വീചാറ്റിനെ മാതൃകയാക്കണം, ട്വിറ്ററിൽ സംസാര സ്വാതന്ത്ര്യം വേണമെന്ന് മസ്ക്; പിരിച്ചുവിടൽ പ്രതീക്ഷിക്കാം?

elone-musk-twitter1
SHARE

ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് വ്യാഴാഴ്ച ആദ്യമായി ട്വിറ്റർ ജീവനക്കാരെ അഭിസംബോധന ചെയ്തു. ട്വിറ്റർ ജീവനക്കാരോട് സംസാരിച്ച ഇലോൺ മസ്‌ക് നിരവധി കാര്യങ്ങളാണ് സംസാരിച്ചത്. കമ്പനിക്ക് സാമ്പത്തികമായി ‘ആരോഗ്യം ലഭിക്കേണ്ടതുണ്ടെന്നും’ ചെലവ് കുറയ്ക്കണമെന്നും മസ്ക് പറഞ്ഞു. ട്വിറ്ററിൽ ജോലി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട് എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്. ട്വിറ്റർ പ്ലാറ്റ്‌ഫോം വാങ്ങാനുള്ള ഇടപാട് അന്തിമമായാൽ വൻ മാറ്റങ്ങൾ തന്നെ സംഭവിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ മസ്‌ക് ട്വിറ്റർ ഇടപാട് നിർത്തിവച്ചിരിക്കുകയാണ്.

ട്വിറ്ററിൽ ഇപ്പോൾ ചെലവുകൾ വരുമാനത്തേക്കാൾ കൂടുതലാണ് എന്ന് ദി വെർജ് റിപ്പോർട്ട് ചെയ്തിരുന്നു. മസ്കുമായുള്ള ചോദ്യോത്തര വേളയിൽ പിരിച്ചുവിടലിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ മസ്‌ക് ജീവനക്കാർക്ക് നൽകിയതും അതേ സൂചനയാണ്. ജോലി വെട്ടിക്കുറയ്ക്കലിനെക്കുറിച്ച് മസ്‌ക് വ്യക്തമായി സംസാരിച്ചില്ലെങ്കിലും ശതകോടീശ്വരന്റെ അഭിപ്രായങ്ങൾ സമീപഭാവിയിൽ അത്തരം സാധ്യതകളെക്കുറിച്ച് സൂചന നൽകുന്നതാണ്. ഭാവിയിൽ പിരിച്ചുവിടലുകൾ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് ജീവനക്കാർ മസ്‌കിനോട് ചോദിച്ചപ്പോൾ, ‘അത് ആശ്രയിച്ചിരിക്കുന്നു. കമ്പനിക്ക് ആരോഗ്യം ലഭിക്കേണ്ടതുണ്ട്’ എന്നായിരുന്നു മറുപടിയെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.

ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവർത്തനം വിപുലീകരിക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ ഭാവിയിൽ ട്വിറ്ററിന് വളരാൻ കഴിയില്ലെന്നുമാണ് മസ്‌ക് പറഞ്ഞത്. കമ്പനിക്ക് വേണ്ടി നന്നായി ജോലി ചെയ്യുന്ന ആരുംതന്നെ വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർക്ക് ഫ്രം ഹോം സംവിധാനം, ബൈഔട്ട് ഡീൽ എന്നിവയെക്കുറിച്ചും മറ്റും മീറ്റിങ്ങിൽ മസ്ക് സംസാരിച്ചു.

നിലവിൽ പിരിച്ചുവിടൽ പദ്ധതിയിലില്ലെന്ന് സിഇഒ പരാഗ് അഗർവാൾ മുൻപ് ട്വിറ്റർ ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. ട്വിറ്റർ കരാർ നിലവിൽ വന്നാൽ മസ്‌ക് അഗർവാളിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നില്ലെന്ന് സിഇഒ പറഞ്ഞു.

ജനങ്ങൾക്ക് ട്വിറ്ററില്‍ എന്തും പറയാന്‍ കഴിയണമെന്നും ചൈനീസ് ആപ്പായ വീചാറ്റ് മാതൃകയിലേക്ക് ട്വിറ്ററിനെ കൊണ്ടുവരാനാണ് താല്‍പര്യമെന്നും മസ്‌ക് പറഞ്ഞു. വളർച്ചയുടെ കാര്യത്തിൽ ടിക്ടോക്കിനെ മാതൃകയാക്കാനും നിർദേശിച്ചു. ട്വിറ്ററിന് നൂറ് കോടി വരിക്കാർ ഉണ്ടാകണമെന്ന ആഗ്രഹം യാഥാര്‍ഥ്യമാകണമെങ്കില്‍ വീചാറ്റിനേയും ടിക്ടോക്കിനെയും പോലെ പരിശ്രമിക്കണം. ചൈനയ്ക്ക് പുറത്ത് വീചാറ്റിന് പകരംവയ്ക്കാൻ ഒന്നുമില്ല. ആ സ്ഥാനത്ത് രാജ്യാന്തര വിപണിയിൽ ട്വിറ്ററിന് മുന്നേറാൻ കഴിയുമെന്നും മസ്ക് പറഞ്ഞു.

നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് എന്തും പറയാൻ സാധിക്കണം. അത്തരം സംസാരങ്ങളൊന്നും വലിയ സംഭവമായി കാണിക്കരുതെന്നും പറഞ്ഞ മസ്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കിയ നടപടിയെയും വിമര്‍ശിച്ചു. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ട്രംപിനെ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Elon Musk hints at layoffs speaking to Twitter employees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS