ADVERTISEMENT

ടെക് ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫെയ്സ്ബുക്കിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിലനില്‍പ് വൻ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. മെറ്റാ കമ്പനിയുടെ (മുൻപ് ഫെയ്സ്ബുക്) മൂന്നാം പാദത്തിലെ ലാഭം ഒരു വർഷം മുൻപത്തെ 920 കോടി ഡോളറിൽ നിന്ന് (ഏകദേശം 75,700 കോടി രൂപ) പകുതിയിലധികം കുറഞ്ഞ് 440 കോടി ഡോളറായി (ഏകദേശം 36,210 കോടി രൂപ) റിപ്പോർട്ട് ചെയ്‌തു. വൻ സാമ്പത്തിക പ്രതിസന്ധിയാണ് മെറ്റാ നേരിടുന്നതെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ഉപയോക്താക്കളുടെ എണ്ണം കുത്തനെ കുറയുന്നുണ്ട്, ഇതോടൊപ്പം പരസ്യവരുമാനവും കുറഞ്ഞു. ഒരു വർഷം മുൻപ് കമ്പനിയുടെ വരുമാനം 2900 കോടി ഡോളറിൽ നിന്ന് ( ഏകദേശം 2,38,600 കോടി രൂപ ) 2770 കോടി ഡോളറായും ( ഏകദേശം 2,28,000 കോടി രൂപ ) ഇടിഞ്ഞു.

 

നിലവിലെ പ്രതിസന്ധികളിൽ നിന്ന് കരകയറി 2023 ൽ വൻ തിരിച്ചുവരവ് നടത്തുമെന്ന് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് പറഞ്ഞു. മൂന്നാം പാദ റിപ്പോർട്ട് വന്നതോടെ മെറ്റാ ഓഹരികൾ 19.1 ശതമാനം ഇടിഞ്ഞ് 105 ഡോളറിലെത്തി (ഏകദേശം 8,600 രൂപ), ഈ വർഷത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്നിൽ താഴെയാണ് ഇപ്പോഴത്തെ വില.

 

ഫെയ്‌സ്ബുക്കിലെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം സെപ്റ്റംബർ അവസാനത്തോടെ കേവലം രണ്ട് ശതമാനം ഉയർന്ന് 296 കോടിയിലെത്തിയതായി മെറ്റാ റിപ്പോർട്ട് ചെയ്തു. അതേസമയം, കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 87,314 ആയി ഉയർന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ്. 

 

കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഞങ്ങൾ ബോർഡിലുടനീളം കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മെറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സിലിക്കൺ വാലി ആസ്ഥാനമായുള്ള മെറ്റാ കമ്പനി അടുത്ത വർഷത്തിൽ ജീവനക്കാരുടെ എണ്ണം കുറച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ മെറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സക്കർബർഗ് പറഞ്ഞു.

 

ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, ടിക് ടോക്ക് ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്നുള്ള മത്സരം എന്നിവ കാരണം മെറ്റാ സമ്മർദത്തിലാണ്. കാര്യമായി പണം സമ്പാദിക്കാൻ സഹായിച്ചിരുന്നത് ഓൺലൈൻ പരസ്യങ്ങളാണ്. എന്നാൽ ഇതിന് ആപ്പിളും നിയന്ത്രണം കൊണ്ടുവന്നതോടെ മെറ്റ പ്രതിസന്ധിയിലായി. പരസ്യങ്ങൾ ടാർഗെറ്റുചെയ്യുന്നതിനായി ഓൺലൈൻ പ്രവർത്തനം ട്രാക്കുചെയ്യാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ ആപ്പിൾ കഴിഞ്ഞ വർഷം ഐഫോൺ ഉപയോക്താക്കൾക്ക് അനുവാദം നൽകിയിരുന്നു. ഇത് കാരണം ഈ വർഷം മെറ്റായ്ക്ക് 1000 കോടി ഡോളർ (ഏകദേശം 82,300 കോടി രൂപ) വരുമാനം നഷ്ടപ്പെടുമെന്നാണ് മെറ്റാ വക്താവ് പറഞ്ഞത്.

 

English Summary: Facebook-Parent Meta Says Q3 Profit Halved to $4.4 Billion YoY, Plans 'Significant Changes'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com