ഡീപ് ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഹോളിവുഡ് നടിമാരായ സ്‌കാര്‍ലറ്റ് ജോണ്‍സണും എലിസബത്ത് ഓല്‍സനുമാണ് വിഡിയോയില്‍ ഒരേ ഭാവങ്ങളോടെ പ്രത്യക്ഷപ്പെടുന്നത്. ഈ നടിമാരില്‍ ഒരാള്‍ ശരിക്കുള്ളതും മറ്റൊന്ന് ഡീപ് ഫേക് കൃത്രിമമായി നിര്‍മിച്ചതുമാണ്. ഒറ്റനോട്ടത്തില്‍ ഏതാണ് വ്യാജം എന്നത് തിരിച്ചറിയാനാവില്ല എന്നതാണ് വിഡിയോയെ ജനപ്രിയമാക്കുന്നത്.
ഒരേ പോലുള്ള ഹെയര്‍സ്‌റ്റൈലും വസ്ത്രങ്ങളും ധരിച്ചാണ് സ്‌കാര്‍ലെറ്റ് ജോണ്‍സണും എലിസബത്ത് ഓല്‍സനും വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മുഖഭാവങ്ങളിലും ചലനങ്ങളിലുമെല്ലാം രണ്ടും ഒരുപോലെ. തികച്ചും യാന്ത്രികമായ സാമ്യതയില്‍ പെരുമാറുന്ന ഇവരില്‍ ഏതാണ് വ്യാജനെന്ന് ചിലര്‍ കുത്തിയിരുന്ന് കണ്ടു പിടിക്കുക തന്നെ ചെയ്തു. എന്നാല്‍ ഡീപ് ഫേക് വിഡിയോ ആണെന്ന് അറിയാതെ ഈ വിഡിയോ കാണുന്നവര്‍ക്ക് തട്ടിപ്പ് തിരിച്ചറിയുക എളുപ്പമല്ല.
സ്‌കാര്‍ലെറ്റ് ജോണ്‍സന്റെ വിഡിയോയിലെ ലൈറ്റിങ്ങിലെ അപാകതകളും സംസാരിക്കുമ്പോള്‍ സ്‌കാര്‍ലെറ്റിന്റെ കഴുത്തിലുണ്ടാവുന്ന മാറ്റങ്ങളും പുരികത്തിലെ പ്രശ്‌നങ്ങളുമാണ് ചിലര്‍ കുത്തിയിരുന്ന് കണ്ടെത്തിയത്. അങ്ങനെയാണ് ഡീപ് ഫേക് വഴി നിര്‍മിച്ച വ്യാജന്‍ സ്‌കാര്‍ലെറ്റാണെന്ന് തിരിച്ചറിയാനായത്. ഇയാന്‍ ഗുഡ്‌ഫെലോ 2014ലാണ് ഡീപ് ഫേക് കണ്ടെത്തുന്നത്. ആപ്പിളിന്റെ സ്‌പെഷല്‍ പ്രൊജക്ട്‌സ് ഗ്രൂപ്പിലെ മെഷീന്‍ ലേണിങ് ഡയറക്ടറായിരുന്നു ആ സമയം ഇയാന്‍ ഗുഡ്‌ഫെലോ. ഡീപ് ലേണിങ്, ഫേക് എന്നീ വാക്കുകള്‍ ചേര്‍ത്തായിരുന്നു ഡീപ് ഫേക് എന്ന പേരുണ്ടായത്. വ്യക്തികളുടെ പല കോണുകളില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും ശേഖരിച്ച് അവരുടെ വ്യാജ വിഡിയോകള്‍ നിര്‍മിച്ചെടുക്കുന്നതാണ് രീതി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ഡീപ് ഫേക് വഴി വ്യാജ വിഡിയോകള്‍ നിര്‍മിക്കപ്പെടാമെന്ന ആരോപണത്തിന് വലിയ പ്രചാരം ലഭിച്ചിരുന്നു.
പലരും ഈ രീതിയില്‍ രസകരമായ വിഡിയോകളും നിര്‍മിച്ചിരുന്നു. 2021 മാര്‍ച്ചില്‍ ടിക്ടോകില്‍ ടോം ക്രൂയിസ് മാജിക് കാണിക്കുന്നതും ഗോള്‍ഫ് കളിക്കുന്നതും സോവിയറ്റ് യൂണിയന്‍ പ്രസിഡന്റിനെ കണ്ടകാര്യം ഓര്‍ക്കുന്നതുമെല്ലാം ഇത്തരത്തില്‍ ഡീപ് ഫേക് വഴി നിര്‍മിച്ചത് വൈറലായിരുന്നു. കയ്യിലുള്ള നാണയം അപ്രത്യക്ഷമാക്കുന്ന ജാലവിദ്യയാണ് ഡീപ് ഫേക് ടോം ക്രൂയിസ് കാണിച്ചത്. ഒരേ സമയം ചിരിയും ചിന്തയും പടര്‍ത്തുന്നതാണ് ഇത്തരം ഡീപ് ഫേക് വിഡിയോകള്‍. നമ്മള്‍ സമൂഹമാധ്യമങ്ങളിൽ നാളെ കാണാനിടയുള്ള പല ദൃശ്യങ്ങളും നിര്‍മിത ബുദ്ധി ഉപയോഗിച്ച് പടച്ചെടുത്തതാവാമെന്ന മുന്നറിയിപ്പ് കൂടിയാണ് ഡീപ് ഫേക് നല്‍കുന്നത്.
നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തില്‍ അശ്ലീല വിഡിയോകളിലെ വ്യക്തികളുടെ മുഖത്തിനു പകരം സെലിബ്രിറ്റികളുടെ മുഖം വെച്ചുപിടിപ്പിച്ചും ഡീപ്പ് ഫേക് വിഡിയോകൾ ചെയ്യുന്നുണ്ട്. ഗൂഗിളില്‍ തിരഞ്ഞാല്‍ തന്നെ ലഭിക്കുന്ന വിവിധ മുഖഭാവങ്ങളുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഡീപ്പ് ഫേക് വിഡിയോകള്‍ നിര്‍മിക്കുന്നത്. ഹോളിവുഡ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റേയും ഹാരി രാജകുമാരന്റെ കാമുകി മേഗന്‍ മര്‍ക്കലിന്റേയും ഇത്തരം ഡീപ്പ് ഫേക്ക് വിഡിയോകള്‍ പ്രചരിച്ചിരുന്നു.
English Summary: Deepfake challenge featuring Elizabeth Olsen and Scarlett Johansson baffles the internet