ADVERTISEMENT

ഇപ്പോള്‍ അമേരിക്കയില്‍ ആപ്പിൾ ആപ് സ്റ്റോറിലെ ഫ്രീ ആപ്പുകളുടെ പട്ടികയില്‍ മുന്നിലുള്ള ആപ്പിന്റെ പേര് കേട്ടിട്ടുണ്ടോ? ബീറിയല്‍ (BeReal) എന്ന ആപ്പാണ് ടിക്‌ടോക്, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകളെ പിന്തള്ളി ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതെന്ന് ആപ്‌ഫോളോ.ഐഒയുടെ റാങ്കിങ്ങില്‍ കാണാം. നിലവിലെ സമൂഹ മാധ്യമ സംസ്‌കാരത്തിനെതിരെയുള്ള പ്രതികരണമാണ് ഈ ആപ് എന്നു പറയാം. എന്താണ് ബീറിയലിനെ വ്യത്യസ്തമാക്കുന്നത്? ഇന്ത്യന്‍ യുവജനങ്ങള്‍ക്കിടയിലും ബീറിയല്‍ ഒരു ജ്വരമായി പടരുമോ? മറ്റൊരു ആപ്പും ഇന്നേവരെ പരീക്ഷിക്കാത്ത ചില ഫീച്ചറുകളുള്ള ബീറിയലിനെക്കുറിച്ച് അറിയാം:

∙ യാഥാര്‍ഥ്യത്തിന് ഊന്നല്‍

ഒരാള്‍ തന്റെ (സാമൂഹിക) ജീവിതത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആപ്പുകളാണ് ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് തുടങ്ങിയവ. അയാൾ പകര്‍ത്തുന്ന ചിത്രങ്ങളില്‍നിന്നും വിഡിയോകളില്‍നിന്നും തിരഞ്ഞെടുത്തവയോ എഡിറ്റ് ചെയ്തവയോ ആയിരിക്കും ഇവയിൽ ഇടുക. അതേസമയം, ബീറിയലില്‍ യാഥാര്‍ഥ്യത്തിനാണ് ഊന്നല്‍. യഥാര്‍ഥമായതു കാണിക്കൂ എന്നാണ് ബീറിയല്‍ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ യഥാര്‍ഥ മുഖം തന്നെ പങ്കുവയ്ക്കൂ എന്നാണ് പുതിയ വൈറല്‍ ആപ്പിന് പറയാനുള്ളത്. പ്രതീക്ഷിക്കാത്തപ്പോള്‍ പോസ്റ്റ് ഇടാന്‍ ആവശ്യപ്പെടും എന്നതാണ് ഇതിന്റെ പല സവിശേഷതകളില്‍ ഒന്ന്.

∙ ബീറിയല്‍ ഇതുവരെ കണ്ട എല്ലാ ആപ്പുകളില്‍നിന്നും വ്യത്യസ്തം

നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് ആപ് വഴി ക്യാമറ തുറന്ന് ഫോട്ടോ പകര്‍ത്തി കൂട്ടുകാരുമായി പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന് സമയ പരിമിതിയും ഉണ്ട്. രണ്ടു മിനിറ്റ് മാത്രമാണ് ഇതിനായി ലഭിക്കുക. അതായത്, ഫോട്ടോ എടുക്കുന്ന സമയത്ത് നിങ്ങള്‍ക്കു ചുറ്റും എന്താണോ സംഭവിക്കുന്നത് അത് പകര്‍ത്താനല്ലാതെ, മറ്റെന്തെങ്കിലും കൂടി ഉള്‍ക്കൊള്ളിക്കാനുള്ള സമയം ലഭിക്കില്ല. പങ്കുവയ്ക്കുന്ന ഫോട്ടോ നിങ്ങളുടെ ഫോളോവര്‍മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്താം. അല്ലെങ്കില്‍ ആർക്കും കാണാവുന്ന രീതിയിലും പങ്കുവയ്ക്കാം. ഫോട്ടോ എടുക്കാനായി ആപ്പ് തുറക്കുമ്പോള്‍ യാഥാര്‍ഥ്യം പകര്‍ത്താനുള്ള സമയമായി എന്ന അര്‍ഥത്തില്‍ Time to BeReal എന്ന സന്ദേശം ആപ്പില്‍ പ്രദര്‍ശിപ്പിക്കും. അപ്പോള്‍ മുതല്‍ നിങ്ങളുടെ രണ്ടു മിനിറ്റ് സമയം തുടങ്ങും.

∙ പ്രധാന ക്യാമറയും സെല്‍ഫി ക്യാമറയും പ്രവര്‍ത്തിപ്പിക്കും

ഷട്ടര്‍ അമര്‍ത്തുമ്പോള്‍ ആദ്യം പിന്‍ ക്യാമറയില്‍ പതിയുന്ന ദൃശ്യം പകര്‍ത്തും. തുടര്‍ന്ന് ഒരു സെക്കന്‍ഡോ മറ്റോ കഴിയുമ്പോള്‍ സെല്‍ഫി ക്യാമറ വഴിയും ഫോട്ടോ എടുക്കും. ഇതു രണ്ടും ചേര്‍ത്ത് നിങ്ങളുടെ ബീറിയല്‍ പേജില്‍ ഇടുകയാണ് ആപ് ചെയ്യുന്നത്. ഇരു വശത്തു നിന്നും ഫോട്ടോ എടുക്കുക എന്ന ആശയമാണ് ഇവിടെ പ്രാവര്‍ത്തികമാക്കുക. സെല്‍ഫി എടുക്കുന്ന സമയത്ത് നിങ്ങള്‍ തയാറായി നില്‍ക്കുകയല്ലെങ്കില്‍ ബീറിയല്‍ വെബ്‌സൈറ്റില്‍ വരുന്ന നിങ്ങളുടെ ഫോട്ടോ പരമ ബോറാകാം. (ഇരു ക്യാമറകളും പ്രവര്‍ത്തിപ്പിക്കുന്ന ബീറിയലിന്റെ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം കോപ്പിയടിച്ചു കഴിഞ്ഞു. എന്നാല്‍, എഡിറ്റിങ് സാധ്യമായ ഇന്‍സ്റ്റഗ്രാമിലേതു പോലെയല്ല ബീറിയലില്‍ എന്നത് കൂടുതല്‍ പേരെ പുതിയ ആപ്പിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.)

∙ വേറെയും ഉണ്ട് 'ചടങ്ങുകള്‍'

ആദ്യം ആപ് തുറക്കുമ്പോള്‍ നിങ്ങളോട്, അപ്പോള്‍ത്തന്നെ ഒരു ബീറിയല്‍ ചിത്രം ഇടാന്‍ ആവശ്യപ്പെടും. രണ്ടു മിനിറ്റിനുള്ളില്‍ നിങ്ങളുടെ പുതിയ പോസ്റ്റ് ഇടാന്‍ സാധിച്ചില്ലെങ്കില്‍ ലേറ്റ് ആയി എന്നു കാണിക്കും. കൂടാതെ, അന്നേ ദിവസം നിങ്ങളുടെ സുഹൃത്തുക്കളും മറ്റും ഇടുന്ന ഫോട്ടോകള്‍ കാണാന്‍ സാധിക്കുകയുമില്ല.

∙ ആപ് തുടങ്ങിയത് 2020ല്‍

ബീറിയല്‍ തുടങ്ങിയത് 2020ല്‍ ആണെങ്കിലും അതിന്റെ ശുക്രനുദിച്ചത് 2022ല്‍ ആണ്. പ്രത്യേകിച്ചും ജെന്‍ സെഡ് (Gen Z- 1997-2012നും ഇടയ്ക്കു ജനിച്ചവര്‍) ബീറിയലിനെ ഏറ്റെടുത്തതോടെ അതിന്റെ വിജയക്കുതിപ്പു തുടങ്ങി. ഇതിന്റെ ആഘാതത്തില്‍, ഗൂഗിളിനെ പോലും കീഴടക്കിയ ടിക്‌ടോക്കിനു വരെ ക്ഷീണമുണ്ടായെന്ന് ആന്‍ഡ്രോയിഡ് പൊലീസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ട്വിറ്ററിലും ടിക്‌ടോകിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ബീറിയല്‍ ഉപയോഗിച്ചവര്‍ അതിനെ പുകഴ്ത്തുകയും മറ്റുള്ളവരോട് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായി വന്‍ കുതിപ്പാണ് ആപ്പിനു ലഭിച്ചത്.

