കൂട്ടപ്പിരിച്ചുവിടലിന്റെ ആഘാതത്തിൽ നിന്നു മുക്തി നേടും മുൻപേ ട്വിറ്ററിൽ കൂട്ടരാജി. തന്റെ ഭരണത്തിൽ കീഴിൽ പുതിയ ട്വിറ്റർ (ട്വിറ്റർ 2.0) വാർത്തെടുക്കാനുള്ള ഇലോൺ മസ്കിന്റെ ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ടുവച്ച ‘അങ്ങേയറ്റം ഹാർഡ്‌കോർ’ ആയ തൊഴിൽസംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിനു ജീവനക്കാർ വ്യാഴാഴ്ച വൈകുന്നേരത്തോടെ (യുഎസ് സമയം) രാജി വച്ചതോടെ ട്വിറ്ററിന്റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ട്വിറ്ററിനെ ലാഭത്തിലാക്കാനുള്ള ശ്രമത്തിൽ ഇനിയങ്ങോട്ട് സമയപരിധിപോലുമില്ലാതെ ജോലി ചെയ്യാൻ സന്നദ്ധരായവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന നിലപാടാണ് ഇലോൺ മസ്ക് ജീവനക്കാർക്ക് അയച്ച മെയിലിൽ വ്യക്തമാക്കിയത്. ഇതനുസരിച്ച് കമ്പനിയിൽ തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ, എല്ലാ ജീവനക്കാരും ഗൂഗിൾ ഫോമിൽ നൽകിയിരിക്കുന്ന സമ്മതപത്രത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5മണിക്കുള്ളിൽ യെഎസ് എന്ന് അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്യണം എന്നാണ് മസ്ക് നിർദേശിച്ചത്. യെസ് എന്നു മറുപടി നൽകാത്തവരുടെയെല്ലാം അവസാന ജോലി ദിവസമായിരിക്കും വ്യാഴാഴ്ചയെന്നും ഇമെയിൽ മസ്ക് വ്യക്തമാക്കി. എല്ലാവർക്കും വേർപിരിയൽ പാക്കേജ് ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനി അവശേഷിക്കുന്നത്. 3700 പേരെ മസ്ക് പിരിച്ചുവിട്ടപ്പോൾ നൂറകണക്കിനാളുകൾ അതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിലാണ് രാജിവച്ചത്. ട്വിറ്ററിലൂടെ മസ്കിനെ പരിഹസിച്ചതിന്റെ പേരിലും ഏതാനും ജീവനക്കാരെ അദ്ദേഹം പിരിച്ചുവിട്ടിരുന്നു. മസ്കിന്റെ അന്ത്യശാസന ഇമെയിലിനോട് അനുകൂലമായി പ്രതികരിക്കേണ്ടെന്നാണ് ജീവനക്കാരുടെ തീരുമാനം. മസ്‍ക് നൽകിയ അന്ത്യശാസനം അവസാനിക്കുന്ന സമയം വരെ വളരെ കുറച്ച് ജീവനക്കാർ മാത്രമേ നിരുപാധികം കഠിനാധ്വാനം ചെയ്ത് ട്വിറ്റർ 2.0ൽ തുടരാൻ സന്നദ്ധ അറിയിച്ചിട്ടുള്ളൂ. ജീവനക്കാർക്കുള്ള ആശയവിനിമയ സംവിധാനമായ സ്ലാക്കിൽ വൈകുന്നേരം 5 മണിയോടെ വിടപറയൽ ഇമോജികൾ പങ്കുവച്ച് നൂറുകണക്കിന് ജീവനക്കാർ വീട്ടിൽപ്പോയി. പലരും ട്വിറ്ററിലൂടെ തന്നെ രാജി പ്രഖ്യാപിച്ചു. “ഞാൻ യെസ് ബട്ടൺ അമർത്തുന്നില്ല, എന്റെ വാച്ച് ട്വിറ്റർ 1.0-ൽ അവസാനിക്കുന്നു. ട്വിറ്റർ 2.0ന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. - രാജി വച്ച ഒരു ജീവനക്കാരൻ ട്വിറ്റ് ചെയ്തു...
HIGHLIGHTS
- ഇലോൺ മസ്കിന്റെ നിലപാടുകളിൽ ഉടക്കി കൂട്ടരാജിയുമായി ജീവനക്കാർ
- ട്വിറ്റർ പ്രവർത്തനം പ്രതിസന്ധിയിലേക്ക്?