റൊമാൻസ് മുതൽ ലോട്ടറി, സമ്മാനം വരെ... ഇൻസ്റ്റയിലെ തട്ടിപ്പുകളും പ്രതിരോധ മാർഗങ്ങളും
Mail This Article
വളരെയധികം ജനപ്രിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമാണല്ലോ ഇൻസ്റ്റാഗ്രാം. നിരവധി സജീവ ഉപയോക്താക്കളുള്ള ഇടമായതിനാൽ തട്ടിപ്പുകാർ അവരുടെ ഇരകളെ തിരഞ്ഞെടുക്കുന്ന പ്രധാനയിടങ്ങളിൽ ഒന്നും ഇൻസ്റ്റ തന്നെ. ഇൻസ്റ്റയിൽ കണ്ടുവരുന്ന ചില തട്ടിപ്പുകളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും നമുക്കൊന്നു നോക്കാം.
∙ ഫിഷിങ്
ഡയറക്‌ട് സന്ദേശമായോ ഇമെയിൽ വഴിയോ ലിങ്കുകൾ അയച്ച് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ആക്‌സസ് നേടാൻ ശ്രമിക്കുകയാണിവിടെ ചെയ്യുന്നത്. വ്യാജ ഇൻസ്റ്റാഗ്രാം പേജിൽ ഉപയോക്തൃനാമവും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യിപ്പിച്ചു കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത് ചെയ്യുന്നത്. സ്‌കാമർമാർ ഇത്തരത്തിൽ ലോഗിൻ വിശദാംശങ്ങൾ കരസ്ഥമാക്കി യഥാർഥ അക്കൗണ്ട് ആക്‌സസ് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാനും നിങ്ങളുടെ അക്കൗണ്ട് തന്നെ തട്ടിയെടുക്കുന്നതിലേക്കും എത്തിച്ചേരുന്നു.
ഉപയോക്താക്കളുടെ വിശദാംശങ്ങൾ നൽകാൻ അഭ്യർഥിച്ചുള്ള ലിങ്കുകൾ വേറെ പല രൂപത്തിലും വരുന്നത് കാണാം. ഇൻസ്റ്റാഗ്രാമിൽ വെരിഫിക്കേഷൻ (ബ്ലൂ ടിക്ക്) സ്ഥിരീകരിക്കുന്നതിന് കെവൈസി സമർപ്പിക്കുക, ചില ബ്രാൻഡിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ചു പരസ്യ കരാർ വാഗ്ദാനം നൽകുക, ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള ഔദ്യോഗിക പകർപ്പവകാശ ലംഘന മുന്നറിയിപ്പുകൾ എന്ന് അവകാശപ്പെടുന്ന സന്ദേശങ്ങൾ നൽകുക എന്നിവ ഉദാഹരണങ്ങളാണ്.
∙ സമ്മാന തട്ടിപ്പുകൾ
ഉൽപന്നങ്ങളും മറ്റും സ്പോൺസേർഡ് സമ്മാനമായി വാഗ്ദാനം ചെയ്‌ത് ഫോളോവേഴ്‌സിൽ സ്വാധീനം ചെലുത്തുന്നു. സമ്മാനങ്ങൾ ലഭിക്കുന്നതിന് ഷിപ്പിങ് ഫീസായോ മറ്റോ തുക ആവശ്യപ്പെടുന്നു. അല്ലെങ്കിൽ നമ്മളിൽ നിന്ന് നിർണായക വിവരങ്ങൾ തന്ത്രപൂർവം കൈക്കലാക്കി ഭാവിയിൽ മറ്റു തട്ടിപ്പുകൾ നടത്തുന്നതിനായി ദുരുപയോഗം ചെയ്യുന്നു.
∙ റൊമാൻസ് ഫ്രോഡ്
ഓൺലൈനായി സൗഹൃദം സ്ഥാപിക്കുകയും നിരന്തരമായ സംഭാഷത്തിലൂടെ വിശ്വാസത്തിലാകുകയും അത് മുതലാക്കി ക്രമേണ ബന്ധം ദുരുപയോഗം ചെയ്‌തു സാമ്പത്തികപരമോ ലൈംഗികപരമോ ആയ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നു. ഇത്തരം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പരിചയമില്ലാത്ത വ്യക്തികളുമായി ചങ്ങാത്തം കൂടുന്നതിൽ ജാഗ്രത പുലർത്തുകയാണ് പ്രധാന പ്രതിരോധ മാർഗമിവിടെ.
∙ ലോട്ടറി തട്ടിപ്പ്
ലോട്ടറിയിൽ നിങ്ങളും വിജയിയായിട്ടുണ്ടെന്നും ഇതിനാൽ സമ്മാനത്തുക കൈമാറാനെന്ന പേരിൽ ബാങ്ക് വിശദശാംശങ്ങളും മറ്റ് പേഴ്‌സണൽ വിവരങ്ങളും സ്‌കാമർമാർ ആവശ്യപ്പെടുന്നു. വിശദാംശങ്ങൾ ലഭിച്ചു കഴിഞ്ഞാൽ ക്രിമിനൽസ് മറ്റ് ദുഷ് പ്രവർത്തികൾക്ക് ഇവ ഉപയോഗിക്കുന്നു.
∙ ലോൺ സ്‌കാം
കുറഞ്ഞ പലിശ നിരക്കിൽ മുൻകൂറായി ചെറിയ തുക തൽക്ഷണ ലോണുകളായി വാഗ്ദാനം ചെയ്യുന്നു. പ്രോസസിങ്ങിനായി ചെറിയ തുകയടക്കാൻ ക്ലയന്റിനോട് ആവശ്യപ്പെടുന്നു. പ്രാരംഭ പേയ്‌മെന്റ് നടത്തിക്കഴിഞ്ഞാൽ കൂടുതൽ പണം ആവശ്യപ്പെട്ടോ അല്ലെങ്കിൽ സംഭാഷണം അവസാനിപ്പിച്ച് കിട്ടിയ പേയ്‌മെന്റും കൊണ്ട് അപ്രത്യക്ഷമാകുകയോ ചെയ്യും.
∙ തൊഴിൽ തട്ടിപ്പ്
തൊഴിൽ തട്ടിപ്പുകാർ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ ജോലി പരസ്യപ്പെടുത്തുന്നു. ജോലിയുടെ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യഥാർഥ ജോലിയുമായി ബന്ധമില്ലാത്തതും, ഇതുപോലെ തന്ത്രപ്രധാനമായ വിവരങ്ങൾ ആവശ്യപ്പെടുന്നതുമായ വ്യാജ വെബ്‌സൈറ്റിലേക്ക് നമ്മൾ റീഡയറക്റ്റ് ചെയ്യപ്പെടുന്നു. വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പിനുപയോഗിക്കുകയാണിവിടെ സ്കാമർമാർ ചെയ്യുന്നത്.
∙ വ്യാജ വിൽപന
വ്യാജസാധനങ്ങളുടെ വിൽപന ഇൻസ്റ്റാഗ്രാമിൽ അരങ്ങുതകർക്കുന്നുണ്ട്. സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കാൻ നിരവധി ഓഫറുകളും കാണാം. നിരവധി പ്രൊഫൈലുകളും പരസ്യങ്ങളും ഇതിനായി പ്രവർത്തിക്കുന്നതായി കാണാം.
∙ ഫോളോവേഴ്‌സ് / ലൈക്ക് വിൽപന
കൂടുതൽ ഫോളോവേഴ്‌സും ലൈക്കുകളും സമൂഹ മാധ്യമ സ്റ്റാറ്റസിന്റെ സിംപലാണെന്ന വിശ്വാസത്തെ മുതലാക്കി തുച്ഛമായ തുകയ്ക്ക് വലിയ തോതിൽ ലൈക്കുകളും ഫോളോവേഴ്‌സും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്‌ത് കബളിപ്പിക്കുന്നു.
∙ നിക്ഷേപ തട്ടിപ്പുകൾ
ചെറിയ നിക്ഷേപത്തിന് മികച്ച വരുമാന വാഗ്ദാനമാണ് പ്രധാന ആകർഷണം. പണം അടച്ചുകഴിയുമ്പോൾ നല്ലപോലെ പ്രവർത്തിക്കുന്നുണ്ടെന്നും മികച്ച നിക്ഷേപമാർഗമാണ് സ്വീകരിച്ചിരിക്കുന്നതെന്നും നമ്മളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും. പക്ഷേ, നിങ്ങൾക്ക് ഒരിക്കലും അടച്ച തുക പിൻവലിക്കാൻ കഴിയില്ല എന്നതാണ് ട്വിസ്റ്റ്.
∙ സബ്‌സ്‌ക്രിപ്‌ഷൻ സർവീസ്
സ്‌കാമർമാർ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. പണമടച്ചു കഴിഞ്ഞാൽ തട്ടിപ്പുകാർ സർവീസ് ഡെലിവർ ചെയ്യില്ല അല്ലെങ്കിൽ പൊള്ളയായ സർവീസ് നൽകി പറ്റിക്കുന്നു. അജ്ഞാതരായ കക്ഷികളിൽ നിന്ന് സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത സേവനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.
∙ ഇൻസ്റ്റാഗ്രാമിൽ സുരക്ഷിതരായിരിക്കുന്നതിനുള്ള പ്രധാന പൊടിക്കൈകൾ
1. ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കുക.
2. ശക്തമായ സങ്കീർണമായ പാസ്‌വേഡുകൾ ഉപയോഗിക്കുക (സംഖ്യാ, വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉപയോഗിച്ച് മിക്‌സിങ് രീതിയിൽ).
3. ഇൻസ്റ്റഗ്രാമിൽ നേരിട്ട് ലോഗിൻ ചെയ്യുക, തേർഡ് പാർട്ടി ആപ്പുകൾ ഒരിക്കലും ഉപയോഗിക്കരുത്.
4. ബ്രാൻഡ് അക്കൗണ്ടുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക.
5. പതിവായി അക്കൗണ്ട് ലോഗിൻ പ്രവർത്തനം അവലോകനം ചെയ്യുക.
6. നിങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങൾ കോൺഫിഗർ ചെയ്യുക. https://help.instagram.com/116024195217477
7. അനുചിതമല്ലാത്ത ഉള്ളടക്കമോ നിയമവിരുദ്ധമായ ആക്റ്റിവിറ്റികളോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുക https://help.instagram.com/192435014247952
8. ആൾമാറാട്ടം റിപ്പോർട്ടു ചെയ്യാൻ https://help.instagram.com/446663175382270 ഈ ലിങ്ക് ഉപയോഗിക്കാം
9. വിൽപനയെക്കുറിച്ചു പരാതിയുണ്ടെങ്കിൽ ഈ ലിങ്കിലൂടെ റിപ്പോർട്ട് ചെയ്യാം https://help.instagram.com/396314741132037/
dileep.senapathy@gmail.com
English Summary: How to avoid the worst Instagram scams