പദപ്രശ്‌നം അവതരിപ്പിച്ച വേഡ്ല്‍ (Wordle) എന്ന ആപ്പിന് കഴിഞ്ഞ വര്‍ഷം ലഭിച്ച അപ്രതീക്ഷിത വിജയത്തോടാണ് പലരും ബീറിയലിന്റെ കുതിപ്പിനെ താരതമ്യം ചെയ്യുന്നത്. വേഡ്ല്‍ ദിവസം ഒരു തവണയെ കളിക്കാനാകൂ. ഇതിനാല്‍ത്തന്നെ വാട്‌സാപും ഫെയ്‌സ്ബുക്കും ഒക്കെ പോലെ ഒരു ദിവസം തന്നെ പല തവണ എടുത്തു നോക്കാന്‍ തോന്നിക്കുന്ന ആസക്തി വളര്‍ത്തുന്നില്ല.

ആപ്പുകളുടെ ഡൗണ്‍ലോഡ് വിവരങ്ങളും മറ്റും ശേഖരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന കമ്പനിയായ സെന്‍സര്‍ ടവര്‍ ജൂലൈ 19ന് പ്രസിദ്ധീകരിച്ച കണക്കു പ്രകാരം ആന്‍ഡ്രോയിഡിലും ഐഒഎസിലുമായി 20 ദശലക്ഷത്തിലേറെ തവണ ബീറിയല്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഈ മാസത്തെ കണക്ക് അതിലൊക്കെ വലുതായിരിക്കുമെന്നും, വരുന്ന ആഴ്ചകളിലും ആപ് കുതിപ്പു തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

∙ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ശല്യം ഇല്ല

മറ്റെല്ലാ പ്രധാന സമൂഹമാധ്യമങ്ങളിലും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പിടിമുറുക്കിയിട്ടുണ്ട്. ഇതില്‍ അങ്ങനെയില്ല. ഒരുപക്ഷേ സാധിക്കുകയുമില്ല എന്നതും ബീറിയലിനെ വ്യത്യസ്തമാക്കുന്നു. ഇതിനെ ഒരു ഇന്‍സ്റ്റഗ്രാം വിരുദ്ധ ആപ്പായും ചിത്രീകരിക്കുന്നവരുണ്ട്.

∙ ബീറിയല്‍ എങ്ങനെ ഉപയോഗിക്കാം

ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഒരു അക്കൗണ്ട് ഉണ്ടാക്കണം. ഉപയോക്താവ് പേരും വയസും ഫോണ്‍ നമ്പറും നല്‍കണം. എന്നാല്‍, ഇമെയില്‍ ബീറിയല്‍ ചോദിക്കുന്നില്ല. ഫോണ്‍ നമ്പറിലേക്ക് നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്നറിയാന്‍ ഒരു സന്ദേശം അയയ്ക്കും. ഇതിനു ശേഷം ലോഗ്-ഇന്‍ ചെയ്യാം. പിന്നെ നിങ്ങള്‍ക്ക് കോണ്ടാക്ട്‌സില്‍ നിന്ന് നേരിട്ട് സുഹൃത്തുക്കളെ ആഡ് ചെയ്യാം. ഈ സമയത്ത് കോണ്ടാക്ട്‌സിലുള്ള ആര്‍ക്കൊക്കെ ബീറിയല്‍ അക്കൗണ്ട് ഉണ്ട് എന്നും അറിയാനാകും.

∙ മറ്റൊരു ആപ്പും പരീക്ഷിച്ചിട്ടില്ലാത്ത ഫീച്ചറുകള്‍

ആപ്പിന്റെ മറ്റേതെങ്കിലും വശങ്ങളെപ്പറ്റി അന്വേഷിച്ചു തുടങ്ങുന്നതിനു മുൻപേ ഉപയോക്താവിനോട് ആദ്യത്തെ ബീറിയല്‍ പോസ്റ്റ് ഇടാന്‍ ആവശ്യപ്പെടും. ഫോട്ടോ എത്ര തവണ വേണമെങ്കിലും എടുക്കാം. എന്നാല്‍ കൂട്ടുകാര്‍ക്ക് നിങ്ങള്‍ എത്ര തവണ ഫോട്ടോ എടുത്തുവെന്ന് അറിയാനാകും. ഈ കടമ്പ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ പോസ്റ്റുകള്‍ കാണാം. മറ്റുള്ളവരുടെ പോസ്റ്റുകളോട് പ്രതികരിക്കാനും അവസരമുണ്ട്.

പരമ്പരാഗത ഇമോജിക്കു പകരം നിങ്ങളുടെ മുഖത്തിന്റെ തന്നെ ചെറിയൊരു പതിപ്പായിരിക്കും മറ്റുള്ളവരുടെ പോസ്റ്റിന്റെ പ്രതികരണത്തിനായി ഉപയോഗിക്കുക. ഇതിനായി ഒരു ഫോട്ടോ എടുക്കേണ്ടി വരും. ഇത് ചലര്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ലെന്നും പറയുന്നു. പക്ഷേ, നിലവിലുള്ള ആപ്പുകളില്‍നിന്ന് ബീറിയലിനെ വ്യത്യസ്തമാക്കുന്ന ഫീച്ചറുകളിലൊന്നായാണ് ഇതിനെയും കാണുന്നത്. മറ്റൊരു സമൂഹ മാധ്യമവും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഈ രീതിയും ആപ്പിനെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു.

∙ എപ്പോഴാണ് ബീറിയലിന്റെ നോട്ടിഫിക്കേഷന്‍ വരിക?

ഇതേപ്പറ്റിയും ആര്‍ക്കും ഉറപ്പൊന്നും ഇല്ല. ഒരോ ദിവസവും നോട്ടിഫിക്കേഷന്‍ വരുന്ന സമയത്തിന് മാറ്റം വന്നുകൊണ്ടിരിക്കും. ഇതേപ്പറ്റി ആകെ ഉറപ്പുള്ള ഒരു കാര്യം അത് ഏതു സമയത്തും ആകാമെന്നതു മാത്രമാണ്. ജോലിയിക്കിടയിലോ ഉറങ്ങാൻ കിടക്കുമ്പോഴോ ആകാം. ബീറിയലിന്റെ നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ നിങ്ങള്‍ ഫോണിന് അടുത്തുണ്ടോ, രണ്ടു മിനിറ്റിനുളളില്‍ ഒരു പോസ്റ്റ് ഇടാന്‍ സാധിക്കുമോ എന്നീ കാര്യങ്ങളാണ് പ്രധാനം.

∙ ബീറിയല്‍ സുരക്ഷിതമാണോ?

ഇതുവരെയുള്ള അവലോകനങ്ങള്‍ പറയുന്നത് ബീറിയല്‍ താരതമ്യേന സുരക്ഷിതമാണെന്നാണ്. അതേസമയം, ഏത് സമൂഹ മാധ്യമ ആപ്പും ഉപയോഗിക്കുന്നതില്‍ കുറച്ച് റിസ്‌ക് ഉണ്ടു താനും. നിങ്ങള്‍ എന്താണ് പങ്കുവയ്ക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയ ശേഷം മാത്രം പോസ്റ്റ് ഇടുക. നിങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ മറ്റുള്ളവര്‍ കാണും. അതായത് നിങ്ങളുടെ വ്യക്തി ജീവിതത്തിലെ പല നിമിഷങ്ങളും പച്ചയ്ക്കു പങ്കുവയ്‌ക്കേണ്ടി വന്നേക്കും. നിങ്ങളുടെ ലൊക്കേഷന്‍, ദിനചര്യകള്‍ തുടങ്ങിയവയൊക്കെ മറ്റുള്ളവര്‍ അറിഞ്ഞെന്നിരിക്കും. ഈ ആപ്പില്‍ ഡിഫോള്‍ട്ടായി ലൊക്കേഷന്‍ സര്‍വീസസ് എനേബിൾഡ് ആണ്. അത് വേണ്ടെങ്കില്‍ ഡിസേബിൾ ചെയ്യുന്നതും നന്നായിരിക്കും.

∙ പ്രതികരണം

പൊതുവെ മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്. എന്നാല്‍ ഇതിന്റെ രീതികള്‍ പിടിക്കാത്തവരും ഉണ്ട്. യുവജനങ്ങള്‍ ഏറ്റെടുത്തതോടെ എന്തായാലും ഈ വര്‍ഷം ഏറ്റവും ശ്രദ്ധ ലഭിക്കാന്‍ പോകുന്ന ആപ്പുകളിലൊന്നായി ബീറിയല്‍ ഇപ്പോള്‍ത്തന്നെ മാറിക്കഴിഞ്ഞു. ഇന്ത്യയിലും ബീറിയല്‍ വൈറലായാല്‍ അദ്ഭുതപ്പെടേണ്ട.

English Summary: What is BeReal, this year's first viral app?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com