എന്നാണു പുതിയ സമൂഹ മാധ്യമത്തിന്റെ പേര്. അടുത്തമാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റാ പതിപ്പ് ലഭ്യമായിത്തുടങ്ങും. ആപ്പിൾ ആപ്സ്റ്റോറിൽ പ്രീ ബുക്കിങ് ആരംഭിച്ചു. ‘donaldjtrump’ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് ഒരു പടവും പോസ്റ്റ് ചെയ്യപ്പെട്ടു. ‘രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ വിവേചനം കൽപിക്കാത്ത പ്ലാറ്റ്ഫോം’ എന്നാണു ട്രൂത്ത് സോഷ്യലിന്റെ വിവരണം.

∙ ട്രംപിനെ വിലക്കിയതെന്തിന് ?

ജനുവരി 6നുണ്ടായ ക്യാപിറ്റോൾ ആക്രമണത്തെത്തുടർന്നാണു ട്രംപിനു ട്വിറ്ററും ഫെയ്സ്ബുക്കും വിലക്കേർപ്പെടുത്തിയത്. ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയ ട്രംപ് അനുകൂലികൾ കനത്ത നാശ നഷ്ടമാണ് വരുത്തിവച്ചത്. യുഎസ് ഭരണ സിരാകേന്ദ്രം കണ്ട ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ക്യാപിറ്റോൾ ലോകമാകെ ചർച്ചയാകുകയും ആക്രമണത്തെ അപലപിച്ച് ഒട്ടേറെ രാജ്യങ്ങൾ രംഗത്തുവരികയും ചെയ്തിരുന്നു. ‌

സംഭവം ലോകമാകെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടവർക്കെതിരെ നടപടികളെടുത്തു തുടങ്ങിയത്. ഒട്ടേറെ ജനപ്രതിനിധികളെയും വിലക്കി. ഇതോടെയാണു മുഖ്യധാര സമൂഹമാധ്യമങ്ങൾ ഒരു വിഭാഗത്തിനായി പ്രവർത്തിക്കുകയാണെന്നു ട്രംപ് ആരോപിച്ചു തുടങ്ങിയത്.

സമൂഹമാധ്യമങ്ങളിലേക്കുള്ള മടക്കം അടുത്തുണ്ടാകില്ലെന്ന വിലയിരുത്തലിൽ ട്രംപ് ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. ‘From the Desk of Donald Trump’ എന്നായിരുന്നു ബ്ലോഗിന്റെ പേര്. പക്ഷേ ബ്ലോഗിനു വായനക്കാർ കുറവാണെന്നതു വാഷിങ്ടൻ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. അതോടെ 29 ദിവസങ്ങൾക്കു ശേഷം ‘ട്രംപ്’ ഡെസ്ക് നിർത്തി വച്ചു. ബ്ലോഗിനു വായനക്കാർ കുറവാണെന്നതിനു വൻ വാർത്താ പ്രാധാന്യം ലഭിച്ചതിൽ അതൃപ്തനായാണു ട്രംപ് ബ്ലോഗ് നിർത്താൻ ആവശ്യപ്പെട്ടത്.

തനിക്കു പ്രവർത്തകരോടു സംസാരിക്കാനായി ഒരു സമൂഹമാധ്യമം വികസിപ്പിക്കാൻ ട്രംപ് പദ്ധതിയിട്ടു തുടങ്ങിയിട്ടു മാസങ്ങളായി. അതിന്റെ അവസാന രൂപമാണ് ട്രൂത്ത് സോഷ്യൽ എന്ന പേരിൽ ഇപ്പോൾ പ്രഖ്യാപിച്ചത്. എന്നാൽ ഇതു പുറത്തിറക്കുന്നതു സംബന്ധിച്ചും ട്രംപ് ആശയക്കുഴപ്പത്തിലായിരുന്നു. ബ്ലോഗ് പോലെ ആളുകളിലേക്ക് അധികം ഇറങ്ങാത്ത ഒന്നായി സമൂഹമാധ്യമവും മാറുമോയെന്നു ട്രംപ് ആശങ്കപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ ഉപദേശകർ തന്നെ വെളിപ്പെടുത്തുകയുണ്ടായി.

ട്രൂത്ത് സോഷ്യലിനു പുറമേ, സ്ട്രീമിങ് സേവനവും ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാർത്ത, പോഡ്കാസ്റ്റുകൾ തുടങ്ങിയവയാകും സ്ട്രീം ചെയ്യുക. ട്രൂത്ത് സോഷ്യലിന്റെ ബീറ്റ വേർഷൻ നവംബറിൽ ലഭ്യമായേക്കും. പൂർണ വേർഷൻ അടുത്ത വർഷമാകും ലഭ്യമാകുക. സ്ട്രീമിങ് സേവനങ്ങൾ എന്നാകും പുറത്തിറങ്ങുകയെന്നു വ്യക്തമാക്കിയിട്ടില്ല.

Donald Trump Twitter

∙ എന്തിനു സമൂഹമാധ്യമം ?

ട്രംപിന്റെ രാഷ്ട്രീയ ജീവിതം തന്നെ ട്വിറ്ററിലെ വൻ ജനപ്രീതിയിലാണു വളർന്നത്. യുഎസ് പ്രസിഡന്റായിരുന്ന കാലത്തു പുതിയ നയങ്ങൾ പ്രഖ്യാപിക്കാനുൾപ്പെടെ എന്തിനും ട്വിറ്റർ ഉപയോഗിക്കുമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുൾപ്പെടെ സമൂഹ മാധ്യമങ്ങൾ നിർണായക സ്വാധീനമായി മാറുകയും ചെയ്തു. പ്രമുഖ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ പറ്റില്ലെന്നതിനാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണങ്ങൾ പോലും ജനങ്ങളിലേക്കു കാര്യമായി എത്തിയിരുന്നില്ല. യുഎസ് രാഷ്ട്രീയത്തിൽ ട്രംപിന്റെ റോൾ ചെറുതാകാനും ഇതു കാരണമായി.

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പു വരെ സജീവ രാഷ്ട്രീയത്തിൽ തുടരാൻ ട്രംപിനു ശക്തമായ ജന പിന്തുണ ആവശ്യമാണ്. ലോകത്തെ നയികകുന്നവരെന്നു സ്വയം കരുതുന്ന യുഎസ് ജനത, അവരുടെ നേതാവ് ലോകത്തെ എല്ലാ പ്രധാന പ്രശ്നങ്ങളിലും അഭിപ്രായം പറയുന്നതിൽ താൽപര്യപ്പെടുന്നുണ്ട്. അതിനാൽ തന്നെയാണു ട്രംപ് ട്വിറ്റർ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നതും.

തന്റെ അക്കൗണ്ട് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഈ മാസം യുഎസിലെ ഫെ‍ഡറൽ കോടതിയിൽ ട്രംപ് ഹർജി നൽകിയിരുന്നു. ട്വിറ്റർ ട്രംപിനെ സെൻസർ ചെയ്യുന്നുവെന്നും രാജ്യത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ ട്വിറ്റർ തകിടം മറിക്കുകയാണ്. കൂടാതെ ട്വിറ്റർ മേധാവിത്വം കാണിക്കുന്നുവെന്നും മറ്റുള്ളവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായും ട്രംപ് ഹർജിയിൽ ഉന്നയിച്ചിരുന്നു.

കൺസർവേറ്റീവ് പാർട്ടിക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ട് മറ്റു ചില സമൂഹമാധ്യമങ്ങളും പുറത്തിറങ്ങിയിരുന്നു. എന്നാൽ മുഖ്യധാര സമൂഹമാധ്യമങ്ങളുടെ തിളക്കമില്ലാത്തതിനാൽ അവയിലേക്ക് ആകൃഷ്ടരാകുന്ന ആൾക്കാരുടെ എണ്ണവും കുറവാണ്.

ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന ജേസൺ മില്ലർ Gettr എന്നൊരു സമൂഹമാധ്യമവുമായി രംഗത്തെത്തിയിരുന്നു. സൗജന്യമായി യഥേഷ്ടം സംസാരിക്കാവുന്ന സമൂഹമാധ്യമം എന്നാണു മില്ലർ Gettr നെ വിശേഷിപ്പിച്ചത്. ട്രംപിന്റെ പുതിയ സമൂഹമാധ്യമത്തിന് ആശംസയുമായെത്തിയ മില്ലർ ‘ ഫെയ്സ്ബുക്കിനും ട്വിറ്ററിനും മാർക്കറ്റ് ഷെയർ കുറയാൻ പോകുന്നു’ വെന്നാണു പറഞ്ഞത്.

Donald-Trump-and-Truth-Social-logo

ട്വിറ്ററും ഫെയ്സ്ബുക്കും അക്കൗണ്ട് റദ്ദാക്കിയതോടെ ട്രംപ് കുടിയേറിയത് Parler എന്ന പ്ലാറ്റ്ഫോമിലേക്കായിരുന്നു. ട്രംപ് എത്തിയതോടെ പ്ലാറ്റ്ഫോമിനു കുതിപ്പായെങ്കിലും അധിക കാലം നീളുന്നതിനു മുൻപ് സേവനം തടസ്സപ്പെടുകയായിരുന്നു. ആമസോൺ ക്ലൗ‍ഡ് സേവനങ്ങൾ പിൻവലിച്ചതായിരുന്നു Parler തകരാൻ കാരണം. ‘എന്നോടു പലരും ചോദിച്ചു, എന്തുകൊണ്ടാണ് ആരും വമ്പൻ ടെക് കമ്പനികൾക്കെതിരെ നിൽക്കാത്തതെന്ന്. അതിനുള്ള തയാറെടുപ്പിലാണ് നമ്മൾ’ – പുതിയ നീക്കത്തെക്കുറിച്ച് ട്രംപ് പറയുന്നതിങ്ങനെ.

English Summary: What we know about Trump's new TRUTH social media platform?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com