ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. എന്നാൽ ഇന്ത്യയ്ക്കാരുടെ ഡേറ്റയിലേക്ക് ചൈനീസ് കമ്പനിക്ക് ഇപ്പോഴും ആക്സസ് ഉണ്ടെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷാ കാരണങ്ങളാലാണ് കേന്ദ്ര സർക്കാർ ചൈനീസ് ആപ് ടിക്ടോക്കിനെ വേരോടെ പിഴുതെറിഞ്ഞത്. എന്നാൽ അന്ന് ആപ് ഉപയോഗിച്ചിരുന്ന ഇന്ത്യൻ പൗരന്മാരുടെ വ്യക്തിഗത ഡേറ്റയിലേക്ക് ചൈനീസ് കമ്പനിക്ക് ഇപ്പോഴും ആക്സസ് ഉണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് വന്നിരിക്കുന്നത്.
ഇന്ത്യൻ ഉപയോക്താക്കളുടെ ഡേറ്റ ടിക്ടോക്കിലെ ജീവനക്കാർക്കും ബെയ്ജിങ് ആസ്ഥാനമായുള്ള മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസിലും വ്യാപകമായി ആക്സസ് ചെയ്യാവുന്നതാണെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. നിരോധിക്കുന്നതിന് മുൻപ് ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 15 കോടിയിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ടായിരുന്നു.
നിരോധനം നിലവിലുണ്ടെങ്കിലും ഉപയോക്താക്കളുടെ ഡേറ്റ ചൈനയിൽ എത്രത്തോളം ലഭ്യമാണെന്ന് ഇന്ത്യയ്ക്കാർക്ക് അറിയില്ലെന്ന് കരുതുന്നു എന്നാണ് ടിക് ടോക് ജീവനക്കാരൻ ഫോർബ്‌സിനോട് പറഞ്ഞത്. കമ്പനിയിലെ ജീവനക്കാർക്കെല്ലാം ഈ ഡേറ്റയിലേക്ക് ആക്‌സസ് ഉണ്ടെന്നാണ് ഫോബ്സ് റിപ്പോർട്ട് എടുത്തുകാണിക്കുന്നത്. ഇന്ത്യയിലെ മുൻകാല ടിക് ടോക് ഉപയോക്താക്കളുടെ ഡേറ്റ വീണ്ടെടുക്കാനും വിശകലനം ചെയ്യാനും കഴിയുമെന്നും പറയുന്നു.
ടിക്ടോക് ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന് ലോകമെമ്പാടും 110,000 ജീവനക്കാരുണ്ട്. ഈ വർഷം ആദ്യം ടിക്ടോക് ഇന്ത്യയിലെ ഏകദേശം 40 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അവർക്ക് ഒമ്പത് മാസത്തെ പിരിച്ചുവിടൽ വേതനം നൽകുകയും ചെയ്തിരുന്നു.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിചാറ്റ്, ഷെയറിറ്റ്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോലൈവ്, യുസി ബ്രൗസർ എന്നിവയുൾപ്പെടെ 300 ലധികം ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ചൈനീസ് ബന്ധമുള്ള 138 ചൂതാട്ട ആപ്പുകളും ഏകദേശം 94 ലോൺ ആപ്പുകളും ഉൾപ്പെടെ 230 ലധികം ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
English Summary: TikTok still has access to data of millions of Indian users, new report reveals