ഡിസംബറിൽ വാട്സാപ് നിരോധിച്ചത് 3,677,000 ഇന്ത്യന്‍ അക്കൗണ്ടുകൾ, കാരണമെന്ത്?
WhatsApp Ban
Mail This Article
പുതിയ ഐടി നിയമങ്ങൾ അനുസരിച്ച് 2022 ഡിസംബറിൽ ഇന്ത്യയിൽ 3,677,000 അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു. നവംബറിലും 37 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് ഡിസംബറിൽ ഇന്ത്യയിൽ നിന്ന് 1607 പരാതികൾ ലഭിക്കുകയും ഇതിൽ 166 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തു.
‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് വാട്സാപ് അറിയിച്ചു. ഡിസംബറിൽ വാട്സാപ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം നവംബറിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ കുറവാണ്. നവംബറിൽ 37.16 അക്കൗണ്ടുകളാണ് നീക്കം ചെയ്തിരുന്നത്.
പുതുക്കിയ ഐടി നിയമങ്ങൾ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാന ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടിൽ ഡിസംബർ 1 മുതൽ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഉൾപ്പെടുന്നത്.
കമ്പനിയുടെ നയങ്ങളും മാർഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ സാധാരണയായി നിരോധിക്കുമെന്ന് വാട്സാപ് നേരത്തേ വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം കോൺടാക്‌റ്റുകളിലേക്ക് ഫോർവേഡ് ചെയ്യുന്നതിനും മറ്റും ഒരു ഉപയോക്താവ് പ്രവർത്തിച്ചിട്ടുണ്ടെങ്കില്‍ വാട്സാപ് അക്കൗണ്ടുകൾ നിരോധിക്കും.
രാജ്യത്തും ലോകമെമ്പാടും വ്യാജ വാർത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിച്ചതിന് ജൂലൈയിലും 23 ലക്ഷവും ജൂണിൽ 22.1 ലക്ഷവും അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു. മേയിൽ 19 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മാർച്ചിൽ 18 ലക്ഷം അക്കൗണ്ടുകളാണ് വാട്സാപ് നിരോധിച്ചത്. ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജി ( ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021 അനുസരിച്ചാണ് ഈ റിപ്പോർട്ടുകൾ പുറത്തിറക്കുന്നത്.
വാട്സാപ്പിന്റെ കംപ്ലയിൻസ് മെക്കാനിസങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ, ഇന്ത്യയിലെ നിയമങ്ങളോ കമ്പനിയുടെ നിബന്ധനകളോ ലംഘിക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങൾ വഴി ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെയും കണക്കുകൾ റിപ്പോർട്ടിൽ കാണിക്കേണ്ടതുണ്ട്. വാട്സാപ്പിന് ഇന്ത്യയിൽ ഒരു പരാതി സെൽ ഉണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയിൽ അല്ലെങ്കിൽ സ്നൈൽ മെയിൽ വഴി കംപ്ലയിൻസ് ഓഫിസറെ ബന്ധപ്പെടാം.
95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രസ്താവിച്ചിരുന്നു. വാട്സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷം അക്കൗണ്ടുകളാണ്.
English Summary: WhatsApp Banned Around 36.77 Lakh User Accounts in India in December 2022