ADVERTISEMENT

അമേരിക്കയില്‍ ടിക്‌ടോക് ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ഫെയ്സ്ബുക് കൊണ്ടുവരുന്ന പുതിയ തന്ത്രങ്ങള്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഗുണകരമായേക്കും. മറ്റെവിടെയും പോസ്റ്റ് ചെയ്യാത്ത കണ്ടെന്റ് ഫെയ്‌സ്ബുക് റീല്‍സില്‍ ഇടുന്നവര്‍ക്ക് അധിക പ്രോത്സാഹനം നൽകാനാണ് നീക്കം. ഒറിജിനല്‍ വിഡിയോകള്‍ ഇടുന്നവർക്ക് വിവിധ ഓഫറുകൾ നൽകാനാണ് ഫെയ്സ്ബുക്കിന്റെ പദ്ധതി. പുതിയ മാറ്റങ്ങള്‍ വഴി, ചില കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പണം കുറഞ്ഞേക്കാമെന്നും എന്നാല്‍ മറ്റുചിലര്‍ക്ക് കൂടുതൽ പണം ലഭിച്ചേക്കാമെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാൽ ഇത് ആർക്കൊക്കെ ഏതെല്ലാം രാജ്യങ്ങളിൽ ലഭിക്കുമെന്നത് സംബന്ധിച്ച് വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

∙ ചലഞ്ചസ്

ബോണസിനു പുറമെയാണ് ചലഞ്ചസ്. ഒരു മാസത്തിനുള്ളില്‍ ചില ലക്ഷ്യങ്ങള്‍ നേടാനാകുന്ന കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് 4000 ഡോളര്‍ വരെ നേടാനുള്ള അവസരമായിരിക്കും ഇതില്‍ ഒരുക്കുക. എന്നാല്‍, പുതിയ ചലഞ്ചസിന് നിലവിലുള്ള ഹാഷ്ടാഗ് ചലഞ്ചസുമായി ഒരു ബന്ധവുമില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ഹാഷ്ടാഗ് ചലഞ്ചസില്‍ ക്രിയേറ്റര്‍മാരോട് ഒരു പ്രത്യക വിഷയത്തെപ്പറ്റി കണ്ടെന്റ് സൃഷ്ടിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക. പുതിയ ചലഞ്ചസില്‍ വെല്ലുവിളികളുടെ ശ്രേണി തന്നെ ഉണ്ടായിരിക്കും. ഓരോ മാസവും ക്രിയേറ്റര്‍മാരെക്കാത്ത് മുൻപത്തെ വെല്ലുവിളികളുടെ തുടര്‍ച്ചയായി ഉള്ളതും (sequential) വര്‍ധിച്ചു വരുന്നതുമായ (cumulative) വെല്ലുവിളികള്‍ ഉണ്ടായിരിക്കും.

∙ ഇതെങ്ങനെ നടക്കും?

ഉദാഹരണത്തിന്, ഒരു ക്രിയേറ്റര്‍ അപ്‌ലോഡ് ചെയ്യുന്ന അഞ്ചു വിഡിയോകളെങ്കിലും 100 പ്ലേയ്‌സ് (plays) പൂര്‍ത്തിയാക്കുന്നുണ്ടെങ്കില്‍ 20 ഡോളര്‍ നേടാനാകും. ഇത് നേടിക്കഴിയുന്നവര്‍ക്ക് അടുത്ത ചലഞ്ചസില്‍ പങ്കെടുക്കാം. ഇതില്‍ അയാള്‍ അപ്‌ലോഡ് ചെയ്യുന്ന 20 റീലുകള്‍ക്ക് 500 പ്ലേയ്‌സ് ലഭിച്ചാല്‍ 100 ഡോളര്‍ ലഭിക്കും. ഇത് ഒരു മാസത്തിലെ 30 ദിവസവും തുടരും. മാസാവസാനം ഇത് അവസാനിക്കും. ലക്ഷ്യം നേടുന്നവര്‍ക്ക് പുതിയ ലക്ഷ്യമിട്ടു കൊടുക്കുകയും ചെയ്യും. പ്രതിമാസം 4,000 ഡോളര്‍ നേടുന്നതു വരെ ആദ്യ ഘട്ടത്തില്‍ തുടരേണ്ടിവരുമെന്നാണ് മനസ്സിലാകുന്നത്. ഗെയിമുകളിലെ വിവിധ ഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരിക്കും ചലഞ്ചുകള്‍ ഇട്ടു കൊടുക്കുക.

