ADVERTISEMENT

ഇന്റർനെറ്റ് ലോകത്ത് ചൂടൻ വിഷയമാണ് ‘മെറ്റാവേഴ്സ്’. ഫെയ്സ്ബുക് തങ്ങളുടെ മാതൃകമ്പനിയായി മെറ്റാ പ്ലാറ്റ്ഫോംസ്  രൂപീകരിക്കുകയും അവരുടെ മെറ്റാവേഴ്സ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുകയും ചെയ്തതോടെയാണ് വിഷയം സജീവ ചർച്ചയിലായത്. ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും മറ്റുപലരും ഈ വഴിയിൽ നേരത്തെ തന്നെ സഞ്ചരിച്ചു തുടങ്ങിയിരുന്നു.

മൊബൈൽ ഇന്റർനെറ്റ് വന്നതുപോലെ ഇന്റർനെറ്റ് യുഗത്തിലെ മഹാസംഭവം എന്നാണ് ഫെയ്സ്ബുക് മെറ്റാ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴുള്ളതു പോലെ സെർച്ചും ചാറ്റും മീറ്റുമൊക്കെയായി വലയ്ക്കു പുറത്തെ മൂന്നാം കക്ഷിയാവില്ല മെറ്റയിൽ ഇന്റർനെറ്റ് പ്രജകൾ. അവിടെ അവർ ഇന്റർനെറ്റ് അനുഭവിക്കുകയാകും. നേരിട്ട് ഇടപെടുന്നതുപോലെ മറ്റൊരാളുമായി ‘മുഖദാവിൽ’ സംവദിക്കും. ഇ–ലോകം യഥാർഥ ലോകത്തിനു തൊട്ടടുത്തെത്തുമെന്നാണ് അവകാശവാദം. വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്‌മെന്റ‍ഡ് റിയാലിറ്റി (എആർ) എന്നീ സങ്കേതികവിദ്യകളിൽ അധിഷ്ഠിതമാണ് മെറ്റാവേഴ്സ്.

metaverse-1-

∙ ത്രിമാന അനുഭവം

മെറ്റാവേഴ്സിന് ഇനിയും സമ്പൂർണ നിർവചനം ആയിട്ടില്ല. അത് ഉരുത്തിരിഞ്ഞു വരുന്നതേയുള്ളു. ഇന്റർനെറ്റിന്റെ തൽസമയ ത്രിമാന അനുഭവം എന്ന് മെറ്റാവേഴ്സിനെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. അവിടെ എനിക്കും നിങ്ങൾക്കും കടന്നുചെല്ലാം, രൂപത്തോടുകൂടി സന്നിഹിതരാകാം, കണ്ടുമുട്ടാം, മുഖാമുഖം ചർച്ച നടത്താം, ഒരുമിച്ചു പ്രവർത്തിക്കാം, ഷോപ്പിങ് നടത്താം. ഒരു വീടിന്റെ ഫോട്ടോയോ വിഡിയോയോ കാണുന്നതുപോലെയാണോ ആ വീട്ടിലേക്ക് നമ്മൾ പ്രവേശിച്ച് അതിന്റെ മുക്കും മൂലയും കാണുന്നത്. അതുമല്ലെങ്കിൽ സ്വന്തം പ്രതിരൂപം സൃഷ്ടിച്ച് കോൺഫറൻസുകളിൽ പങ്കെടുക്കുന്ന ബിസിനസ് എക്സിക്യൂട്ടീവിനെ സങ്കൽപിക്കൂ. 

മെറ്റാവേഴ്സ് വരുന്നതോടെ ഇന്നത്തെ ഓൺലൈൻ സങ്കൽപത്തിലെല്ലാം വെർച്വലായെങ്കിലും നമ്മുടെ സാന്നിധ്യം സാധ്യമാകും. ഇനി സോഷ്യൽ മീഡിയയുടെ കാര്യമെടുത്താലോ. ഇപ്പോഴത്തെ ടെക്സ്റ്റ്, വോയ്‌സ്, വിഡിയോ ചാറ്റിനുമപ്പുറം പരസ്പരം കണ്ട്, ഇഷ്ടപ്പെട്ട ആംബിയൻസിൽ മുഖാമുഖമാകും സംഭാഷണം. നമ്മൾ നേരിട്ട് (വെർച്വൽ രൂപമായി) ചാറ്റ് റൂമിൽ സന്നിഹിതരായി സംഭാഷണം നടത്താം. 

മെറ്റാവേഴ്സിൽ ഷോപ്പിങ്ങും എന്തിന് വിവരങ്ങൾ സെർച് ചെയ്യുന്നതു വരെ വേറെ ലെവലാകും. ഓൺലൈൻ ഫാഷൻ സ്റ്റോറിൽ ഇപ്പോൾ വസ്ത്രങ്ങൾ ചിത്രങ്ങളും കുറിപ്പും കണ്ട് വാങ്ങാനേ വഴിയുള്ളൂ. മെറ്റാവേഴ്സിൽ ഷോറൂമിൽ ‘കടന്ന്’ വസ്ത്രം ‘ഇട്ട്’ കണ്ണാടിയിലെന്ന പോലെ കണ്ട് തൃപ്തിപ്പെട്ട് വാങ്ങാം. വിനോദ മാധ്യമം അടിമുടി മാറും ഓൺലൈൻ കൺസർട്ടുകളിൽ ഇഷ്ട ഗായകനൊപ്പം നമുക്കും ചുവടുവയ്ക്കാം, ഗെയിമുകളിൽ കളിക്കാർക്കൊപ്പം കടന്നുചെന്ന് മൽസരിക്കാം.

