ADVERTISEMENT

ജനപ്രിയ സമൂഹമാധ്യമം ഫെയ്സ്ബുക് വിട്ടുപോകുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ഫെയ്സ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കളിൽ 25 ശതമാനത്തിലധികം ഇടിവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദക്ഷിണ കൊറിയയിലെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ (MAU) എണ്ണത്തിൽ ഫെയ്സ്ബുക്കിന് 25 ശതമാനത്തിലധികം കുറവുണ്ടായതായി വ്യവസായ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

പ്രാദേശിക ഡേറ്റാ ട്രാക്കർ ഐജിഎവർ‍ക്സ് ( IGAworks) ന്റെ ഡേറ്റാ അനാലിസിസ് യൂണിറ്റായ മൊബൈൽ ഇൻഡെക്‌സ് അനുസരിച്ച് 2020 മേയിൽ ഫെയ്സ്ബുക് ഉപയോക്താക്കൾ 1.48 കോടിയായിരുന്നു എങ്കിൽ കഴിഞ്ഞ മാസം ഇത് 1.1 കോടിയിലെത്തി.

 

ഗൂഗിളിന്റെയും ആപ്പിളിന്റെയും മൊബൈൽ ആപ് സ്റ്റോറുകളിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിലാണ് കണക്ക്. ജൂലൈയിലെ കണക്കുകൾ പ്രകാരം 17 ശതമാനം ഇടിവാണ് കാണിക്കുന്നതെന്ന് യൊൻഹാപ് (Yonhap) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

 

ദക്ഷിണ കൊറിയയിലെ യുവ ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്ഥിരമായ ഇടിവാണ് താഴോട്ടുള്ള പ്രവണതയ്ക്ക് കാരണം. കൊറിയ ഇൻഫർമേഷൻ സൊസൈറ്റി ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 25 നും 38 നും ഇടയിൽ പ്രായമുള്ളവരിൽ ഫെയ്സ്ബുക്കിന്റെ ഉപയോഗ നിരക്ക് 2021 ൽ 27 ശതമാനമായാണ് രേഖപ്പെടുത്തിയത്. 2017 ൽ ഇത് 48.6 ശതമാനമായിരുന്നു.

 

ഫെയ്സ്ബുക്കിലെ നിരവധി കൗമാരക്കാരായ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ ഫെയ്സ്ബുക്കിലെ ഓൺലൈൻ പരസ്യങ്ങളെക്കുറിച്ചുള്ള പരാതികളും വർധിച്ചിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്യൂ റിസർച്ച് സെന്റർ നടത്തിയ അമേരിക്കൻ കൗമാരക്കാരുടെ (13 മുതൽ 17 വയസ്സ് വരെ) പുതിയ സർവേയിൽ മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള ഫെയ്സ്ബുക് വൻ പ്രതിസന്ധിയാണ് നേരിടാൻ പോകുന്നതെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കൗമാരക്കാരുടെ പങ്ക് 2014 ലെ 71 ശതമാനത്തിൽ നിന്ന് ഇപ്പോൾ 32 ശതമാനം വരെയായി കുറഞ്ഞിട്ടുണ്ട്.

 

ചൈനീസ് ഷോർട്ട്-ഫോം വിഡിയോ പ്ലാറ്റ്‌ഫോമായ ടിക്ടോക് ജനപ്രീതിയിൽ കുതിച്ചുയരുകയാണ്. ഏകദേശം 67 ശതമാനം കൗമാരക്കാർ പറയുന്നത് അവർ എപ്പോഴെങ്കിലും ടിക്ടോക് ഉപയോഗിക്കാറുണ്ടെന്നാണ്. കൗമാരക്കാരിൽ 16 ശതമാനവും ഇത് നിരന്തരം ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു.

 

English Summary: Facebook sees over 25% drop in monthly users in S.Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com