∙ തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രം

തുടക്കത്തില്‍, റീല്‍സ് ബോണസ് പ്രോഗ്രാമില്‍ പങ്കെടുക്കാനാകുക തിരഞ്ഞെടുക്കപ്പെട്ട ക്രിയേറ്റര്‍മാര്‍ക്കു മാത്രമായിരിക്കും എന്ന് ഫെയ്‌സ്ബുക് പറയുന്നു. തങ്ങള്‍ക്ക് ഇത്തരം വിവിധതരം പ്രോഗ്രാമുകള്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇന്‍സെന്റീവ് വിഡിയോകളുടെ സാധ്യത പഠിച്ച ശേഷമായിരിക്കും അടുത്ത ചുവട്. പുതിയ വിഡിയോ പ്ലാനുകള്‍ കൊണ്ടുവരിക വഴി, പണം നല്‍കുന്ന രീതികള്‍ പുനഃക്രമീകരിക്കുകയാണ് മെറ്റാ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒപ്പം ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ കണ്ടെന്റ് കാണുന്നവരെക്കുറിച്ചുള്ള വിവരങ്ങളും നല്‍കും. ഫെയ്‌സ്ബുക്കിന്റെ റീല്‍സ് പ്ലേ ബോണസ് ഇന്‍സൈറ്റ്‌സ് എന്ന പേജ് വഴിയായിരിക്കും ഒരാളിടുന്ന റീല്‍സിനെക്കുറിച്ചുളള വിവരങ്ങൾ നല്‍കുക. ഇത് ലഭിക്കുക മികവുറ്റ (high quality) കണ്ടെന്റ് സ്ഥിരമായി റീല്‍സില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കായിരിക്കും.

∙ കമ്യൂണിറ്റികള്‍ ഉണ്ടാക്കാനും അവസരം

ക്രിയേറ്റര്‍മാര്‍ക്ക് കൂടുതല്‍ സ്ഥിരവരുമാനം നേടാനായി കമ്യൂണിറ്റികള്‍ സൃഷ്ടിക്കാനുള്ള അവസരവും ഫെയ്‌സ്ബുക് ഒരുക്കുന്നു. വിഡിയോകള്‍ക്കിടയില്‍ കൂടുതല്‍ പരസ്യങ്ങള്‍ കാണിക്കുമെന്നും അവയില്‍നിന്നുള്ള വരുമാനം കണ്ടെന്റ് ക്രിയേറ്റര്‍മാരുമായി പങ്കുവയ്ക്കുമെന്നും മെറ്റാ പറയുന്നു. ഇതിനായി ഇന്‍-സ്ട്രീം പരസ്യങ്ങള്‍ക്കു പുറമേ, ഓവര്‍ലേ പരസ്യങ്ങളും കാണിക്കുമെന്നും കമ്പനി പറയുന്നു. ഇവയെല്ലാം കൂടുതല്‍ കണ്ടെന്റുകള്‍ക്കൊപ്പം കാണിക്കും.

∙ എല്ലാം ടിക്‌ടോക്കിനെ മറികടക്കാന്‍

ടിക്‌ടോക്കിന്റെ ആകര്‍ഷണ വലയത്തില്‍ പെട്ടുകിടക്കുന്ന കണ്ടെന്റ് ക്രിയേറ്റര്‍മാരെ തങ്ങള്‍ക്കൊപ്പം നിർത്താന്‍ കൂടിയാണ് മെറ്റാ പുതിയ നീക്കം നടത്തുന്നത്. മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ആപ്പായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ 45 ശതമാനം പേരും ആഴ്ചയില്‍ ഒരു തവണയെങ്കിലും റീല്‍സ് ലൈക്കോ കമന്റോ ഷെയറോ ചെയ്യുന്നുണ്ടെന്ന് മെറ്റാ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് പറയുന്നു. എല്ലാത്തരത്തിലുമുള്ള ക്രിയേറ്റര്‍മാരും റീല്‍സ് പ്രയോജനപ്പെടുത്തി തങ്ങളുടെ ഫാന്‍സിലേക്ക് കണ്ടെന്റ് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെല്ലാം തങ്ങളുടെ സഹായവും ലഭിക്കും. കണ്ടെന്റില്‍നിന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളും ഒരുക്കിയിട്ടുണ്ട് എന്നാണ് ന്യൂഫ്രന്റ്‌സ് (NewFronts) പ്രസന്റേഷനില്‍ അവർ പറഞ്ഞത്.

∙ വെര്‍ച്വല്‍ ടിപ്പിങ് സിസ്റ്റം

മെറ്റ അവതരിപ്പിക്കുന്ന മറ്റൊരു പദ്ധതിയാണ് 'സ്റ്റാര്‍സ്'. ഇതുവഴി ഇന്‍സ്റ്റഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് റീല്‍സ് ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിക്കും. കുറച്ചു കാലമായി ഈ ഫീച്ചര്‍ ടെസ്റ്റ് ചെയ്യുകയാണ് കമ്പനി. ഇങ്ങനെ ക്രോസ്‌പോസ്‌റ്റ് ചെയ്യുന്ന വിഡിയോകളില്‍നിന്നു വരുമാനമുണ്ടാക്കാനുള്ള അവസരവും ഒരുങ്ങും.

∙ വരുമാനം പങ്കുവയ്ക്കല്‍ ഇങ്ങനെ

ഓവര്‍ലേ പരസ്യങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 55 ശതമാനവും ക്രിയേറ്റര്‍മാര്‍ക്കു നല്‍കുകയാണ് ഫെയ്‌സ്ബുക്. കമ്പനി 45 ശതമാനമാണ് എടുക്കുന്നത്. അടുത്തിടെയാണ് ടിക്‌ടോക് തങ്ങളുടെ 50/50 പ്രോഗ്രാം അവതരിപ്പിച്ചത്. ടിക്‌ടോക് പ്ലസ് എന്നാണ് അതിന്റെ പേര്. അതിനെ മറികടക്കാനാണ് പുതിയ പദ്ധതി. പ്ലസ് വേറിട്ടൊരു പരസ്യ രീതിയാണെങ്കിലും ടിക്‌ടോക് ഉപയോക്താക്കള്‍ക്ക് പണം നേടാനുള്ള ഏക പദ്ധതി ഇതാണ്. എന്നാല്‍, ഫെയ്‌സ്ബുക്കിന്റെ പരസ്യം നല്‍കുന്നവര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്നതിനാല്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഏതു കമ്പനിയുടെ പദ്ധതിയാണ് മാസാവസാനം കൂടുതല്‍ പണം നേടിക്കൊടുക്കുക എന്നത് ഇപ്പോള്‍ പറയാനാവില്ല.

∙ ടിക്‌ടോക്കില്‍ പോസ്റ്റു ചെയ്തതു വേണ്ട

ഫെയ്‌സ്ബുക് പണം നല്‍കി തുടങ്ങിയതോടെ ടിക്‌ടോക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കണ്ടെന്റ് റീല്‍സിലും ഇന്‍സ്റ്റഗ്രാമിലും പലരും പോസ്റ്റ് ചെയ്യാന്‍ തുടങ്ങി എന്നു കണ്ടെത്തിയതോടെ കമ്പനി ഇത് നിരുത്സാഹപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ഒറിജിനല്‍ വിഡിയോ അപ്‌ലോഡ് ചെയ്യുന്നവരെ കമ്പനി പ്രോത്സാഹിപ്പിക്കുന്നത്.

English Summary: Facebook-TikTok war, Facebook incentives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com