ADVERTISEMENT

ടിക്ടോക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവ വഴി കാര്യമായി വരുമാനമുണ്ടാക്കുന്ന നിരവധി പേരുണ്ട്. മിക്കവരും വരുമാനം വർധിപ്പിക്കാനായി വിവിധ വഴികളാണ് സ്വീകരിക്കുന്നത്. എന്നാൽ, ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും എക്സൽ ടിപ്സ് വിഡിയോകൾ പോസ്റ്റ് ചെയ്ത് ഓൺലൈൻ അധ്യാപിക പ്രതിമാസം സമ്പാദിക്കുന്നത് 1 കോടിയിലേറെ രൂപയാണ്. ദിവസം ഒരു ലക്ഷം ഡോളർ വരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ദി വേർജ് റിപ്പോർട്ട് ചെയ്യുന്നത്.

 

മിക്കവർക്കും മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ ഷീറ്റുകൾ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. എന്നാൽ ഇക്കാര്യത്തിൽ കഴിവ് തെളിയിച്ച കാറ്റ് നോർട്ടൺ (@miss.excel) സമൂഹ മാധ്യമങ്ങളിൽ ഇതിനകം താരമായി കഴിഞ്ഞിരിക്കുന്നു. തന്റെ ആരാധകരെ എംഎസ് എക്സൽ ടിപ്സും തന്ത്രങ്ങളും പഠിപ്പിക്കാൻ ഇവർ പോസ്റ്റ് ചെയ്യുന്ന വിഡിയോകളെല്ലാം ഹിറ്റാണ്. അതേസമയം, കോഴ്സുകളുടെ വിഡിയോ പതിവായി ലഭിക്കാൻ പണം നൽകി സബ്സ്ക്രൈബ് ചെയ്യേണ്ടതുമുണ്ട്.

 

തിങ്ക്‌ഫിക്കിൽ ഹോസ്റ്റുചെയ്യുന്ന അവരുടെ വിഡിയോ കോഴ്‌സുകളുടെ മാർക്കറ്റിങ് ചാനലുകളായാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത്. ഒരു കോഴ്സിന് 297 ഡോളർ മുതലാണ് വാങ്ങുന്നത്. മൈക്രോസോഫ്റ്റ് ഓഫിസ് സ്യൂട്ട് കോഴ്സുകൾ മുഴുവൻ ലഭിക്കാൻ 997 ഡോളർ നൽകിയാൽ മതി.

 

ഒരു വർഷത്തിനുള്ളിൽ തന്നെ ഇൻസ്റ്റഗ്രാം, ടിക്ടോക്ക് പ്ലാറ്റ്ഫോമുകളിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയും കാറ്റ് നോർട്ടൺ സമ്പാദിച്ചു. എന്നാൽ, ഇത്രയും ഫോളവേഴ്സിനെ ലഭിക്കാൻ കാരണം മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ സ്പ്രെഡ്ഷീറ്റ് എന്നിവ സംബന്ധിച്ച വിഡിയോകളാണ്. മിക്കവർക്കും പഠിക്കാൻ താൽപര്യമില്ലാത്ത മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ സ്പ്രെഡ്ഷീറ്റ് എന്നിവയുടെ പാഠങ്ങൾ രസകരമായാണ് ഇവർ പരിചയപ്പെടുത്തുന്നത്. ഇത് തന്നെയാണ് ഇവരുടെ വിജയവും

 

27 കാരിയായ കാറ്റ് നോർട്ടൺ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് മൈക്രോസോഫ്റ്റ് എക്സൽ ഓൺലൈനിൽ പഠിപ്പിക്കാനിറിങ്ങിയത്. ഇത് അവരുടെ ജീവിതത്തെ അക്ഷരാർഥത്തിൽ മാറ്റിമറിച്ചതായി ദി എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇൻസ്റ്റഗ്രമിൽ @miss.excel എന്നറിയപ്പെടുന്ന നോർട്ടൺ 2020 നവംബറിലാണ് ഓൺലൈൻ ടീച്ചിങ് ബിസിനസ്സ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളില്‍ തന്നെ അവര്‍ വൻ വിജയം നേടുകയും ചെയ്തു.

 

മൈക്രോസോഫ്റ്റ് എക്സൽ പ്രോഗ്രാമിലെ അറിയപ്പെടാത്ത സൂത്രങ്ങളെയും ടിപ്പുകളെയും കുറിച്ച് കാറ്റ് നോർട്ടൺ രസകരമായ വിഡിയോകൾ നിർമിക്കാൻ തുടങ്ങി. കൂടുതൽ പഠിതാക്കളെ ലഭിച്ചതോടെ കൂടുതൽ സമയം ഇതിനായി നീക്കിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

 

കാറ്റ് നോർട്ടൺ അല്ലെങ്കിൽ മിസ് എക്സൽ ഇപ്പോൾ ഒരു മുഴുവൻ സമയ പരിശീലകയായി മാറിയിരിക്കുന്നു. മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ ഷീറ്റുകൾ എന്നിവയിൽ മാത്രമല്ല മറ്റ് മൈക്രോസോഫ്റ്റ്, ഓൺലൈൻ ഉൽപന്നങ്ങളുടെ ഓൺലൈൻ കോഴ്സുകളും ഇവർ വിഡിയോയിലൂടെ കൈകാര്യം ചെയ്യുന്നുണ്ട്.

 

2021 ഏപ്രിലിലാണ് ഇവർക്ക് ആദ്യത്തെ ആറ് അക്ക വരുമാനം ലഭിച്ചത്. ഓൺലൈൻ ക്ലാസ് തുടങ്ങി ആറ് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇന്നിപ്പോൾ മിക്ക ദിവസങ്ങളിലും ഒരു ലക്ഷം ഡോളർ വരെയാണ് അക്കൗണ്ടിലേക്ക് എത്തുന്നത്. ഹിറ്റായ വിഡിയോകളെല്ലാം അവരുടെ ഇൻസ്റ്റഗ്രാം, ടിക്ടോക് വഴിയാണ് പ്രധാനമായും പ്രമോട്ട് ചെയ്യുന്നത്.

 

English Summary: Who is Miss Excel, Tiktok influencer Making six figures a day?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com