ADVERTISEMENT

ഓണ്‍ലൈനില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളുടെ (സെക്‌സ്റ്റോര്‍ഷന്‍) എണ്ണം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 265 ശതമാനം വര്‍ധിച്ചു എന്ന കണക്കുകള്‍ പുറത്തുവന്നതോടെ ചില പ്രതിരോധ ടൂളുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റാ. ഇത്തരം സുരക്ഷാ ടൂളുകള്‍ പ്രായം കുറഞ്ഞ ഉപയോക്താക്കളുടെ (ചില രാജ്യങ്ങളില്‍ 18, ചില രാജ്യങ്ങളില്‍ 16) ഫെയ്‌സ്ബുക് ആപ്പുകളില്‍ ഡീഫോള്‍ട്ടായി പ്രവര്‍ത്തിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

 

ഫെയ്‌സ്ബുക് ഉപയോഗിക്കുന്ന കൗമാരക്കാരെ പുതിയ സ്വകാര്യതാ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് മെറ്റാ. ആര്‍ക്കൊക്കെയാണ് അവരുടെ ഫ്രണ്ട് ലിസ്റ്റ് കാണാവുന്നത്, ടാഗ് ചെയ്ത പോസ്റ്റുകള്‍ പരിശോധിക്കാവുന്നത്, പബ്ലിക് പോസ്റ്റുകളില്‍ ആര്‍ക്കൊക്കെ കമന്റ് ചെയ്യാമെന്നു തുടങ്ങി, അവര്‍ ഫോളോ ചെയ്യുന്ന പേജുകളും, കണ്ടെന്റും വരെ കൂടുതല്‍ സുരക്ഷിതമാക്കാനാണ് മെറ്റാ ശ്രമിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുൻപാണ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നത്. ചെറുപ്രായത്തിലുള്ള ഉപയോക്താക്കളെ തന്ത്രശാലികളായ മുതിര്‍ന്നവരുടെ നീക്കങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ടൂളുകള്‍.

 

∙ ഡേറ്റ ഞെട്ടിക്കുന്നത്

 

അമേരിക്കയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചിഡ്രന്‍ന്റെ കൈവശമുള്ള ഡേറ്റാ പ്രകാരം ചൂഷണത്തിന് ഇരയായ കുട്ടികളുടെ എണ്ണം 2018ല്‍ 12,070 ആയിരുന്നെങ്കില്‍ അത് കഴഞ്ഞ വര്‍ഷം 44,155 എണ്ണമായി ഉയര്‍ന്നു. അതായത് 265 ശതമാനം വർധന. ഇന്റര്‍നെറ്റ് സേവനദാതാക്കളായ പൊതുമേഖലാ സ്ഥാപനങ്ങളോടും സ്വകാര്യ സ്ഥാപനങ്ങളോടും സഹകരിച്ചാണ് ഈ ഡേറ്റ സമാഹരിച്ചത്.

 

∙ എന്താണ് സെക്‌സ്റ്റോര്‍ഷന്‍?

 

നിങ്ങളുടെ സ്വകാര്യ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കരുതെങ്കില്‍ അതിനു പകരം നഗ്ന ഫോട്ടോകളും വിഡിയോകളും നല്‍കണമെന്നോ, ലൈംഗികമായി വഴങ്ങിക്കൊടുക്കണമെന്നോ, പണം നല്‍കണമെന്നോ ചിലര്‍ ആവശ്യപ്പെടുന്നതിനെയാണ് സെക്‌സ്റ്റോര്‍ഷന്‍ എന്ന് എഫ്ബിഐ നിര്‍വചിച്ചിരിക്കുന്നത്. ഇതിനെ ഒരു ഗുരുതരമായ കുറ്റകൃത്യമായും എഫ്ബിഐ കാണുന്നു. മെറ്റാ കമ്പനി ഇപ്പോള്‍ത്തന്നെ തങ്ങള്‍ക്കു പരിചയമില്ലാത്ത ടീനേജര്‍മാരുടെ സന്ദേശങ്ങളും മറ്റും കാണുന്നതില്‍ നിന്ന് മുതിര്‍ന്നവരെ വിലക്കുന്നു. പീപ്പിള്‍ യൂ മേ നോ വിഭാഗത്തില്‍ അവരെ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനി ശ്രമിക്കുന്നു. ഇനി കൊണ്ടുവരാന്‍ പോകുന്ന ടൂളുകളുടെ ഉദ്ദേശം സംശയാസ്പദമായ രീതികളുള്ള മുതിര്‍ന്നവരുമായി സന്ദേശങ്ങള്‍ കൈമാറുന്നത് വിലക്കാനാകുമോ എന്നറിയാനാണ്. ഇത്തരം ആളുകളെ ടീനേജര്‍മാരുടെ പീപ്പിള്‍ യൂ മേ നോ വിഭാഗത്തില്‍ കാണിക്കില്ല.

 

∙ ആരാണ് സംശയാസ്പദമായ രീതികളുള്ള മുതിര്‍ന്നവര്‍?

 

മുതിര്‍ന്ന ഒരാളുടെ അക്കൗണ്ടിനെക്കുറിച്ച് ഏതെങ്കിലും കുട്ടി റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ അത്തരക്കാരനെ സംശയാസ്പദമായ രീതികളുള്ള മുതിര്‍ന്ന ആളായി കണക്കാക്കും. കുട്ടി ബ്ലോക്കു ചെയ്യുന്നവരെയും ഈ ഗണത്തിലായിരിക്കും പെടുത്തുക. കൂടുതല്‍ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ടീനേജര്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് 'മെസെജ്' ബട്ടണ്‍ എടുത്തുകളയുന്ന കാര്യവും കമ്പനി ടെസ്റ്റു ചെയ്യുന്നു. കുട്ടികളുടെ അക്കൗണ്ടുകള്‍ സംശയാസ്പദമായ രീതികളുള്ള മുതിര്‍ന്ന ആള്‍ പരിശോധിക്കുമ്പോഴായിരിക്കും മെസേജ് ബട്ടണ്‍ നീക്കംചെയ്യുക.

girl-crying
Photo: Shutterstock

 

∙ ഫെയ്‌സ്ബുക് ഉപയോഗം കൂടുതല്‍ ആശ്വാസകരമാക്കാനും ശ്രമം

 

ടീനേജര്‍മാരോട് തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ആളുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് ഫെയ്‌സ്ബുക് ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നത്. ഇത് കുട്ടികളുടെ ഫെയ്‌സ്ബുക് ഉപയോഗം കൂടുതല്‍ ആശ്വാസകരമാക്കുമെന്നാണ് കമ്പനി കരുതുന്നത്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ടൂളുകള്‍ കണ്ടെത്തല്‍ കൂടുതല്‍ എളുപ്പമാക്കാനും കമ്പനി ശ്രമിക്കുന്നു. ഇതൊരു വിജയമായി തുടങ്ങിയെന്നാണ് ഫെയ്‌സ്ബുക് കരുതുന്നത്. കാരണം 2022 ആദ്യ പാദത്തില്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ നല്‍കുന്നത് 70 ശതമാനം വര്‍ധിച്ചുവെന്ന് കമ്പനി പറയുന്നു. തലേ വര്‍ഷത്തെ ഇതേ കാലഘട്ടത്തിലെ കണക്കുകളുമായി താരതമ്യം ചെയ്താണ് ഇതു കണ്ടെത്തിയിരിക്കുന്നത്. മെസഞ്ചറിലെയും ഇന്‍സ്റ്റഗ്രാമിലെയും കണക്കുകളാണിത്.

 

ഒരു കൗമാരക്കാരൻ ആരെയെങ്കിലു വിലക്കിയാല്‍ മെറ്റാ ഉടനെ കുട്ടിക്ക് സുരക്ഷാ നടപടിക്രമങ്ങള്‍ അയച്ചുകൊടുക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു മാസം മാത്രം ഇത്തരം സന്ദേശങ്ങള്‍ 10 കോടി പേര്‍ക്ക് മെസഞ്ചറില്‍ അയച്ചുവെന്ന് കമ്പനി പറയുന്നു. കുട്ടികളെ അസ്വസ്ഥരാക്കുന്ന കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഉണ്ടായാല്‍ അവ അറിയിക്കാനുള്ള പല തരം ടൂളുകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കമ്പനിയെ അറിയിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പല നീക്കങ്ങളും തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മെറ്റയുടെ സുരക്ഷാ വിഭാഗത്തിന്റെ ആഗോള മേധാവി ആന്റിഗണ്‍ ഡേവിസ് പറയുന്നു. ഇതിന്റെ ഫലമായാണ് കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ കമ്പനിയെ അറിയിക്കുന്നത് 70 ശതമാനം വര്‍ധിച്ചതെന്നാണ് ഫെയ്‌സ്ബുക് പറയുന്നത്. 

 

∙ മാതാപിതാക്കള്‍ അറിയണം എന്താണ് സെക്‌സ്റ്റോര്‍ഷന്‍ എന്ന്

 

പല സുരക്ഷാ നടപടികളും തങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ മാതാപിതാക്കളും രക്ഷിതാക്കളും എന്താണ് സെക്‌സ്റ്റോര്‍ഷന്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും കമ്പനി പറയുന്നു. തങ്ങളുടെ കൗമാരക്കാരായ കുട്ടികളോട് ഇതേപ്പറ്റി തുറന്ന് സംസാരിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. കുട്ടികളെ അസ്വസ്ഥരാക്കാതെ തന്നെ അവരോട് ഇതേപ്പറ്റി സംസാരിക്കാന്‍ സാധിക്കണമെന്നും കമ്പനി പറയുന്നു.

 

∙ ഹൊറൈസണ്‍ വേള്‍ഡ്‌സിനെ കൂടുതല്‍ ഭയക്കണമന്ന് വിദഗ്ധര്‍

 

മെറ്റാ കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ആപ്പുകളൊക്കെ പ്രശസ്തമാണ്. എന്നാല്‍ കമ്പനിയുടെ വെര്‍ച്വല്‍ റിയാലിറ്റി ആപ്പായ ഹൊറൈസണ്‍ വേള്‍ഡ്‌സിലെ സ്ഥിതി കൂടുതല്‍ പ്രശ്‌നമുള്ളതാണെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഹൊറൈസണ്‍ വേള്‍ഡ്‌സ് 18 വയസു പൂര്‍ത്തിയായവര്‍ക്കു വേണ്ടിയുള്ളതാണ്. പക്ഷേ, ഇതിന്റെ റിവ്യുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് - ആപ്പില്‍ എത്തിയ കുട്ടികള്‍ മുതിര്‍ന്നവരുമായി ഇടപെടുന്നുണ്ട്. കുട്ടികള്‍ക്ക് പ്രിയങ്കരമാകാന്‍ സാധ്യതയുള്ള ഹൊറൈസണ്‍ വേള്‍ഡ്‌സ് പോലെയുള്ള ആപ്പുകള്‍ അവതരിപ്പിക്കുമ്പോള്‍ ആദ്യമെ അവയില്‍ കയറിക്കൂടുന്നവരുടെ കൂട്ടത്തില്‍ ലൈംഗിക ഇരപിടിയന്മാരും ഉണ്ടാകാമെന്ന് കുട്ടികളടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'തോണി'ന്റെ (Thorn) വൈസ് പ്രസിഡന്റ് സേറാ ഗാര്‍ഡ്‌നര്‍ വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു.

 

വലിയ സംരക്ഷണമൊന്നുമില്ലാത്ത ഒരു പരിസ്ഥിതിയിലേക്ക് കുട്ടികള്‍ എത്തുന്നത് മുതലാക്കാനായിരിക്കും ഇരപിടിയന്മാരുടെ ശ്രമം. വേണ്ടത്ര റിപ്പോര്‍ട്ടിങ് സംവിധാനമൊന്നും ഇത്തരം ആപ്പുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകില്ല എന്നുള്ളതാണ് ഇത്തരക്കാരെ ആഹ്ലാദിപ്പിക്കുന്നത്. ഇതാണ് കുട്ടികളെ ഗ്രൂം ചെയ്യാന്‍ പറ്റിയ സ്ഥലമെന്ന് അവര്‍ കരുതും. കുട്ടികളെ തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരായി മാറ്റിയെടുക്കാനുള്ള ശ്രമത്തിനാണ് ഗ്രൂമിങ് എന്നു പറയുന്നത്. 

 

∙ മെറ്റായ്ക്ക് 40 കോടി ഡോളർ പിഴ വീണിരുന്നു

 

ഈ വര്‍ഷം സെപ്റ്റംബറില്‍ കുട്ടികളെ സുരക്ഷിതരാക്കുന്നതില്‍ പരാജയപ്പെട്ടു എന്നു കാണിച്ച് അയര്‍ലൻഡ് മെറ്റായ്ക്ക് 40 കോടി ഡോളര്‍ പിഴയിട്ടിരുന്നു. കുട്ടികളുടെ അക്കൗണ്ടുകള്‍ ഡീഫോള്‍ട്ടായി പബ്‌ളിക് എന്ന വിഭാഗത്തില്‍ ഇട്ടിരുന്നതിന് അടക്കമായിരുന്നു പിഴ.

 

English Summary: Meta unveils privacy and messaging changes for teenagers to protect them from 'suspicious adults'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com