ചന്ദ്രനെച്ചുറ്റി ഭൂമിയെ നോക്കും ഷെയ്പ്; മുൻഗാമിയിൽ നിന്നുള്ള ഏറ്റവും വലിയ വ്യത്യാസം ഇങ്ങനെ
Mail This Article
ചന്ദ്രയാൻ ദൗത്യത്തിന് മുൻഗാമിയിൽ നിന്നുള്ള ഏറ്റവും വലിയ വ്യത്യാസം അതിന് ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ ഭാഗം ഇല്ലെന്നതാണ്. ലാൻഡർ, റോവർ ദൗത്യങ്ങൾക്കു പുറമേ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന മറ്റൊരു ഭാഗം കൂടി ചന്ദ്രയാൻ 3 ദൗത്യത്തിനുണ്ട്. ഈ പ്രൊപ്പൽഷൻ മൊഡ്യൂളിനുള്ളിൽ ഒരേയൊരു പേലോഡ് ഉപകരണമാണ് വച്ചിട്ടുള്ളത്. സ്പെക്ട്രോ പോളിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത് അഥവാ ഷെയ്പ് എന്നാണ് ഇതിന്റെ പേര്. ഭൂമിയുടെ ദൃശ്യങ്ങളും ഈ ഉപകരണം പകർത്തിയെടുത്ത് അയയ്ക്കും.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ട് ഭൂമിയെ നിരീക്ഷിക്കുക എന്നതാകും ഷെയ്പിന്റെ ദൗത്യമെന്ന പ്രത്യേകതയുണ്ട് ചന്ദ്രോപരിതലത്തിന്റെ താപ സവിശേഷതകൾ വിലയിരുത്തുന്ന ചാസ്റ്റ് (ചന്ദ്രാസ് സർഫസ് തെർമോ ഫിസിക്കൽ എക്സ്പെരിമെന്റ്), ചന്ദ്രോപരിതലത്തിന്റെ വൈദ്യുത–കാന്തിക സ്വഭാവവും ഉപരിതല പ്ലാസ്മയും പരിശോധിക്കുന്നതിനുള്ള ലാഗ്മിർ പ്രോബായ രംഭ, ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്ന സ്ഥലത്തിനു ചുറ്റുമുള്ള കമ്പനങ്ങൾ അളക്കാനായുള്ള ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി അഥവാ ഇൽസ, നാസവഴിയെത്തിയ പാസീവ് ലേസർ റെട്രോഫ്ലെക്ടർ അറേ (എൽആർഎ) എന്നിവയും ലാൻഡറിൽ ഉണ്ടാകും.
ലാൻഡറിൽ നിന്നു പുറത്തിറങ്ങി മുന്നോട്ടുപോകുന്ന റോവറിലും 2 ഉപകരണങ്ങളുണ്ട്. ലാൻഡർ തെന്നിയിറങ്ങുന്ന മേഖലയ്ക്കടുത്തുള്ള തന്മാത്രാ ഘടനയും മറ്റും പരിശോധിക്കുന്നതിന് ആൽഫ പാർട്ടിക്കിൾ എക്സ്‌റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്‍എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ഉപകരണങ്ങളാണ് റോവറിൽ.