ADVERTISEMENT

ചുരുങ്ങിയകാലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമങ്ങളിലൊന്നായി മാറിയ ചൈനീസ് കമ്പനിയായ ടിക്‌ടോക്കിന് പിന്നിലെന്തെങ്കിലും നിഗൂഢതയുണ്ടോ? ഇപ്പോള്‍ 100 കോടിയിലേറെ ഉപയോക്താക്കളുണ്ട് ടിക്‌ടോക്കിന്. പടിഞ്ഞാറന്‍ രാജ്യങ്ങളിലടക്കം ഷോർട് വിഡിയോ ഷെയർ ചെയ്യുന്ന ഈ കമ്പനിയ്ക്ക് വലിയൊരു ആരാധകവൃന്ദമാണുള്ളത്. ഇതാകട്ടെ നേരത്തേ ഇറങ്ങി കളംപിടിച്ചുവെന്നു കരുതിയ പടിഞ്ഞാറന്‍ കമ്പനികളായ ഫെയ്‌സ്ബുക്കിന്റെയും യൂട്യൂബിന്റെയും ഒക്കെ കണ്ണുമഞ്ഞളിപ്പിക്കുന്ന നേട്ടമാണ്. പല തവണ ചോദിക്കപ്പെട്ട ചോദ്യം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട് -ടിക്‌ടോക്കിനു പിന്നിലാര്?

∙ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ടിക്‌ടോക്കിനെ ഭയമാണ്...

രാജ്യത്തെ ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് സർക്കാരിന്റെ കൈയ്യില്‍ എത്തുന്നുവെന്ന് പറഞ്ഞ് കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ ഇന്ത്യ ടിക്‌ടോക്കിനെ 2019 ഓക്ടോബറില്‍ തന്നെ നിരോധിച്ചു. പണം വാരുന്നതിലും ആരാധകരെ സൃഷ്ടിക്കുന്നതിലും മികച്ചു നില്‍ക്കുന്ന ടിക്‌ടോക്കിനു മുന്നില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കാനുള്ള ശ്രമം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്നത് ഇതാദ്യമായല്ല. പക്ഷേ, ഇത്തവണ കൂടുതല്‍ രാജ്യങ്ങള്‍ ശക്തിയായി രംഗത്തെത്തിയിരിക്കുന്നു എന്നതാണ് പ്രത്യേകത. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം ജയിംസ്പാറ്റേഴ്‌സണ്‍ പറഞ്ഞത് ദേശീയ സുരക്ഷയെക്കുറിച്ചുള്ള ഭീതി നീക്കാനാകുന്നില്ലെങ്കില്‍ ടിക്‌ടോക്ക് നിരോധിക്കണം എന്നാണ്. താന്‍ യുകെ പ്രധാനമന്ത്രിയാകുന്നതിനു കുറച്ചു നാളുകള്‍ക്ക് മുൻപ് ലിസ് ട്രസ് പറഞ്ഞത് ടിക്‌ടോക്കിനെ പോലെയുള്ള ചൈനീസ് ബിസിനസുകാരെ കെട്ടുകെട്ടിക്കുമെന്നായിരുന്നു. യൂറോപ്യന്‍ യൂനിയന്റെ നിയമം ടിക്‌ടോക്ക് ലംഘിച്ചിരിക്കാമെന്നാണ് ഇറ്റലി പറയുന്നത്.

 

∙ സന്ദേഹം ഇക്കാര്യത്തില്‍

 

ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് കമ്പനിയാണ് ടിക്‌ടോക്ക് പ്രവര്‍ത്തിക്കുന്നത്. ബൈറ്റ്ഡാന്‍സ് വഴി ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് സർക്കാരിന്റെ കൈയ്യില്‍ എത്തിച്ചേരുന്നുണ്ടാകാം എന്നുള്ളതാണ് ആപ്പിനോടുള്ള അവിശ്വാസത്തിനു പിന്നില്‍. ചൈനയില്‍ നിലവിലുളള ദേശീയ സുരക്ഷാ നിയമപ്രകാരം, ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ ഡേറ്റ കൈമാറണം. എന്നാല്‍, തങ്ങള്‍ ഒരിക്കല്‍ പോലും ഡേറ്റ നല്‍കിയിട്ടില്ലെന്ന് ബൈറ്റഡാന്‍സ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുമുണ്ട്. ടിക്‌ടോക്ക് മേധാവി ച്യൂ ഷൗ സി പറയുന്നത് താന്‍ സിങ്കപ്പൂര്‍ കേന്ദ്രമായിപ്രവര്‍ത്തിക്കുന്ന സിങ്കപ്പൂരുകാരന്‍ ആണെന്നാണ്. പക്ഷേ, ച്യൂ ടിക്‌ടോക്ക് മേധാവിയാകുന്നത് 2021ലാണ്. ഈ സമയത്താണ് തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറു പ്ലാറ്റ്‌ഫോമുകളെയും വ്യത്യസ്ത കമ്പനികളാക്കി ബൈറ്റ്ഡാന്‍സ് മാറ്റിയത്. ബൈറ്റ്ഡാന്‍സ് ബോര്‍ഡ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ച്യൂ ഉത്തരം നല്‍കിയേ മതിയാകൂ താനും.

 

∙ ബൈറ്റ്ഡാന്‍സ് സ്ഥാപിച്ചത് 2012ല്‍

 

2012 ൽ സാങ് യിമിങ് ആണ് ബൈറ്റ്ഡാന്‍സ് സ്ഥാപിച്ചത്. കമ്പനിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ ലിയാങ് റുബൊ ആണ്. ഇരുവരും നാന്‍കായ് യൂണിവേഴ്‌സിറ്റിയില്‍ ഒരേ റൂമില്‍ താമസിച്ചു പഠിച്ചിരുന്നവരാണ്. കഴിഞ്ഞ വര്‍ഷമാണ് സാങ് ബൈറ്റ്ഡാന്‍സ് മേധാവി സ്ഥാനം ഒഴിഞ്ഞത്. എങ്കിലും ബൈറ്റ്ഡാന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയൊക്കെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് സാങ് തന്നെയാണ് എന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിക്ഷേപകര്‍ക്കും വ്യക്തമായി അറിയാം താനും. പുതിയ മേധാവി ലിയാങ് റുബൊ ആകട്ടെ അധികം ശ്രദ്ധ പിടിച്ചുപറ്റാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ആളുമാണ്. 

 

∙ ടിക്‌ടോക്കിലെ നിര്‍ണ്ണായക പദവികളില്‍ എത്തുന്നത് ബൈറ്റ്ഡാന്‍സ് നിശ്ചയിക്കുന്നവര്‍ 

 

ടിക്‌ടോക്കിലെ നിര്‍ണായക പദവികളില്‍ എത്തുന്നത് ബൈറ്റ്ഡാന്‍സ് നിശ്ചയിക്കുന്നവരാണെന്ന് അമേരിക്കന്‍ സർക്കാരിനു നല്‍കിയ കത്തില്‍ ച്യൂ പറഞ്ഞിട്ടുമുണ്ട്. ബൈറ്റ്ഡാന്‍സിന്റെ ബോര്‍ഡില്‍ ജനറല്‍ അറ്റ്‌ലാന്റിക്കിലെ ബില്‍ ഫോര്‍ഡ് അടക്കം നാല് നിക്ഷേപകര്‍ കൂടിയുണ്ട്. ഇവരാരും ബൈറ്റ്ഡാന്‍സിനെയോ, ടിക് ടോക്കിനെയോ കുറിച്ച് പൊതുവേദികളില്‍ സംസാരിക്കാറു പോലും ഇല്ല. ഇവര്‍ക്കു പുറമെ ടിക്‌ടോക്കിന്റെ കാര്യങ്ങളില്‍ ചൈനീസ് സർക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വാധീനമുണ്ടെന്നാണ് ഒരു ആരോപണം. ഇക്കാര്യത്തെക്കുറിച്ച് കമ്പനിയുടെ സിഒഒ വനെസാ പാപാപസിനോട് അമേരിക്കന്‍ സെനറ്റ് ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ചൈനീസ് സർക്കാരിന് ടിക്‌ടോക്കിന്റെ നയരൂപികരണവുമായി ഒരു ബന്ധവും ഇല്ലെന്നാണ്. 

tiktok-star-ava

 

∙ ടിക്‌ടോക്ക് അമേരിക്കന്‍ ഉടമസ്ഥതയിലേക്കു മാറിയേനെ 

 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ടിക്‌ടോക്കിനെ അമേരിക്കന്‍ കമ്പനികളെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ അതിനു തുരങ്കംവച്ചത് ബെയ്ജിങ് ആണ്. ചൈനയില്‍ നിന്ന് നിര്‍ണായക ടെക്‌നോളജികള്‍ പുറത്തുകൊണ്ടുപോകണമെങ്കില്‍ സർക്കാരിന്റെ അനുവാദം വേണമെന്നായിരുന്നു അത്. ടിക്‌ടോക്കിനെ വേറിട്ടതാക്കുന്ന അതിന്റെ റെക്കമെന്‍ഡേഷന്‍ സിസ്റ്റം അത്തരത്തിലൊരു സാങ്കേതികവിദ്യ ആണ്. ടിക്‌ടോക്കിന്റെ ചൈനീസ് പതിപ്പായ ഡോയിന്‍ എന്ന ചൈനീസ് ആപ്പില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ തന്നെയാണ് ടിക്‌ടോക്കിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ സാങ് ആകട്ടെ ടെക്‌നോളജി സോഷ്യലിസവുമായി ബന്ധിപ്പിക്കുമ്പോഴാണ് ഗുണകരമാകുക എന്ന അഭിപ്രായവും പറഞ്ഞു. ബെയ്ജിങ്ങിന്റെ രാഷ്ട്രീയ ചായ്‌വിന് അനുസരിച്ച് ടിക്‌ടോക്കിലെ കണ്ടെന്റ് സെന്‍സര്‍ ചെയ്യുന്നതായി ആരോപണവും ഉയര്‍ന്നിരുന്നു.

 

∙ സർക്കാർ ആവശ്യപ്പെട്ടാല്‍ ഏതു ചൈനീസ് കമ്പനിയും ഡേറ്റ നല്‍കണം 

 

അമേരിക്കയിലെ ജോ ബൈഡന്‍ ഭരണകൂടം ഈ പ്രശ്‌നത്തിനുള്ള പരിഹാരം കാണാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്. അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റ, അമേരിക്കന്‍ കമ്പനിയായ ഓറകിൾ കോര്‍പറേഷന്റെ സെര്‍വറുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ടിക്‌ടോക് പറയുന്നു. ബൈറ്റ്ഡാന്‍സിനോ മറ്റാര്‍ക്കെങ്കിലുമോ ഈ ഡേറ്റ ലഭിക്കണമെങ്കില്‍ നിരവധി കടുത്ത കടമ്പകള്‍ കടക്കണമെന്നും പറയുന്നു. അമേരിക്കക്കാരുടെ ഡേറ്റയ്ക്ക് ടിക്‌ടോക്ക് ഒരു ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്നാണ് കമ്പനിയുടെ ആഗോള തലത്തിലെ മുഖ്യ ടെക്‌നോളജി ഓഫിസറായ റോളണ്ട് ക്ലൗട്ടിയര്‍ പറയുന്നത്. ഇതിനു പുറമെ, ഇതുവരെ ചൈനീസ് അധികാരികള്‍ ഡേറ്റാ വേണമെന്ന് ആവശ്യപ്പെട്ടതിന് തെളിവുകളും ഇല്ല. എന്നാല്‍, അമേരിക്കയെ പേടിപ്പിക്കുന്നത് ചൈനയില്‍ നിലവിലുള്ള നിയമങ്ങളാണ്. സര്‍ക്കാർ ആവശ്യപ്പെട്ടാല്‍ ഏതു ചൈനീസ് കമ്പനിയും ഡേറ്റ നല്‍കണം എന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിനുപുറമെ ടിക്‌ടോക്കിനെ ചൈനയ്ക്കു പുറത്ത് ഹോങ്കോങ്ങില്‍ ലിസ്റ്റ് ചെയ്യാന്‍ നടത്തിയ ശ്രമം കമ്പനി തന്നെ വേണ്ടന്നും വച്ചു. ബെയ്ജിങ്ങിന്റെ അനുവാദം വാങ്ങണമെന്നതാണ് കാരണം.

 

∙ ടിക്‌ടോക് ഒരു അത്യന്താധുനിക നിരീക്ഷണ സംവിധാനമോ?

 

ചൈനീസ് സര്‍ക്കാർ മാത്രമല്ല മറ്റു പല സർക്കാരുകളും ടിക്‌ടോക്ക് ഉപയോഗിച്ച് ആളുകളെ നിരീക്ഷിച്ചേക്കാം എന്നാണ് അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കാറ്റി ഹാര്‍ബത് പറയുന്നത്. ഇതുകൂടാതെ, അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ (എഫ്‌സിസി) മെംബര്‍ ബ്രെന്‍ഡന്‍ കാര്‍ പറയുന്നത് ടിക്‌ടോക് ഒരു അത്യന്താധുനിക നിരീക്ഷണ സംവിധാനമാണെന്നാണ്. ആപ്പിളും ഗൂഗിളും എത്രയും വേഗം ഇത് ആപ് സ്റ്റോറുകളില്‍ നിന്ന് എടുത്തുകളയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ടിക്‌ടോക്കിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹവും ഉത്തരം കിട്ടാത്തതുമായ ചോദ്യങ്ങളുണ്ടെന്ന് കാറ്റിയും പറയുന്നു.

 

∙ മുൻപ് ഒരു ആപ്പും നേരിട്ടിട്ടില്ലാത്ത പ്രശ്‌നങ്ങള്‍

 

അതേസമയം, ടിക്‌ടോക്ക് നേരിടുന്നത് മുൻപ് ഒരു ആപ്പും നേരിട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളാണെന്നും നിരീക്ഷിക്കപ്പെടുന്നു. നേരത്തെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അവ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നെങ്കില്‍ അതു തന്നെ ആവര്‍ത്തിച്ചാല്‍ മതിയായിരുന്നു. ചൈനീസ് സർക്കാരിന് ബൈറ്റ്ഡാന്‍സിന്റെ മേല്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നിരിക്കെ എങ്ങനെയാണ് ടിക്‌ടോക്കിനെ കണ്ണുംപൂട്ടി വിശ്വസിക്കുക എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

 

English Summary: TikTok Under Pressure as Biden Administration Scrutinizes Chinese Ownership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com