∙ ആരാദ്യം?

ഫെയ്സ്‌ബുക്കിന്റെ മെഗാ പ്രഖ്യാപനത്തോടെയാണ് മെറ്റാവേഴ്സ് വൈറലായതെങ്കിലും മൈക്രോസോഫ്റ്റും ഗൂഗിളും വെറുതെയിരിക്കുകയായിരുന്നില്ല. തങ്ങളുടെ മീറ്റിങ് പ്ളാറ്റ്ഫോമായ ടീംസിൽ വെർച്വൽ റിയാലിറ്റി സങ്കേതങ്ങൾ സന്നിവേശിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. മെറ്റായ്ക്കുമുന്നേ നീങ്ങാനാണ് അവരുടെ ശ്രമം. ഡിജിറ്റൽ, ഫിസിക്കൽ ലോകത്തെ സമന്വയിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് നേരത്തെതന്നെ സൂചന നൽകിയിരുന്നു. 

ഓപ്പറേറ്റിങ് സിസ്റ്റം, ക്ലൗഡ്, വിഡിയോ കോൺഫറൻസിങ്, ഹാർഡ്‌വെയർ (ഹോളോലെൻസ്), വിനോദം (എക്സ് ബോക്സ്), സോഷ്യൽ നെറ്റ്‌വർക്ക് എന്നിവയെല്ലാം മെറ്റാവേഴ്സ് പ്ളാറ്റ്‌ഫോമിൽ ഒന്നിപ്പിക്കാനാണ് മൈക്രോസോഫ്റ്റ് നീക്കം. ഫെയ്സ്‌ബുക് ഏഴുവർഷം മുൻപ് 2.3 ബില്യൻ ഡോളർ (ഏകദേശം 16,500 കോടി രൂപ) മുടക്കി വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് നിർമാതാക്കളായ ഒക്കുലസിനെ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ വെർച്വൽ റിയാലിറ്റി മീറ്റിങ് ആപ് വർക്ക് പ്ളേസും സോഷ്യൽ സ്പേസ് ഹൊറൈസണും അവതരിപ്പിച്ചു. ഫോർട്നൈറ്റ്, പോക്കിമാൻ ഗോ തുടങ്ങിയ ഓൺലൈൻ ഗെയിമുകൾ ഒരു പരിധിവരെ വെർച്വൽ– ഫിസിക്കൽ സങ്കരമാണ്. 

facebooks-oculus

∙ ഉഴുതുമറിക്കാൻ ശതകോടികൾ 

സൈബർ ലോകത്തെ ഉഴുതുമറിച്ച് പുതിയ മെറ്റാവേഴ്സ് കൃഷിക്കായി ശതകോടിക്കണക്കിനു ഡോളറാണ് ടെക് ഭീമന്മാർ വലിച്ചെറിയുന്നത്. 10,000 ഐടി വിദഗ്ധർ മെറ്റാ പ്ളാറ്റ്ഫോമിന്റെ പണിപ്പുരയിലുണ്ടെന്ന് ഫെയ്സ്‌ബുക് വെളിപ്പെടുത്തി. യൂറോപ്പിൽ മറ്റൊരു 10,000 പേരെക്കൂടി രംഗത്തിറക്കാനാണ് നീക്കം. ഗൂഗിൾ, ആമസോൺ എന്നീ ടെക് വമ്പന്മാരും ക്ലൗഡ്, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകളിൽ വൻ മുതൽ മുടക്ക് നടത്തുന്നുണ്ട്. സോണി എന്റർ‌ടെയ്ൻമെന്റ് കോർപറേഷൻ ഫോർട്നൈറ്റ് ഉടമകളായ എപിക് ഗെയിംസിൽ മെറ്റാവേഴ്സ് വികസനം ലക്ഷ്യമിട്ട് 100 കോടി ഡോളർ നിക്ഷേപം നടത്തി. 

∙ മെറ്റാവേഴ്സ്: നോവലിൽ പിറന്ന അദ്ഭുതലോകം

1992 ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ സ്നോ ക്രാഷിലൂടെ നോവലിസ്റ്റ് നീൽ സ്റ്റീഫൻസനാണ് മെറ്റാവേഴ്സ് സങ്കൽപം ആദ്യമായി അവതരിപ്പിച്ചത്. ഇന്റർനെറ്റും വെർച്വൽ റിയാലിറ്റിയും സോഷ്യൽ മീഡിയയും പോലുള്ള സാങ്കേതങ്ങളെല്ലാം ഒന്നിച്ചണിനിരക്കുന്ന ടെക് ലോകം യഥാർഥ ലോകവുമായി സമന്വയിക്കുന്ന സങ്കൽപമാണിവിടെ. നീലിന്റെ സങ്കൽപത്തോടു നീതി പുലർത്താൻ മെറ്റയുടെയും (ഫെയ്സ്‍‌ബുക്കിന്റെയും) മൈക്രോസോഫ്റ്റിന്റെയും മെറ്റാവേഴ്സിനാകുമോ. കാത്തിരിക്കാം.

English Summary: What Is the Metaverse? The Future Vision for the Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com