ADVERTISEMENT

ഉപയോക്താവ് ടൈപ്പ് ചെയ്തു വച്ചിരിക്കുന്ന മോശം സന്ദേശം ഓട്ടമാറ്റിക്കായി മനസ്സിലാക്കാനുള്ള ശേഷി ആര്‍ജിച്ചിരിക്കുകയാണ് പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്‍ഡര്‍ എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റിങ് ആപ്പുകള്‍ സൗഹൃദങ്ങള്‍ പോഷിപ്പിക്കുന്നവയാണ്. പക്ഷേ, അവയില്‍ ലൈംഗിക ചൂഷകർ പതുങ്ങിയിരിക്കുന്നുമുണ്ട്. ഇതുമൂലം സ്ത്രീകള്‍ക്ക് ആക്രമണങ്ങളും ബലാത്സംഗങ്ങളും വരെ നേരിടേണ്ടതായി വരുന്നു. അടുത്തകാലത്തായി ഇത് വര്‍ധിച്ചിട്ടുമുണ്ട്. ഇതു കണ്ടറിഞ്ഞ് സമയോചിതമായ ചില പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ് ടിന്‍ഡര്‍. പുതിയ ഒരുപറ്റം സുരക്ഷാ ഫീച്ചറുകളാണ് സ്ത്രീകള്‍ക്കായി ആപ് ഒരുക്കുന്നത്. നോ മോര്‍ (No More) എന്ന കമ്പനിയുമായി ചേര്‍ന്നാണ് ടിന്‍ഡര്‍ സുരക്ഷ ഒരുക്കുന്നത്.

∙ ആദ്യ സന്ദേശത്തില്‍ത്തന്നെ വ്യക്തികളുടെ ഭാവം അറിയാന്‍

ടിന്‍ഡറിന്റെ ആദ്യ സ്ത്രീ മേധാവിയായ റെനറ്റെ നൈബോര്‍ഗ് (36) തന്നെയാണ് പുതിയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ഓരോരുത്തരും ആദ്യം അയയ്ക്കുന്ന സന്ദേശം തന്നെ അയാളുടെ ഉദ്ദേശ്യം വെളിപ്പെടുത്തിയേക്കാമെന്നാണ് നൈബോര്‍ഗ് പറയുന്നത്. അതേസമയം, ടിന്‍ഡര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് നോമോറിന്റെ ഡയറക്ടര്‍ പമെല സബല്ല പറയുന്നത്. മോശം പെരുമാറ്റം, സന്ദേശം തുടങ്ങിയവ എന്താണെന്നു വ്യക്തമായി പറഞ്ഞുകൊടുക്കണം. യഥാര്‍ഥ ജീവിതവും ഓണ്‍ലൈന്‍ ജീവിതവും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ, ഓണ്‍ലൈന്‍ ഡേറ്റിങ്ങിന് എത്തുന്നവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും അവർ പറയുന്നു.

∙ സുരക്ഷയ്ക്കു പ്രാധാന്യം

സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കു പരിഹാരം കാണാനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു പാമെല പറയുന്നു. സ്ത്രീകള്‍ എന്നല്ല, ടിന്‍ഡര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ പറയുന്നു. നിലവില്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാണമെന്ന് അനുശാസിക്കുന്ന നിയമങ്ങളൊന്നും ഒരു രാജ്യത്തും ഇല്ല. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്ന ആളുകള്‍, വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് അത്തരത്തിലുള്ള നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകളും പെണ്‍കുട്ടികളും ഓണ്‍ലൈനില്‍ നേരിടുന്ന അക്രമങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍ എന്ന പേരില്‍ നിയമം കൊണ്ടുവരണം എന്നാണ് ബ്രിട്ടനിലെ സർക്കാരിനോട് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, പുതിയ പ്രധാനമന്ത്രി ചുമതലയേറ്റ് കുറച്ചു മാസങ്ങള്‍ക്കുള്ളിലായിരിക്കും ഇക്കാര്യം ബ്രിട്ടിഷ് പാര്‍ലമെന്റ് പരിഗണിക്കുക.

∙ ടൈപ്പ് ചെയ്തു വച്ചിരിക്കുന്ന സന്ദേശം മനസ്സിലാക്കുന്നു

ഉപയോക്താവ് ടൈപ്പ് ചെയ്തു വച്ചിരിക്കുന്ന മോശം സന്ദേശം ഓട്ടമാറ്റിക്കായി മനസ്സിലാക്കുകയും അത് അയയ്ക്കുന്നതിനു മുൻപ്, ഈ സന്ദേശം അയയ്ക്കണമെന്ന് നിര്‍ബന്ധമാണോ എന്നു ചോദിക്കുകയും ചെയ്യും ടിൻഡർ. ഇങ്ങനെ ചോദിക്കാന്‍ തുടങ്ങിയതില്‍ പിന്നെ 10 ശതമാനം ഉപയോക്താക്കള്‍ ടൈപ്പു ചെയ്തുവച്ച സന്ദേശം അയയ്ക്കാതായി എന്ന് കമ്പനി പറയുന്നു. ടിന്‍ഡറിന്റെ ഉടമയായ മാച്ച് ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാച്ച്.കോം, മീറ്റിക് (Meetic), ഓകെക്യുപിഡ്, ഹിഞ്ജ്, പ്ലെന്റി ഓഫ് ഫിഷ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഈ മാറ്റം കാണാമെന്ന് കമ്പനി പറയുന്നു. അതു കഴിഞ്ഞും ആ സന്ദേശം ഉപയോക്താവ് അയയ്ക്കുന്നു എങ്കില്‍ അതു ലഭിക്കുന്നയാളോട് ഈ സന്ദേശം നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയോ എന്നും അന്വേഷിക്കുന്നു. അത്തരം സന്ദേശം തങ്ങള്‍ക്ക് ഇഷ്ടമായില്ലെന്നു പറയുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന ഉണ്ടായി എന്നാണ് നൈബാര്‍ഗ് പറയുന്നത്.

∙ അമേരിക്കയില്‍ ഉപയോക്താവിന്റെ പശ്ചാത്തലം പരിശോധിക്കുന്നു

അമേരിക്കയില്‍, ടിന്‍ഡറിലുള്ള സുരക്ഷാ സംവിധാനം വഴി ഉപയോക്താക്കളുടെ പശ്ചാത്തലം പരിശോധിക്കാനും സാധിക്കുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗാര്‍ബോ എന്ന കമ്പനിയാണ് ടിന്‍ഡറിന് ഇതിന് പിന്തുണ നല്‍കുന്നത്. മുൻപ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള സംവിധാനം ‘അബ്യൂസ് ആന്‍ഡ് ഇന്‍സെസ്റ്റ് നാഷനല്‍ നെറ്റ്‌വര്‍ക്ക്’ കൊണ്ടുവന്നിട്ടുണ്ട്. ഈ നെറ്റ്‌വര്‍ക്ക് വഴിയുള്ള അന്വേഷണം വളരെ മികച്ച നിലവാരമുള്ളതാണെന്ന് നൈബോര്‍ഗ് സമ്മതിക്കുന്നു. ഇതു നിലവില്‍ വന്ന ശേഷം തങ്ങളുടെ പകുതിയോളം ഉപയോക്താക്കളും ഇതിന്റെ പ്രയോജനം ആസ്വദിക്കുന്നുവെന്നും അവര്‍ പറയുന്നു. തങ്ങളോട് സൗഹാര്‍ദത്തിലാകാന്‍ ശ്രമിക്കുന്ന ആളുടെ പശ്ചാത്തലം ഉപയോക്താക്കള്‍ തന്നെ നേരിട്ടു പരിശോധിക്കുന്നു. ഇതൊരു മികച്ച സുരക്ഷാ ഫീച്ചറാണ്.

∙ അപകടത്തില്‍ പെടേണ്ടെങ്കില്‍ സ്ത്രീകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇതാ

ടിന്‍ഡര്‍ വഴി ബോയ്ഫ്രണ്ടിനെ കണ്ടെത്തിയ ഡെറിയന്‍ ഡഗ്ലസ് പറയുന്നത് കൂടുതല്‍ സുരക്ഷാ ഫീച്ചര്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ്. മുന്‍ പരിചയമില്ലാത്ത ആളുകള്‍ ആപ്പിലൂടെ പരിചയപ്പെട്ട ശേഷം നേരിട്ട് കാണാന്‍ പോകുന്ന സമയത്തും മറ്റും ആപ്പിന് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കണമെന്നാണ് ഡെറിയന്‍ പറയുന്നത്. പക്ഷേ, ആപ് ഇടപെട്ടാലും ഇല്ലെങ്കിലും സന്തം സുരക്ഷ ഉറപ്പാക്കാനുള്ള ഉപായവും ഡെറിയന്‍ വെളിപ്പെടുത്തുന്നുണ്ട്.

