5 കോടി ഉപയോക്താക്കൾ, ചരിത്രമായി ത്രെഡ്സ്; പക്ഷേ യൂറോപ്യൻ യൂണിയനിൽ കിട്ടില്ല, കാരണമറിയാം

thread-main
Meta's Threads app logo is seen in this illustration taken on July 4, 2023. Photo: REUTERS/Dado Ruvic/Illustration/File Photo
SHARE

ആപ് സ്റ്റോറുകളിലെത്തി മണിക്കൂറിനുള്ളില്‍ 20 ലക്ഷം ഉപയോക്താക്കളെയാണ് ത്രെഡ്‌സിനു കിട്ടിയത്.  ഏകദേശം 24 മണിക്കൂർ പിന്നിടുമ്പോൾ 5 കോടി ഉപയോക്താക്കളാണത്രെ ത്രെഡ്സിനുള്ളത്.   1 ബില്യന്‍ ഉപയോക്താക്കളെ കിട്ടുമെന്ന സക്കർബർഗിന്റെ സ്വപ്നം  താമസിയാതെ പൂവണിഞ്ഞേക്കും. 

ടെക് ഭീമനായ മെറ്റ അതിന്റെ  ട്വിറ്റർ എതിരാളിയായ ത്രെഡ്‌സ് ആപ് വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇന്‍സ്റ്റഗ്രാമിന്റെ ഭാഗമായി ആണ് 'ത്രെഡ്‌സ്' അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിന് പ്രതിമാസം 2 ബില്യനിലേറെ ആക്ടീവ് യൂസര്‍മാരുണ്ട്. ഇവരില്‍ ചെറിയൊരു ശതമാനം പേര്‍ താൽപര്യം കാണിച്ചാല്‍ പോലും ആപ് ഒരു വിജയമാക്കാമെന്നാണ് സക്കര്‍ബര്‍ഗിന്റെ കണക്കുകൂട്ടല്‍.

അതിനാലാണ് ട്വിറ്റര്‍ കില്ലര്‍ പ്ലാറ്റ്‌ഫോമായി ത്രെഡ്‌സിനെ ചിത്രീകരിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ രീതിയില്‍ സന്ദേശം പോസ്റ്റ് ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത. 

എന്നാൽ യൂറോപ്യൻ യൂണിയൻ ത്രെഡ്സിനെ പുറത്തു നിർത്തിയിരിക്കുന്നു. കാരണമെന്ത്?

ത്രെഡ്സ് ഒരു സ്വതന്ത്ര ആപ്പല്ല

ഇൻസ്റ്റഗ്രാമിന്റെ അസ്തിത്വത്തിലാണ് നില നിൽപ്പ് അതിനാൽത്തന്നെ ഇൻസ്റ്റഗ്രാമിനു ബാധകമായി നിയമങ്ങളും ഒപ്പം പുതിയ ഡാറ്റാ ശേഖരണ സംവിധാനവുമാണ് കുരുക്കായിരിക്കുന്നത്. ട്വിറ്ററിന്റെ സ്ഥാപകരിലൊരാളായ ജാക്ക് ഡോർസി തന്നെ ത്രെഡ്സിന്റെ വിവരശേഖരണത്തെ വിമർശിച്ചിരുന്നു.  ഐഫോണില്‍ ത്രെഡ്‌സ് പ്രവര്‍ത്തിപ്പിക്കണമെങ്കല്‍ 14 അനുമതികള്‍ നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപയോക്താവിന്റെസ്വകാര്യതയിലേക്ക്കടന്നുകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് അദ്ദേഹം നല്‍കിയ സൂചന. വളരെ സെൻസിറ്റീവ് വിവരങ്ങളാണ് ത്രെഡ്സ് ശേഖരിക്കുന്നതെന്നായിരുന്നു ആരോപണം.

ആരോഗ്യം, ധനകാര്യ വിവരങ്ങൾ, ഷോപിങ്, ബ്രൗസിങ് ഹിസ്റ്ററി തുടങ്ങിയ 14തരം കാര്യങ്ങൾ. പക്ഷേ യഥാർഥത്തിൽ ഇതൊക്കെ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുകും പിന്നെ  കുറേയൊക്കെ ട്വിറ്ററും ചെയ്യുന്നുണ്ടെന്നാണ് യാഥാർഥ്യം. പക്ഷേ ഇത്ര വിപുലമായ രീതിയില്ലെന്നു ടെക് വിദഗ്ദർ പറയുന്നു.  ആപ്പിൽ ഇതുവരെ പരസ്യങ്ങളില്ല എന്നാൽ ഭാവിയിൽ ശേഖരിച്ച വിവരങ്ങൾ  പരസ്യങ്ങൾ കാണിക്കാൻ ഉപയോഗിച്ചേക്കാം. 

