നിയമം ലംഘിച്ചവരുടെ ലിസ്റ്റ് ടെലഗ്രാം പുറത്തുവിട്ടു, ഉപയോക്താക്കൾക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി

telegram-1
SHARE

പകർപ്പാവകാശ നിയമം ലംഘിച്ച കേസിൽ ടെലഗ്രാം ഉപയോക്താക്കൾക്ക് സമൻസയച്ച് ഡൽഹി ഹൈക്കോടതി. നിയമലംഘനം നടത്തിയ ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറാൻ നേരത്തേ കോടതി ടെലഗ്രാമിനോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം ടെലഗ്രാം കൈമാറിയ ലിസ്റ്റിലെ ഉപയോക്താക്കൾക്കാണ് കോടതി സമൻസ് അയച്ചത്.

വിവിധ കമ്പനികളുടെ പെയ്ഡ് കണ്ടെന്റുകൾ പകർപ്പാവകാശ, ട്രേഡ്മാർക് നിയമങ്ങൾ ലംഘിച്ചു ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നിയമനടപടി. ഇതോടെ പെയ്ഡ് കണ്ടെന്റ് അനധികൃതമായി പ്രചരിപ്പിച്ചവരുടെ പട്ടിക നൽകാൻ ഡൽഹി ഹൈക്കോടതി ടെലഗ്രാമിനോട് നിർദേശിക്കുകയായിരുന്നു.

നിയമം ലംഘിച്ച ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ സീൽ വെച്ച കവറിലാണ് ടെലഗ്രാം കോടതിക്ക് നൽകിയത്. ഇത് രഹസ്യ വിവരങ്ങളാണെങ്കിലും സർക്കാരിനോ പൊലീസിനോ ആവശ്യം വന്നാൽ കൈമാറുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ടെലഗ്രാം സൂക്ഷിക്കുന്നുണ്ട്. പകർപ്പവകാശ ലംഘനം ആരോപിക്കപ്പെടുന്ന ചാനൽ അഡ്മി‌നുകളുടെ പേരുകളും അവരുടെ ഫോൺ നമ്പറുകളും ഐപി അഡ്രസുകളുമാണ് ടെലഗ്രാം നൽകിയത്.

തന്റെ കോഴ്‌സ് മെറ്റീരിയലുകൾ അനധികൃതമായി പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടത്ര നടപടിയെടുക്കാത്തതിന് ഒരു അധ്യാപിക ടെലഗ്രാമിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിലും കുറ്റക്കാരുടെ ഡേറ്റ നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിരവധി ടെലഗ്രാം ചാനലുകൾ അനുമതിയില്ലാതെ തന്റെ പഠനോപകരണങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ വീണ്ടും വിൽക്കുന്നതായാണ് പരാതിക്കാരിയായ അധ്യാപിക നീതു സിങ് ആരോപിച്ചിരുന്നത്.

ഇന്ത്യൻ നിയമം അനുസരിക്കാനും അത്തരം ചാനലുകൾക്ക് പിന്നിലുള്ളവരെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താനും ഡൽഹി ഹൈക്കോടതി ടെലിഗ്രാമിനോട് നേരത്തേ ഉത്തരവിട്ടിരുന്നു. ദക്ഷിണേഷ്യൻ വിപണിയിൽ ഏകദേശം 15 കോടി ഉപയോക്താക്കളുള്ള ടെലഗ്രാമിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. പെയ്ഡ് കണ്ടെന്റുകൾ വ്യാപകമായി ലഭിക്കുമെന്നതിനാൽ ടെലഗ്രാം ചില ഉപയോക്താക്കൾക്കിടയിൽ ജനപ്രീതി നേടിയിട്ടുണ്ട്. സിനിമകളും ടിവി ഷോകളും വ്യാപകമായി പങ്കിടുന്ന, പതിനായിരക്കണക്കിന് ഉപയോക്താക്കളുള്ള നിരവധി ചാനലുകൾ ടെലഗ്രാമിലുണ്ട്.

English Summary: Telegram shares users’ data in copyright violation lawsuit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS