യുട്യൂബർമാർക്കിതാ പുതിയ ടൂൾ; പണവും പരിശ്രമവും വേണ്ട, വിഡിയോ ലോകം കാണും!

Photo: NiP STUDIO/ Shutterstock
SHARE

യുട്യൂബിൽ പ്രാദേശിക ഭാഷയിൽ വിഡിയോ ചെയ്യുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ഭാഷയുടെ പരിമിതി വൈകാതെ മറികടക്കും നിങ്ങളുടെ വിഡിയോ ഇനി ലോകം കാണും. യുട്യൂബര്‍മാര്‍ നിര്‍മിക്കുന്ന വിഡിയോകള്‍ ഏതു ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യാന്‍ സാധിക്കുമെന്നാണ് യുട്യൂബ് അറിയിക്കുന്നത്. അധികം സമയമോ പണമോ ചിലവാക്കാതെ തന്നെ എളുപ്പത്തില്‍ വിഡിയോകള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ പുതിയ ഡബ്ബിങ് ടൂള്‍ യുട്യൂബര്‍മാരെ സഹായിക്കും. ഗൂഗിളിന്റെ ഏരിയ 120 ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച എലൗഡ് സംവിധാനം നിര്‍മിത ബുദ്ധിയുടെ സഹായത്തിലാണ് പ്രവര്‍ത്തിക്കുക. 

നിങ്ങള്‍ക്ക് മൊഴിമാറ്റം നടത്തേണ്ട വിഡിയോയിലെ വിവരങ്ങള്‍ മൊഴിമാറ്റം നടത്തി നല്‍കുകയാണ് എലൗഡ് ആദ്യം ചെയ്യുക. ഇതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും നമുക്ക് സാധിക്കും. അതിനുശേഷം എലൗഡ് മൊഴിമാറ്റ വിഡിയോ നിര്‍മ്മിച്ചു നല്‍കും. നിലവില്‍ തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളോ സേവന ദാതാക്കളോ ആണ് യുട്യൂബര്‍മാരുടെ വിഡിയോകള്‍ മൊഴിമാറ്റുന്നതിന് സഹായിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം സേവനങ്ങള്‍ യുട്യൂബര്‍മാര്‍ ഉപയോഗിക്കാറുമുള്ളൂ. എന്നാല്‍ എലൗഡിന്റെ വരവ് ഭാഷയുടെ അതിര്‍ത്തികള്‍ തകര്‍ക്കുമെന്നാണ് യുട്യൂബിന്റെ പ്രതീക്ഷ. 

പല യുട്യൂബര്‍മാര്‍ക്കും ഈ ടൂള്‍ പരീക്ഷിക്കുന്നതിന് ഇതിനകം തന്നെ യുട്യൂബ് നല്‍കിയിട്ടുണ്ട്. നിലവില്‍ വളരെ കുറച്ച് ഭാഷകളില്‍ മാത്രമാണ് പരീക്ഷണത്തിന് യുട്യൂബ് മുതിര്‍ന്നിട്ടുള്ളത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ എലൗഡിന് വിഡിയോകള്‍ മൊഴിമാറ്റം നടത്താനാവും. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്ക് എലൗഡ് എത്തുമെന്ന് ഉറപ്പിക്കാം. 

എലൗഡിന്റെ പരീക്ഷണം ആരംഭിച്ച വിവരം യുട്യൂബ് ക്രിയേറ്റര്‍ പ്രൊഡക്ട്‌സിന്റെ വൈസ് പ്രസിഡന്റ് അജ്മദ് ഹനീഫ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാതെ എല്ലാവര്‍ക്കും എലൗഡ് ലഭ്യമാവും. വോയ്‌സ് പ്രിസര്‍വേഷന്‍, ലിപ് റീ അനിമേഷന്‍, ഇമോഷന്‍ ട്രാന്‍സ്ഫര്‍ തുടങ്ങിയ ഫീച്ചറുകളും വൈകാതെ എലൗഡില്‍ വരുമെന്നും അജ്മദ് ഹനീഫ് വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിഡിയോ ഷെയറിംങ് പ്ലാറ്റ്‌ഫോമായ VidCon2023 വിഡിയോ നിര്‍മാണത്തിന് എലൗഡ് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള പുതിയ പാട്‌നര്‍ പ്രോഗ്രാം ഗൈഡ്‌ലൈന്‍സ് കഴിഞ്ഞ ആഴ്ച്ചയില്‍ യുട്യൂബ് പുറത്തുവിട്ടിരുന്നു. ചില ആന്‍ഡ്രോയിഡ് ഗൂഗിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് 1080 പ്രീമിയം ഓപ്ഷനും യുട്യൂബ് അവതരിപ്പിച്ചിരുന്നു. 

English Summary: YouTube is currently testing a new tool that will help creators automatically dub their videos into other languages using AI, the company announced Thursday at VidCon. YouTube teamed up with AI-powered dubbing service aloud, which is part of Google’s in-house incubator Area 120.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS