ADVERTISEMENT

ട്വിറ്ററിന്റെ മുഖമുദ്രയായ കുരുവിയുടെ ലോഗോ അടക്കം മാറ്റുമെന്ന് ഇലോണ്‍ മസ്‌ക്. കുരുവിക്ക് പകരം 'X' എന്ന അക്ഷരത്തിലുള്ള ലോഗോയായിരിക്കും ട്വിറ്ററിനുണ്ടാവുക. ചൈനയിലെ വി ചാറ്റ് പോലെ ട്വിറ്ററിനേയും ഒരു സൂപ്പര്‍ ആപ്ലിക്കേഷനാക്കി മാറ്റുകയാണ് മസ്‌കിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ട്വിറ്ററിനെ അടിമുടി പുതുക്കി പണിയുകയാണ് ഇലോണ്‍ മസ്‌ക്.

 

'വൈകാതെ ട്വിറ്റര്‍ ബ്രാന്‍ഡിനോട് നമ്മള്‍ വിടപറയും. കൂടെ കുരുവികളോടും' എന്നും പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റു ചെയ്തത്. ട്വിറ്ററിന്റെ വിഖ്യാതമായ കുരുവിയുടെ ലോഗോക്ക് പകരം എക്‌സ് എന്ന അക്ഷരം കൊണ്ടുള്ള ലോഗോയും മസ്‌ക് ട്വീറ്റു ചെയ്തിരുന്നു. ട്വിറ്റര്‍ ലോഗോ മാറുമോ എന്ന സംശയത്തിന് മാറുമെന്നും ഇത് നേരത്തേ ചെയ്യേണ്ടതായിരുന്നു എന്നുമായിരുന്നു മസ്‌ക് മറുപടി നല്‍കിയത്. 

 

'നമ്മുടെ ആശയവിനിമയത്തില്‍ വലിയ മാറ്റമാണ് ട്വിറ്റര്‍ കൊണ്ടുവന്നത്. എക്‌സ് അത് മുന്നോട്ടു കൊണ്ടുപോകും' എന്നാണ് ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ലിന്‍ഡ യകാരിനോ പറഞ്ഞത്. ഒരേസമയം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമും പണം കൈമാറ്റം അടക്കമുള്ള ഒട്ടനവധി സേവനങ്ങളും നല്‍കുന്ന ആപ്ലിക്കേഷനാണ് വിചാറ്റ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 129 കോടിയാണ് വിചാറ്റിന്റെ ഉപഭോക്താക്കള്‍. ട്വിറ്ററിന്റെ ഉപഭോക്താക്കളെ ഉപയോഗിച്ച് വിചാറ്റിന്റേതുപോലെ പല സേവനങ്ങള്‍ നല്‍കുന്ന വെബ് സൈറ്റായി എക്‌സ് ഡോട്ട് കോമിനെ മാറ്റുകയാണ് എലോണ്‍ മസ്‌കിന്റെ ലക്ഷ്യം. 

 

2022 ഒക്ടോബറില്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ കമ്പനി അതിന്റെ ബിസിനസ് നെയിം എക്‌സ് ഡോട്ട് കോം എന്നാക്കി മാറ്റിയിരുന്നു. മസ്‌ക് ട്വിറ്ററിലെത്തിയ ശേഷം വലിയ തോതിലുള്ള അഴിച്ചുപണിയാണ് ജീവനക്കാരുടെ കാര്യത്തിലടക്കം ഉണ്ടായത്. പല തരത്തിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് പരമാവധി കാണാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലും മസ്‌ക് നിയന്ത്രണം വരുത്തി. 

 

മസ്‌കിന്റെ വരവോടെ നേരത്തെ പ്രതിസന്ധിയിലായിരുന്ന ട്വിറ്റര്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയെന്ന രീതിയിലും റിപോര്‍ടുകളുണ്ടായിരുന്നു. ജൂലൈ അഞ്ചിന് മെറ്റ പുറത്തിറക്കിയ ത്രഡ്‌സ് അഞ്ചു ദിവസം കൊണ്ട് 10 കോടി ഉപഭോക്താക്കളെ നേടിയിരുന്നു. 500 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് കാണിച്ച് ട്വറ്ററിനെതിരെ മുന്‍ ജീവനക്കാര്‍ നിയമപോരാട്ടം ആരംഭിച്ചതും മസ്‌കിന് തലവേദനയായിട്ടുണ്ട്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com