ഡിജിറ്റൽ മാർകറ്റ്സ് ആക്ട് എന്ന കുരുക്ക്

ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ബെൽജിയം എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ആപ്പ് സ്റ്റോറുകൾ ബുധനാഴ്ച രാവിലെ വരെ ആപ് ലിസ്റ്റ് ചെയ്തിരുന്നില്ല. യൂറോപ്യൻ യൂണിയനിൽ കുരുക്കാവുന്നത് ഡിജിറ്റൽ മാർകറ്റ്സ് ആക്ട്. ഗേറ്റ് കീപ്പർമാരെനന്നു വിശേഷിപ്പിക്കപ്പെടുന്ന സമൂഹ മാധ്യമങ്ങളിലേതുൾപ്പടെയുള്ള ടെക് ഭീമൻമാർ  നിബന്ധനകൾ അ‌ടിച്ചേൽപ്പിക്കുന്നതിനെതിരെയും സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുമായിരുന്നു ഈ നിയമം കൊണ്ടു വന്നത്. 

2020 ഡിസംബറിലാണ് യൂറോപ്യൻ കമ്മീഷൻ ഡിജിറ്റൽ മാർകറ്റ്സ് ആക്ട് അവതരിപ്പിച്ചത്.  2022 ജൂലൈയിൽ ഡിജിറ്റൽ മാർക്കറ്റ് നിയമം പാർലമെന്റ് അംഗീകരിച്ചു. ഡിഎസ്എ വ്യവസ്ഥകൾ പ്രകാരം എല്ലാ സേവന ദാതാക്കളും ഫെബ്രുവരി 17നു അകം ഈ നിയമം പ്രാബല്യത്തിൽ വരുത്തണം.  വിവിധ സേവനങ്ങളിൽ നിന്നു ലളിതമായി പിന്‍വാങ്ങാനുള്ള അവസരം, പ്രി ഇൻസ്റ്റാൾഡ് സേവനങ്ങളും മാറ്റാനുള്ള സ്വാതന്ത്രം ഒപ്പം സമാന്തര ആപ് സ്റ്റോറുകളുപയോഗിക്കാനുള്ള സ്വാതന്ത്രവുമൊക്കെയാണ് ഈ നിയമം ഉറപ്പുവരുത്തുന്നത്.

ഗേറ്റ്കീപ്പറുടെ സ്വന്തം ഉൽപ്പന്നങ്ങളോ സേവനങ്ങളോ കൂടുതൽ അനുകൂലമായ രീതിയിൽ റാങ്ക് ചെയ്യുന്നത് നിരോധിക്കുക, സമ്മതം വാങ്ങാതെ, പരസ്യം ചെയ്യുന്നതിനായി ഗേറ്റ്കീപ്പറുടെ പ്രധാന പ്ലാറ്റ്‌ഫോം സേവനത്തിന് പുറത്ത്  ഉപയോക്താക്കളെ ട്രാക്കുചെയ്യുന്നത് നിരോധിക്കുകപോലുള്ള നിയന്ത്രണങ്ങളും കമ്മീഷൻ നടപ്പിൽ വരുത്തുകയാണ്.

ജര്‍മന്‍ ആന്റിട്രസ്റ്റ് കേസില്‍ യൂറോപ്യന്‍ യൂണിയൻ പരമോന്നത കോടതിയില്‍ നിന്നും അടുത്തിടെ മെറ്റയ്ക്കു തിരിച്ചടി നേരിട്ടിരുന്നു. പരസ്യ ആവശ്യങ്ങള്‍ക്കായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിക്കുന്നതിൽ  നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പുതിയ നിയമം നടപ്പിലാക്കുന്നതിലെ സങ്കീർണതകൾ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനാൽ തൽക്കാലം യൂറോപ്യൻ രാജ്യങ്ങളിൽ മെറ്റയുടെ പുതിയ ആപ് ലഭിക്കാൻ സാധ്യതയില്ല.

English Summary: No Instagram Threads app in the EU

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS