'ഒരു ഫോട്ടോ മതി, ഏതു വിഡിയോയും നിർമിക്കാം': 'ഗോഡ്​ഫാദർ' മലയാളം സ്രഷ്ടാവ് പേടിക്കുന്നതിനു പിന്നിൽ കാര്യമുണ്ട്

deep-fake-mohanlal
SHARE

'ഒരു ഫോട്ടോ കിട്ടിയാൽ ആർക്കും ഏതു വിഡിയോയും നിർമിക്കാം, ഇത്രയും വൈറലാകുമെന്നു വിചാരിച്ചില്ല. ഡീപ് ഫേക്  ടെക്നോളജിയെക്കുറിച്ചോർത്തു ഭയപ്പെടുകയാണെന്നു തുറന്നുപറഞ്ഞു വൈറൽ ഗോഡ്ഫാദർ വിഡിയോയുടെ സ്രഷ്ടാവ് രംഗത്തെത്തിയിരുന്നു.ആ വൈറല്‍ വിഡിയോ തന്നെ സന്തോഷിപ്പിക്കുകയല്ല മറിച്ച് ഭയപ്പെടുത്തുകയാണെന്നാണ്' അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചത്.

ഏതൊരാളുടെയും ഫോട്ടോ കിട്ടിയാല്‍  ആര്‍ക്കുവേണമെങ്കിലും എങ്ങിനെയുള്ള വിഡിയോകള്‍ വേണമെങ്കിലും ഉണ്ടാക്കാം, സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളെടുത്തും വിഡിയോ ഉണ്ടാക്കാമെന്നും അതിലെ അപകടങ്ങളും യുവാവ് പറയുന്നു. എന്താണ് വിഡിയോ  സ്രഷ്ടാവിനെപ്പോലും ഭയപ്പെടുത്തുന്ന ഈ എഐ ടെക്നോളജി എന്നു നമുക്ക് നോക്കാം.

കരുതിയിരുന്നില്ലെങ്കില്‍ വന്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇവ മതിയെന്നതിനാല്‍ ഇവയെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കണം.വ്യാജ വാര്‍ത്ത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവില്‍ പുതിയ മാനങ്ങള്‍ തേടുകയാണ് ഡീപ്‌ഫേക് വിഡിയോകളിലൂടെ. വിഡിയോയില്‍ വളരെ സ്വാഭാവികമായി തോന്നിപ്പിക്കുന്ന രീതിയില്‍ ഒരാളുടെ മുഖം മാറ്റിവച്ചാണ് ഡീപ്‌ഫെയ്ക് വിഡിയോ സൃഷ്ടിക്കുന്നത് ഇപ്പോള്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഒരാളുടെ മുഖത്തെ വിവിധ പോയിന്റുകളെ മനസ്സിലാക്കുകയും അവയെ ഗണിത ശാസ്ത്രപരമായി (ജ്യാമിതീതയമായി അല്ല) പഠിക്കുകയും അതിനു ശേഷം ഒരാളുടെ മുഖത്തിനു മുകളിലായി മറ്റൊരാളുടെ മുഖം കൊണ്ടുവരികയും ചെയ്താണ് വ്യാജ വിഡിയോ സൃഷ്ടിക്കുന്നത്.

നിലവിലുള്ള ഫൊറെന്‍സിക് ഉപകരണങ്ങള്‍ വച്ച് ഇതു കണ്ടുപിടിക്കാനാവുകയും ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള അശ്ലീല വിഡിയോയുടെ വര്‍ധനയും ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം തന്നെ റെഡിറ്റ് ഉപയോക്താവ് ഒരു പ്രശ്‌സ്തന്റെ മുഖം മറ്റൊരാളുടെ ഉടലുമായി ചേര്‍ത്ത് എങ്ങനെ അശ്ലീല വിഡിയോ സൃഷ്ടിക്കാമെന്നു കാണിച്ചു തന്നിരുന്നു. അതിനാൽത്തന്നെ നാം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന ചിത്രം പോലും ദുരുപയോഗം ചെയ്യാൻ കഴിയും.

