ADVERTISEMENT

ഇക്കഴിഞ്ഞ ഏപ്രിലില്‍ സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഒപ്പിടുന്നതിന് അഞ്ചു ദിവസം മുൻപ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് നടത്തിയ ഒരു 'ആത്മഗതം' ആണ് 'ട്വിറ്റര്‍ മരിക്കുകയാണോ' എന്ന്. അത് ശരിവയ്ക്കുന്ന ഒരു പറ്റം രേഖകളാണ് ട്വിറ്റര്‍ കമ്പനിക്കുളളില്‍ നിന്ന് റോയിട്ടേഴ്‌സിന്റെ പ്രതിനിധി കാണാനിടയായത്. കമ്പനി നടത്തിയ ഗവേഷണ ഫലമാണ് രേഖകളിലുള്ളത്.

ട്വിറ്ററില്‍ നിന്നുള്ള ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് പൊതുവെ പരക്കുന്ന വാര്‍ത്തകളില്‍, പ്രശസ്തരായ ഏതാനും പേര്‍ ട്വിറ്റര്‍ ഉപേക്ഷിക്കുന്ന കാര്യം മാത്രമാണ് കേള്‍ക്കുന്നത്. എന്നാല്‍, അതല്ല യഥാര്‍ഥ സ്ഥിതിവിശേഷമെന്നാണ് രേഖകളില്‍ നിന്നു മനസിലാകുന്നത്. 'ഇടതടവില്ലാതെ' ട്വീറ്റു ചെയ്തിരുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നും ഏറ്റവുമധികം ട്വീറ്റുകള്‍ നടത്തുന്നവരെ പിടിച്ചു നിർത്താന്‍ ട്വിറ്റര്‍ പെടാപ്പാടു പെടുകയാണെന്നും പറയുന്നു. ഇത്തരക്കാരാണ് ട്വിറ്റര്‍ ബിസിനസിന്റെ ജീവന്‍തന്നെ. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ട്വിറ്റര്‍ വാങ്ങാനായി മസ്‌ക് മുടക്കുന്നത് 4400 കോടി ഡോളറാണ്.

∙ പതിവായി ട്വീറ്റു ചെയ്യുന്നവര്‍ വെറും 10 ശതമാനം

ഒരു മാസത്തെ കണക്ക് എടുത്താല്‍, ട്വിറ്റര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവരില്‍ വെറും 10 ശതമാനം പേരാണ് 90 ശതമാനം ട്വീറ്റുകളും നടത്തുന്നത്. ആഗോള തലത്തില്‍ ട്വിറ്ററിനു ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് ഇവരാണ്. ഇത്തരത്തിലുള്ള അമിത ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണമാണ് ഇടിയുന്നത്. കോവിഡ്-19 തുടങ്ങിയ സമയത്ത് ട്വിറ്ററിലെ ഒരു ഗവേഷകന്‍ ചോദിച്ച ചോദ്യമാണ്, 'ട്വീറ്റുകള്‍ നടത്തുന്നവരൊക്കെ എവിടെ പോയി' എന്ന്.

 

∙ ആരാണ് ഹെവി ട്വീറ്റര്‍?

 

ട്വിറ്ററിൽ ആഴ്ചയില്‍ 6-7 ദിവസം ലോഗ് ഇന്‍ ചെയ്ത് മൂന്നു നാലു ട്വീറ്റെങ്കിലും നടത്തുന്നവരെയാണ് ഹെവി ട്വീറ്റര്‍മാര്‍ എന്ന് ട്വിറ്ററിന്റെ രേഖകളില്‍ വിശേഷിപ്പിക്കുന്നത്. ഇംഗ്ലിഷില്‍ ഏറ്റവുമധികം ട്വീറ്റുകള്‍ നടത്തുന്നവരുടെ വിഷയങ്ങള്‍ പരസ്യം നല്‍കുന്നവര്‍ക്ക് ആകര്‍ഷകമല്ല. ഇത് ട്വിറ്ററില്‍ പരസ്യങ്ങള്‍ കുറയ്ക്കുന്നു. ഏറ്റവുമധികം ട്വീറ്റുകള്‍ നടത്തുന്നവരുടെ രണ്ടു പ്രധാന വിഷയങ്ങള്‍ ക്രിപ്‌റ്റോകറന്‍സിയും നഗ്നതയും പോണോഗ്രാഫിയും (എന്‍എസ്എഫ്ഡബ്ല്യു, നോട്ട് സെയ്ഫ് ഫോര്‍ വര്‍ക്) ആണ്. ഇത് രണ്ടും പരസ്യ ദാതാക്കള്‍ക്ക് താത്പര്യമില്ലാത്തവയാണ്. 

 

അതേസമയം, പരസ്യം കിട്ടാന്‍ താത്പര്യമുള്ള വാര്‍ത്ത, സ്‌പോര്‍ട്‌സ്, വിനോദ വ്യവസായം തുടങ്ങിയ മേഖലകളെക്കുറിച്ച് ട്വീറ്റുകള്‍ നടത്തുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടേ ഇരിക്കുന്നു എന്നത് ട്വിറ്ററിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ നഗരമധ്യത്തില്‍ നിന്ന് മെഗാഫോണ്‍ വഴി കാര്യങ്ങള്‍ വിളിച്ചു പറയുന്നവരെ പോലെ ട്വിറ്റര്‍ വഴി പുതിയ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നവരെയാണ് ട്വിറ്ററിനും പരസ്യക്കാര്‍ക്കും താതപര്യം. ലോകത്തോട് ട്വിറ്ററാകുന്ന മെഗാഫോണ്‍ വച്ച് വാര്‍ത്തകള്‍ വിളിച്ചു പറയുന്നവരാണ് കമ്പനിക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്നവര്‍. അവരുടെ എണ്ണമാണ് കുറയുന്നത്.

 

(Photo by Olivier DOULIERY / AFP)
(Photo by Olivier DOULIERY / AFP)

എത്ര ട്വീറ്റുകളാണ് ഇംഗ്ലിഷില്‍ നടത്തപ്പെടുന്നത് എന്നും അതില്‍ നിന്ന് എത്ര വരുമാനം ലഭിക്കുന്നു എന്നുമുള്ള കണക്കുകള്‍ പുറത്തുവിടാന്‍ ട്വിറ്റര്‍ താത്പര്യം കാണിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇതാണ് ട്വിറ്ററിന്റെ ബിസിനസിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അവസാന പാദത്തില്‍ അമേരിക്കയില്‍ നിന്നു മാത്രം മറ്റെല്ലാ വിപണികളില്‍ നിന്നും മൊത്തം ലഭിച്ചതിനേക്കാള്‍ വരുമാനം ലഭിച്ചു. അമേരിക്കയില്‍ ട്വിറ്ററിനു ലഭിക്കുന്ന പരസ്യങ്ങളേറെയും ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണു താനും. 

 

ട്വിറ്റര്‍ തന്നെ നടത്തിയ പഠനത്തില്‍ ഇംഗ്ലിഷ് ഭാഷയില്‍ ട്വീറ്റു ചെയ്യുന്നവരുടെ താത്പര്യങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തിയ്ത് അവര്‍ ആരുടെയൊക്കെ അക്കൗണ്ടുകളാണ് ഫോളോ ചെയ്യുന്നത് എന്നതിനെക്കുറിച്ച് പഠിച്ചാണ്. ഈ പഠനമാണ് ട്വിറ്റര്‍ ഉപയോക്താക്കളില്‍ വന്ന മാറ്റത്തെക്കുറിച്ച് കമ്പനിക്ക് അറിവു നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്കാണ് ഈ വലിയ മാറ്റം കണ്ടെത്തിയത്.

 

തങ്ങളെ അസ്വസ്ഥതപ്പെടുത്തുന്ന ട്രെന്‍ഡുകള്‍ ട്വിറ്റര്‍ കണ്ടെത്തിയത് ഈ പഠനത്തില്‍ നിന്നാണ്. ഹെവി യൂസര്‍മാരുടെ എണ്ണം കുറയുന്നു എന്നത് മറച്ചുപിടിക്കാന്‍ കമ്പനിക്കായത് ദൈനംദിന ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നു എന്ന കണക്കുകള്‍ നിരത്തിയാണ്. എന്നാല്‍, സജീവമായി ട്വീറ്റുകള്‍ നടത്തിയിരുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്, എന്ന് രേഖകളില്‍ നിന്നു കാണാം. എന്നാല്‍ എന്തുകൊണ്ടാണ് ഹെവി യൂസര്‍മാര്‍ ട്വിറ്റര്‍ വിടുന്നത് എന്നതിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും പഠനത്തില്‍ നിന്ന് കമ്പനിക്ക് ലഭിച്ചിട്ടുമില്ല.

 

In this photo illustration, a phone screen displays the Twitter account of Jeff Bezos on a Twitter page background, in Washington, DC, on April 26, 2022. - Billionaire Elon Musk is capturing a social media prize with his deal to buy Twitter, which has become a global stage for companies, activists, celebrities, politicians and more. (Photo by Olivier DOULIERY / AFP)
Photo by Olivier DOULIERY / AFP

ട്വിറ്റര്‍ നടത്തിയ ഗവേഷണത്തെക്കുറിച്ച പ്രതികരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞത്, തങ്ങള്‍ പതിവായി ഇത്തരത്തിലുള്ള പഠനങ്ങള്‍ നടത്താറുണ്ടെന്നും, ലോകമെമ്പാടുമുള്ള വിവിധ ട്രെന്‍ഡുകളെക്കുറിച്ച് അറിയുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നുമാണ്. തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം വളര്‍ച്ച കാണിച്ചിട്ടുണ്ടെന്ന് 2022 രണ്ടാം പാദത്തിലെ കണക്കുകളെ ഉദ്ധരിച്ച് വക്താവ് ചൂണ്ടിക്കാണിച്ചത്.

 

∙ ട്വിറ്റര്‍ നഗ്നത അനുവദിക്കുന്നു

 

മുഖ്യ സമൂഹ മാധ്യമങ്ങളില്‍ നഗ്നത അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ട്വിറ്റര്‍. ട്വിറ്ററില്‍ 13 ശതമാനം അഡള്‍ട്ട് കണ്ടെന്റ് ഉണ്ടെന്നാണ് കമ്പനി വിലയിരുത്തുന്നത്. ഈ കണ്ടെത്തല്‍ ട്വിറ്ററില്‍ നിന്നു ലഭിച്ച മറ്റൊരു രേഖയിലാണ് ഉള്ളതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. എന്നാല്‍, ഈ ശതമാനമൊക്കെ എങ്ങനെയാണ് കണ്ടെത്തിയത് എന്നതിനെക്കുറിച്ചും സൂചനയൊന്നുമില്ല. 

 

പരസ്യ ദാതാക്കള്‍ നഗ്നത, വിവാദം തുടങ്ങിയ വിഷയങ്ങള്‍ക്കായി പണം മുടക്കുന്നതില്‍ വിമുഖത കാട്ടുന്നു. അങ്ങനെ ചെയ്താല്‍ വന്‍കിട ബ്രാന്‍ഡുകള്‍ തങ്ങളെ വിട്ടുപോയേക്കുമെന്ന ഭയമാണ് കാരണം. പ്രധാന പരസ്യ ദാതാക്കളായ ഡൈസണ്‍, പിബിഎസ് കിഡ്‌സ്, ഫോര്‍ബ്‌സ് തുടങ്ങിയവര്‍ കുട്ടികളുടെ പോണോഗ്രാഫി കണ്ടുവെന്ന കാരണത്താല്‍ ട്വിറ്ററിനു പരസ്യം നല്‍കുന്നതു നിർത്തിയ കമ്പനികളാണ്. ഇതെക്കുറിച്ച് കമ്പനി വക്താവ് പറഞ്ഞത് തങ്ങള്‍ കുട്ടികളുടെ അശ്ലീലം പ്രചരിപ്പിക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കാറില്ലെന്നാണ്. ഇത്തരം ഉള്ളടക്കത്തിനെതിരെ കൂടുതല്‍ നടപടി കൈക്കൊള്ളുമെന്നും കമ്പനി വക്താവ് പറഞ്ഞു.

 

ട്വിറ്ററിന്റെ ഇംഗ്ലിഷ് ഉപയോക്താക്കള്‍ക്കാണെങ്കില്‍ ക്രപ്‌റ്റോകറന്‍സി ഭ്രമവും വര്‍ധിച്ചു വരികയാണ്. ഇത് 2021ല്‍ മൂര്‍ധന്യത്തിലെത്തിയിരുന്നു എന്നും ട്വിറ്ററില്‍ നിന്നു ലഭിച്ച രേഖയില്‍ കാണാം. എന്നാല്‍, ക്രിപ്‌റ്റോ കറന്‍സിയുടെ തകര്‍ച്ച തുടങ്ങിയതോടെ ട്വിറ്റര്‍ ഉപയോക്താക്കളുടെ താത്പര്യവും കുറഞ്ഞിട്ടുണ്ട്. ക്രിപ്‌റ്റോ മേഖലയില്‍ അടുത്ത് വളര്‍ച്ചയ്ക്കുള്ള സാധ്യതയില്ലെന്നും പറയുന്നു. 

 

∙ ഇനി മസ്‌ക് വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമോ?

 

മസ്‌ക് ആണെങ്കില്‍ കണ്ടെന്റ് മോഡറേഷന്‍ കുറയ്ക്കണമെന്ന് പറയുന്ന ആളാണ് എന്നത് ട്വിറ്ററിന് അധിക തലവേദനയായി മാറുമോ എന്ന കാര്യത്തില്‍ ട്വിറ്ററിലെ ഇപ്പോഴത്തെ ജോലിക്കാരും പിരിഞ്ഞുപോയവരും ആശങ്ക പ്രകടിപ്പിച്ചു. മസ്‌കിന് ട്വിറ്റര്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ ഉദ്ദേശമുണ്ട് എന്നതും കണക്കിലെടുത്താല്‍ പ്രശ്‌നം വഷളായേക്കാം.

 

ലോക വാര്‍ത്തകള്‍, വിശാല രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങിയവ വീണ്ടും ചൂടുപിടിച്ചു കാണാന്‍ ട്വിറ്റര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരും പ്ലാറ്റ്‌ഫോം വിടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പലരും ട്വിറ്ററിന്റെ അടുത്ത എതിരാളികളായ ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് തുടങ്ങിയവയിലേക്ക് ചേക്കേറുകയാണ് എന്ന് ട്വിറ്റർ രേഖകളില്‍ തന്നെ കാണാം.

 

English Summary: Is Twitter dying?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com