∙ അപകടത്തിലാകേണ്ടെങ്കില്‍ സത്യം വേണ്ടപ്പെട്ടവരോട് പറഞ്ഞേക്കുക

ആപ്പിലൂടെയും മറ്റും പരിചയപ്പെട്ട ആരെയെങ്കിലും കാണാന്‍ പോകുന്നതിനു മുൻപ് താന്‍ തന്റെ കുടുംബത്തോടും കൂട്ടുകാരോടും അക്കാര്യം പറയുമെന്നാണ് ഡെറിയന്‍ പറയുന്നത്. താന്‍ എവിടേക്കാണു പോകുന്നതെന്നും വ്യക്തമായി പറയും. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മടങ്ങി വന്നില്ലെങ്കില്‍ എന്നെ വന്നു കണ്ടുപിടിക്കണമെന്നു പറഞ്ഞിട്ടാണ് പോകുന്നതെന്ന് അവര്‍ പറയുന്നു. ഡേറ്റിങ്ങിനു പോയി അപകടത്തിലായ പല ഭയപ്പെടുത്തുന്ന വാര്‍ത്തകളും നിരന്തരം കേള്‍ക്കുന്ന കാര്യം ഡെറിയന്‍ ഓര്‍മപ്പെടുത്തുന്നു.

∙ സ്വന്തം സുരക്ഷ ആപ്പിനെ ഏല്‍പിക്കേണ്ടെന്ന് ലിസി

മിഡില്‍സ്ബറോയില്‍ നിന്നുള്ള ലിസി എന്ന ടിന്‍ഡര്‍ ഉപയോക്താവിനും പറയാനുളളത് സ്വന്തം സുരക്ഷയ്ക്കായി സ്വയം മുന്‍കൈ എടുക്കണമെന്നു തന്നെയാണ്. ആപ്പിലുള്ള സുരക്ഷാ ഫീച്ചറുകളെയല്ല ആശ്രയിക്കേണ്ടത്. ആ ഉത്തരവാദിത്തം താന്‍ നേരിട്ട് ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്ന് ലിസി പറയുന്നു. മുന്‍ പരിചയമില്ലാത്ത ആളുമായി ഡേറ്റിങ്ങിനു പോകുമ്പോള്‍ തന്റെ ലൊക്കേഷന്‍ കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കും എന്നാണ് ലിസി പറയുന്നത്.

ഡേറ്റിങ്ങിനു പോയി മോശം അധിക്ഷേപം നേരിട്ട ജൊഹാനസ്ബര്‍ഗ് സ്വദേശി ഡിംഫോ തെപ പറയുന്നത്, താന്‍ ഡേറ്റിങ്ങിനു പോകുന്ന കാര്യം രണ്ടു കൂട്ടുകാരോടെങ്കിലും വെളിപ്പെടുത്തുമെന്നാണ്. കൂടാതെ, വാട്‌സാപ്പിൽ സാദാ ലൈവ് ലൊക്കേഷനും നല്‍കും.

∙ 19 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചു

ഡേറ്റിങ്ങുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന, 19 വയസ്സിൽ താഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന് കണക്കുകള്‍ പറയുന്നു. 'ഡേറ്റിങ്‌സ് ഡെയ്ഞ്ചറസ് സീക്രട്ട്‌സ്' എന്ന ബിബിസി ഡോക്യുമെന്ററി ഇത്തരം അക്രമങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്.

US-TINDER-CO-FOUNDERS-SUE-FORMER-PARENT-COMPANY-FOR-$2-BILLION

∙ ഡേറ്റിങ്ങില്‍ പാലിക്കേണ്ട പൊതു നിയമങ്ങള്‍

ആപ് വഴി കണ്ടെത്തിയ അപരിചിതനുമായി ഡേറ്റിങ്ങിനു പോകുന്ന പെണ്‍കുട്ടികളും സ്ത്രീകളും നിര്‍ബന്ധമായും പാലിക്കേണ്ട ചില പൊതു നിയമങ്ങള്‍ ഇതാ:

1. ആദ്യ ഡേറ്റിന് ഒരു പൊതു സ്ഥലത്തുവച്ച് കണ്ടുമുട്ടുക
2. സന്ധിക്കാന്‍ തീരുമാനിച്ച സ്ഥലത്തേക്ക് തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ ബോയ്ഫ്രണ്ടിനെ ക്ഷണിക്കരുത്
3. താന്‍ എവിടെ താമസിക്കുന്നു തുടങ്ങിയ വിശദാംശങ്ങളും നല്‍കരുത്
4. താന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഒന്നിലേറെ കൂട്ടുകാരെയോ ബന്ധുക്കളെയോ ഉറപ്പായും അറിയിച്ചിരിക്കണം
5. ഫോണില്‍ ലൊക്കേഷന്‍ സര്‍വീസസ് ഓണ്‍ ചെയ്തു വച്ചിരിക്കണം.

English Summary: Tinder: Women's safety now at the heart of the app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com