ADVERTISEMENT

സിനിമാ താരങ്ങളും അവരെപോലെ പ്രശസ്തരായ വ്യക്തികളും ഡേറ്റിങ് സൈറ്റില്‍ സൗഹൃദം തേടി എത്തുമോ? ഇക്കാര്യത്തെക്കുറിച്ച് ഗൗരവമുള്ള ഒരു ചര്‍ച്ച നടന്നത് 2020ല്‍ 'ബെയ്‌സിക് ഇന്‍സ്റ്റിങ്ക്ട്' താരം ഷാരന്‍ സ്‌റ്റോണ്‍ ഡേറ്റിങ് സേവനമായ ബംബിൾ തന്റെ അക്കൗണ്ട് പൂട്ടിച്ചെന്നു പറഞ്ഞ് രംഗത്തെത്തിയപ്പോഴായിരുന്നു. ഷാരണ്‍ സ്‌റ്റോണ്‍ എന്ന പേരിലുളള അക്കൗണ്ട് വ്യാജമാകാതെ തരമില്ല എന്നുപറഞ്ഞ് മറ്റു ഉപയോക്താക്കൾ റിപ്പോര്‍ട്ടു ചെയ്തപ്പോഴാണ് ബംബിൾ അക്കൗണ്ട് പൂട്ടിയത്. എന്നാല്‍, തന്റെ അക്കൗണ്ട് പൂട്ടിയെന്നു പറഞ്ഞ് ഷാരന്‍ നേരിട്ടെത്തിയപ്പോള്‍ അത് ടെക്‌ ലോകത്തിനു ഒന്നടങ്കം അത്ഭുതമായിരുന്നു.

∙ താരങ്ങള്‍ക്കും വേണം സ്‌നേഹം

ഷാരന്റെ അക്കൗണ്ട് വ്യാജമാണെന്ന് മറ്റു ഉപയോക്താക്കൾ കരുതാനുണ്ടായ കാരണം ബെയ്‌സിക് ഇന്‍സ്റ്റിങ്ക്ടിലെ താരം സാധാരണക്കാരെ പോലെ ഒരു ഡേറ്റിങ് സൈറ്റില്‍ സ്‌നേഹം അന്വേഷിച്ച് എത്തുമെന്ന് ആര്‍ക്കും കരുതാനാവില്ല എന്നതാണ്. ഒരു സിനിമാ താരത്തിന്റെയും മറ്റും പേജിലേക്ക് ചെല്ലാമെന്നു കരുതിയായിരിക്കില്ല ആരും ഡേറ്റിങ് സൈറ്റുകളിലെ പ്രൊഫൈലുകള്‍ പരിശോധിക്കുന്നതും. 

∙ താരങ്ങള്‍ക്കും പ്രേമവും സൗഹൃദവും വേണം

എന്നാല്‍, ഷാരന്‍ സ്‌റ്റോണ്‍ സംഭവത്തിനു ശേഷം നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയത് താരങ്ങളും മറ്റു പ്രമുഖരായ ആളുകളും സാധാരണക്കാരെ പോലെ സ്‌നേഹവും, ഉറ്റ സൗഹൃദവും, ഊഷ്മളതയും ഒക്കെ ആഗ്രഹിച്ച് ഡേറ്റിങ് സൈറ്റുകളില്‍ എത്തുന്നുണ്ട് എന്നാണ്. പക്ഷേ, ഷാരന്‍ സ്‌റ്റോണിനെ പോലെയല്ലാതെ പലരും ഇപ്പോള്‍ സൗഹൃദങ്ങള്‍ തേടി എത്തുന്നത് ബംബിളില്‍ അല്ല, മറിച്ച് റയാ (Raya) എന്ന ആപ്പിലാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

∙ റയായിലിലേക്ക് പ്രവേശനം എളുപ്പമല്ല

 

നമുക്കു പരിചയമുള്ള താരങ്ങള്‍ റയായില്‍ ഉണ്ടോ എന്നു പരിശോധിച്ചുകളയാമെന്നു കരുതി ആരെങ്കിലും റയായില്‍ പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ നിരാശയായിരിക്കും ഫലം. വളരെ കുറച്ചു പേര്‍ക്കുമാത്രമാണ് റയായില്‍ പ്രവേശനം ലഭിക്കുക. എന്നു പറഞ്ഞാല്‍, അതിപ്രശസ്തരായ നടീനടന്മാര്‍ക്കും മറ്റുമായി ഡേറ്റിങ് നടത്താമെന്നുള്ള പ്രതീക്ഷ ഏറക്കുറെ അസ്ഥാനത്താണ്. 

 

∙ എന്താണ് റയാ?

 

സര്‍ഗാത്മക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമായുള്ള ഒരു ഡേറ്റിങ് ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോം എന്ന വിവരണവുമായി  2015ല്‍ ആണ് റയാ തുടങ്ങുന്നത്. ഇതില്‍ ഏതൊക്കെ സെലബ്രിറ്റികള്‍ ഉണ്ടെന്ന കാര്യം പുറത്ത് ആര്‍ക്കും തന്നെ അറിയില്ല. പ്രശസ്ത നടിയും മോഡലുമായ കാരാ ഡെലവീന്‍, ഓസ്‌ട്രേലിയന്‍ നടിയും മോഡലും ടെലിവിഷന്‍ പ്രസന്ററുമായ റൂബി റോസ്, അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ അലക്‌സാണ്ടര്‍ വാങ്, വിഖ്യാത നടന്‍ ആര്‍ണള്‍ഡ് ഷാസനെഗറുടെ മകനും നടനും ബിസിനസുകാരനുമായ പാട്രിക് ഷാസനെഗര്‍ തുടങ്ങി നിരവധി പ്രശസ്തര്‍ റയായില്‍ ഉണ്ടെന്നാണ് ശ്രുതി.

 

താന്‍ നടന്‍ വില്‍മര്‍ വെല്‍ഡരാമയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം റയാ ഉപയോഗിച്ചു തുടങ്ങിയിരുന്നതായി നടി ഡെമി ലൊവാറ്റോ തുറന്നു പറഞ്ഞിരുന്നു. അതുപോലെ താന്‍ ഡേവിഡ് ഹാര്‍ബറെ റയായില്‍ വച്ചാണ് കണ്ടുമുട്ടിയതെന്ന് ലിലി അലെന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റു ഭാഷകളിലുള്ള സെലബ്രിറ്റികളില്‍ എത്ര പേര്‍ റയാ ഉപയോഗിക്കുന്നുണ്ട് എന്ന് ഒരു ധാരണയുമില്ലെന്നാണ് പറയുന്നത്.

 

∙ റയായില്‍ അംഗത്വം നേടാന്‍ എളുപ്പമേയല്ല

 

ഡേറ്റിങ് ആപ്പുകള്‍ക്കിടയില്‍ റയാ അറിയപ്പെടുന്നത് ടിന്‍ഡര്‍ ഇലുമിനാറ്റി എന്നാണ്. ഇതില്‍ അംഗത്വം നേടുക എന്നു പറയുന്നത് വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. അംഗങ്ങളായ മൂന്നു പേര്‍ നിര്‍ദേശിച്ചാല്‍ മാത്രമാണ് പുതിയ ഒരാളെ ആപ്പിനു പിന്നിലുള്ളവര്‍ പരിഗണിക്കുക. അതുകഴിഞ്ഞ് പേരറിയാത്ത ഒരു കൂട്ടം വിധികര്‍ത്താക്കള്‍ ചേര്‍ന്നാണ് അപേക്ഷ നല്‍കിയ ആള്‍ക്ക് അംഗത്വം നല്‍കണമോ എന്ന തീരുമാനം എടുക്കുന്നത്. റയായില്‍ ഇപ്പോള്‍ ഉള്ളതിന്റെ പത്തു മടങ്ങ് ആളുകള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നു പറയുന്നു. 

 

ന്യൂ യോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അപേക്ഷ അയയ്ക്കുന്നവരില്‍ 8 ശതമാനം പേര്‍ക്കു മാത്രമാണ് അംഗത്വം നല്‍കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ലോക പ്രശസ്ത സ്ഥാപനമായ ഹാര്‍വര്‍ഡ് ബിസിനസ് സ്‌കൂളില്‍ ലഭിക്കുന്ന അപേക്ഷകള്‍ തള്ളുന്നതിനെക്കാള്‍ അപേക്ഷകള്‍ റയാ നിരസിക്കുന്നു!

 

∙ മാസവരി അടയ്ക്കണം

 

ഇതിനൊക്കെ പുറമെ മാസവരിയും നല്‍കണം. പ്രതിമാസം 9.99 ഓസ്‌ട്രേലിയന്‍ ഡോളറാണ് നല്‍കേണ്ടത്. ഇതിനു പുറമെ ഉപയോക്താവ് ഒരു നിശ്ചിത എണ്ണം പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ അധിക തുക നല്‍കിയാല്‍ മാത്രമാണ് കൂടുതല്‍ പ്രൊഫൈലുകള്‍ കാണാന്‍ സാധിക്കുക. ഇതിനും 4.99 ഡോളര്‍ നല്‍കണം. സമാനമനസ്‌കരായ ആളുകള്‍ക്ക് പരസ്പരം കണക്ടു ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം എന്നാണ് റിയായുടെ സ്വയം വിവരണം തന്നെ. ഈ വിവരണത്തിനൊത്ത ആളാണോ അപേക്ഷ നല്‍കിയിരിക്കുന്നത് എന്നാണ് ആഗോള തലത്തിലുള്ള കമ്മിറ്റി പരിശോധിക്കുന്നത്.

 

∙ സ്‌നേഹവും ലൈംഗികതയും പുനര്‍നിര്‍വചിച്ച് ഡേറ്റിങ് ആപ്പുകള്‍

 

നേരത്തേ നിലനിന്നിരുന്ന സ്‌നേഹം, ലൈംഗികത തുടങ്ങിയ ധാരണകളെ ഡേറ്റിങ് ആപ്പുകള്‍ മാറ്റിമറിച്ചു കഴിഞ്ഞുവെന്ന് ഗവേഷകര്‍ പറയുന്നു. റയായിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം ആളുകള്‍ പരസ്പരം ഇടപെടുമ്പോള്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യത്തെക്കുറിച്ച് ആരായാന്‍ സാധ്യമല്ലെന്ന് ദി കോണ്‍വര്‍സേഷന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കാരണം ആരെല്ലാമാണ് ആപ്പ് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞാലല്ലെ അവരുടെ പ്രതികരണം തേടാനാകുക. അതേസമയം, റയായ്ക്ക് ഒരു കൂട്ടം ബി ഗ്രേഡ് യൂസര്‍മാരുമുണ്ട്. അവര്‍ താരങ്ങളോ, ഇന്‍ഫ്‌ളുവന്‍സര്‍മാരോ അല്ല. അവര്‍ക്ക് സെലബ്രിറ്റികള്‍ക്കു ലഭിക്കുന്നതു പോലെയുള്ള പരിഗണനയല്ല ഉള്ളത്. 

 

∙ ആപ്പില്‍ എന്തുകാണാനാകും?

 

മറ്റ് സമൂഹ മാധ്യമങ്ങളെപ്പോലെയല്ലാതെ ഇതിലുള്ള ഫൊട്ടോകളിലേറെയും പ്രൊഫഷണലുകള്‍ എടുത്തതാണെന്നു പറയുന്നു. പ്രൊഫൈലുകളിലുള്ള ചിത്രങ്ങള്‍ സ്ലൈഡ് ഷോയിലെന്ന പോലെയാണ് കാണുന്നത്. പ്രൊഫൈലുകളില്‍ ഇന്‍സ്റ്റഗ്രാം ലിങ്കുകളും ഉണ്ട്. ഒരാളുടെ പ്രൊഫൈല്‍ ഇഷ്ടപ്പെട്ടാല്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഇത് ഉപകരിക്കും. സ്‌ക്രീന്‍ ഷോട്ടുകളും മറ്റും ആപ്പില്‍ അനുവദനീയമല്ല. 

 

അതേസമയം, റയായില്‍ ധാരാളമായി ഇന്‍ഫ്‌ളുവന്‍സര്‍മാരുണ്ട്. ചില സെലബ്രിറ്റികള്‍ക്ക് ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഇഷ്ടമല്ല. അത്തരക്കാര്‍ പറയുന്നത് റയാ വെറുതെ സമയം മെനക്കെടുത്തുന്ന ഒരു ഡേറ്റിങ് സൈറ്റാണെന്നാണ്. 

 

∙ ധ്രൂവീകരണം

 

പല മുഖ്യധാര ഡേറ്റിങ് ആപ്പുകളിലും വെളളക്കാര്‍ക്കായി ഒരു ധ്രൂവീകരണം നടക്കുന്നുവെന്ന് ആരോപണമുണ്ട്. അത്തരം സൈറ്റുകളില്‍ ചിലരെല്ലാം ഏഷ്യക്കാര്‍ സമീപിക്കേണ്ടെന്ന് പ്രൊഫൈലില്‍ തന്നെ എഴുതിവച്ചിട്ടുണ്ടെന്നും പറയുന്നു. അതേസമയം, റയാ പോലെയുള്ള ആപ്പുകളാകട്ടെ, സെലബ്രിറ്റികളുടെ സ്‌നേഹം ചുരുക്കം ചിലര്‍ക്കു മാത്രം ലഭിക്കുന്നതായി മാറ്റുകയും ചെയ്യുന്നു.

 

English Summary: Raya the celebrity dating app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com