എന്താണ് ഡീപ്ഫേക് ടെക്നോളജി

ഒരു വ്യക്തിയുടെ വിഡിയോകളോ ഓഡിയോ റെക്കോർഡിങുകളോ സൃഷ്‌ടിക്കാനോ മാറ്റിമറിയ്ക്കാനോ മെഷീൻ ലേണിംഗ് ഉപയോഗിക്കുന്ന ഒരു തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ് ഡീപ്ഫേക്ക് ടെക്‌നോളജി, അതുവഴി ആ വ്യക്തി ഒരിക്കലും പറയാത്ത എന്തെങ്കിലും പറയുന്നതോ ചെയ്യുന്നതോ ആക്കി മാറ്റാനാകും. "ഡീപ്ഫേക്ക്" എന്ന വാക്ക് തന്നെ "ആഴത്തിലുള്ള", "വ്യാജം" എന്നിവയുടെ സംയോജനമാണ്.

അതേ സമയം ഡീപ്ഫേക് സാങ്കേതികവിദ്യയ്ക്ക് നിരവധി സാധ്യതകളുണ്ട്. 'റിയലിസ്റ്റിക് ലുക്കിങ്' മ്യൂസിക് വീഡിയോകളോ സിനിമകളോ സൃഷ്ടിക്കുന്നത് പോലെയുള്ള വിനോദ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാം. ചരിത്രപരമായ സംഭവങ്ങളുടെ അനുകരണങ്ങൾ അല്ലെങ്കിൽ പ്രശസ്തമായ പ്രസംഗങ്ങൾ സൃഷ്ടിക്കുന്നത് പോലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം.

ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്, എന്നാൽ ഇത് നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാവുന്ന ശക്തമായ ഒരു ഉപകരണമാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. സാങ്കേതികവിദ്യ വികസിക്കുമ്പോൾ , അത് ഉത്തരവാദിത്തത്തോടെയും ധാർമികമായും ഉപയോഗിക്കുന്നതിനുള്ള വഴികൾ കണ്ടെത്തേണ്ടത് പ്രധാനമാണ്.

എങ്ങനെ തിരിച്ചറിയാം

നിലവിലെ സാഹചര്യത്തിൽ ഡീപ് ഫേക്കുകൾ നിരീക്ഷിച്ചാൽ തിരിച്ചറിയാൻ സാധിക്കും. പക്ഷേ എഐയുടെ കഴിവുകളുടെ അനന്ത സാധ്യതകൾ ഇത്തരം കുറവുകൾ പരിഹരിച്ചേക്കാം

വിഡിയോയിലോ ഓഡിയോ റെക്കോർഡിങ്ങിലോ പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് നോക്കുക. ഉദാഹരണത്തിന്, വ്യക്തിയുടെ മുഖം അസ്വാഭാവികമായി തോന്നാം അല്ലെങ്കിൽ അവരുടെ ചുണ്ടുകളുടെ ചലനം അവരുടെ സംസാരവുമായി പൊരുത്തപ്പെടുന്നില്ലായിരിക്കാം.

വിഡിയോ അല്ലെങ്കിൽ ഓഡിയോ റെക്കോർഡിങിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധിക്കുക. ആൾ വിഡിയോ സാധാരണ എടുക്കേണ്ട സ്ഥലത്തേക്കാൾ വ്യത്യസ്‌തമായ സ്ഥലത്താണെങ്കിൽഅത് ഒരു ഡീപ്ഫേക്ക് ആയിരിക്കാം.

ചർമത്തിലോ മുടിയിലോ മുഖത്തോ ഉള്ള പ്രശ്‌നങ്ങൾ നോക്കുക, അവ  മങ്ങിയതായി തോന്നുന്നു. ഫോകസ്  പ്രശ്നങ്ങളും എടുത്തുകാണിക്കും

മുഖത്തെ ലൈറ്റിങ് അസ്വാഭാവികമായി  തോന്നുന്നുണ്ടോ? പലപ്പോഴും, ഡീപ്ഫേക്ക് അൽഗോരിതങ്ങൾ വ്യാജ വിഡിയോയുടെ മോഡലുകളായി ഉപയോഗിച്ച ക്ലിപ്പുകളുടെ ലൈറ്റിങ് നിലനിർത്തും, ഇത് ടാർഗെറ്റ് വിഡിയോയിലെ ലൈറ്റിങുമായി പലപ്പോഴും പൊരുത്തപ്പെടുന്നില്ല. 

ഒരു  ചിത്രത്തിന്റെ യഥാർത്ഥ ഉറവിടം പരിശോധിക്കാൻ  പലപ്പോഴും ഉപയോഗിക്കുന്ന ഒരു സാങ്കേതികത, നിങ്ങൾക്ക് ചെയ്യാൻ കഴിയും–റിവേഴ്സ് ഇമേജ് സെർച്ചിങ്  . ആരാണ് ചിത്രം പോസ്‌റ്റ് ചെയ്‌തത്, എവിടെയാണ് പോസ്റ്റ് ചെയ്‌തത് എന്നൊക്കെ അറിയാനാവും.

ഡീപ് ഫേക്കിനെക്കുറിച്ചു ചില കാര്യങ്ങൾ

∙ 2017ൽ സിനിമ താരങ്ങളുടെ ഉൾപ്പടെ ഡീപ് ഫേക് അശ്ലീല രംഗങ്ങൾ റെഡിറ്റ് പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതോടെ ഇത്തരം സാങ്കേതിക വിദ്യയുടെ ദുരുപയോഗം നടക്കുന്നതായി ബോധ്യപ്പെട്ടു.

∙ 2018 ഏപ്രിലില്‍ ബസ്ഫീഡുമായി ചേർന്ന് ജോർദാൻ പീലെ ബറാക് ഒബാമയുടെ ഒരു വിഡിയോ സ്രഷ്ടിച്ചു, ഇത്തരത്തിൽ വിഡിയോകൾ പുറത്തിറങ്ങിയേക്കാം എന്നുള്ള പൊതുജന അറിവിലേക്കായിരുന്നു അത്.

∙ 2019 ജനുവരിയിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിഡിയോ സ്രഷ്ടിച്ചതിനു പ്രമുഖ മാധ്യമമായ കെസിപിക്യു ജീവനക്കാരനെ പുറത്താക്കി.

∙ 2023 ജൂൺ 5ന് പുടിന്റെ ഒരു വിഡിയോ പുറത്തുവന്നു. ഡീപ് ഫേക് എന്നറിയാതെ നിരവധി മാധ്യമങ്ങൾ അതു സംപ്രേക്ഷണവും ചെയ്തു.

∙ സ്പൈഡർമാൻ: നോ വേ ഹോം ട്രെയിലർ എടുത്ത് ടോം ഹോളണ്ടിന്റെ മുഖത്തിന് പകരം 'ഒറിജിനൽ സ്പൈഡി'യായ ടോബി മാഗ്വയറിന്റെ മുഖം നൽകിയത് ആരാധകർ കൈയടിയോടെയാണ് സ്വീകരിച്ചത്.

∙ടോം ക്രൂസ്  കൈകഴുകുന്നത് പോലുള്ള ദൈനംദിന കാര്യങ്ങൾ മുതൽ ഗോൾഫ് കളിക്കുന്നത് വരെ ഡീപ് ഫേക്  ചെയ്തു നിരവധി ആരാധകരെ നേടിയ ഡീപ്ടോംക്രൂസ് എന്ന ചാനൽ വളരെ പ്രശസ്തമാണ്.

∙ ഏറ്റവും കൂടുതൽ ഡീപ് ഫേക് വിഡിയോയിൽ വന്നയാൾ ഡൊണാൾഡ് ട്രംപ് ആയിരിക്കണം. ജനപ്രിയമായ ബ്രേക്കിംഗ് ബാഡ് സീരീസിൽ നിന്നുള്ള ഒരു രംഗം എടുക്കുകയും ഡൊണാൾഡ് ട്രംപിനെ അഭിഭാഷകനായ സോൾ ഗുഡ്മാനായി മാറ്റുകയും ചെയ്തിരുന്നു. 

∙ന്യൂയോർക്കിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ അവരുടെ പ്രിൻസിപ്പൽ വംശീയ പരാമർശങ്ങള്‍ നടത്തുന്നതും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതുമായ ഒരു വിഡിയോ ചെയ്തു പിടിക്കപ്പെട്ടു.

English Summary: vavvalmanusyan talk about Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS