ADVERTISEMENT

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പിൽ മിക്കവർക്കും നിരവധി ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ക്കെല്ലാം പരസ്പരം എല്ലാവരുടെയും നമ്പറുകൾ ലഭിക്കുകയും ചെയ്യും. ഇത് വാട്സാപ്പിലെ ഏറ്റവും വലിയ തലവേദനയാണ്. നമുക്ക് അറിയാത്തവർക്കും നമ്പർ ലഭിക്കുന്നത് സ്ത്രീകൾക്കും മറ്റു ചിലർക്കും വലിയ തലവേദനയാകാറുണ്ട്. ഇത്തരത്തിൽ ഗ്രൂപ്പുകളിൽ നിന്ന് നമ്പറുകൾ സംഘടിപ്പിച്ച് ശല്യം ചെയ്യുന്നവരും ഉണ്ട്. എന്നാൽ ഇതിനൊരു പരിഹാരം വരുമെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പുകളിൽ നിന്ന് ഒരാൾക്കും മറ്റുള്ളവരുടെ നമ്പർ കാണാൻ സാധിക്കില്ല, പകരം പേര് ആയിരിക്കും കാണിക്കുക. ടെലഗ്രാം ഗ്രൂപ്പുകളില്‍ ഇപ്പോൾ തന്നെ ഈ ഫീച്ചർ ലഭ്യമാണ്.

 

ഫോൺ നമ്പറുകൾക്ക് പകരം ഉപയോക്താവ് നൽകുന്ന പേരായിരിക്കും കാണിക്കുക. പുതിയ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കൾക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് മെസേജ് ലഭിച്ചാലും ഫോൺ നമ്പറുകൾക്ക് പകരം പേരുകളാകും കാണിക്കുക. ഈ ഫീച്ചര്‍ പരീക്ഷിക്കാനായി കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ വാട്സാപ് ശ്രമം തുടങ്ങിയിരുന്നു. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം വാട്സാപ്പിൽ വൈകാതെ തന്നെ ഈ ഫീച്ചർ വരുമെന്നാണ്. വാട്സാപ്പിന്റെ ഗ്രൂപ്പ് ചാറ്റ് ലിസ്റ്റിലേക്കും ഈ ഫീച്ചർ കൊണ്ടുവരും. ഇതുവഴി ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ചാറ്റിൽ ആരിൽ നിന്നാണ് സന്ദേശങ്ങൾ ലഭിച്ചതെന്ന് പെട്ടെന്ന് അറിയാനും സാധിക്കും.

 

സ്വീകർത്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിൽ നമ്പർ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോൺടാക്റ്റ് ആരാണെന്ന് അറിയുന്നത് എളുപ്പമാക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന ഗുണം. ഈ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഗ്രൂപ്പിൽ മെസേജ് അയയ്‌ക്കുന്നയാൾ ആരാണെന്ന് പെട്ടെന്ന് മനസ്സിലാക്കാം. പ്രത്യേകിച്ചും വലിയ ഗ്രൂപ്പുകളിൽ ഓരോ ഗ്രൂപ്പ് അംഗത്തിന്റെയും കോൺടാക്റ്റുകൾ സൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

 

വാട്സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പായ 2.23.5.12 ൽ ഈ ഫീച്ചർ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസിന്റെ 23.5.0.73 പതിപ്പിലും ഈ ഫീച്ചറുകൾ ലഭിച്ചേക്കും. പരീക്ഷണങ്ങൾക്ക് ശേഷം പുതിയ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. ഇതിനിടെ, ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന മറ്റൊരു പുതിയ ഫീച്ചറും വാട്സാപ് പരീക്ഷിക്കാൻ തുടങ്ങി. നിലവിൽ ആൻഡ്രോയിഡിനും ഐഒഎസിനുമുള്ള വാട്സാപ് ബീറ്റാ അപ്‌ഡേറ്റിനൊപ്പം ഈ ഫീച്ചർ ലഭ്യമാണ്. ഗ്രൂപ്പ് ചാറ്റ് അഡ്മിനുകൾക്കായി വാട്സാപ് പുതിയ അപ്രൂവൽ ഫീച്ചറാണ് അവതരിപ്പിച്ചത്. ഗ്രൂപ്പ് ഇൻവിറ്റ് ലിങ്ക് ആണെങ്കിലും ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാം എന്നതിനെ നിയന്ത്രിക്കാൻ ഈ പുതിയ ഫീച്ചർ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കും. ചാറ്റ് ലിങ്ക് ഉപയോഗിച്ച് ഒരു വ്യക്തി ഗ്രൂപ്പിൽ ചേരാൻ ശ്രമിക്കുമ്പോഴെല്ലാം ഗ്രൂപ്പിൽ ചേരുന്നതിന് അഡ്മിനിൽ നിന്ന് അനുമതി തേടേണ്ടിവരും. ഇതുവഴി ആർക്കൊക്കെ ചേരാമെന്നും കൂടുതൽ കാര്യക്ഷമമായി ഗ്രൂപ്പ് മാനേജ് ചെയ്യാമെന്നും നിയന്ത്രിക്കാൻ അഡ്മിൻമാർക്ക് കഴിയും.

 

English Summary: WhatsApp to soon replace phone number with username in groups chat list, all about the upcoming feature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com