ADVERTISEMENT

നിരന്തരം അപ്ഡേറ്റുകള്‍ക്കു വിധേയമാകുകയാണ് വാട്സാപ്പ് പോലെയുള്ള സന്ദേശകൈമാറ്റ സംവിധാനങ്ങള്‍. പുതിയ അപ്ഡേറ്റുകളിൽ വളരെ സൗകര്യപ്രദമായ നിരവധി സംവിധാനങ്ങളാണ്  ഉൾപ്പെടുത്തുന്നത്. ഇതാ വാട്സാപ്പിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കുമ്പോൾ അതിനെന്തു പേരിടണം എന്നാലോചിച്ചു തല പുകയുന്നവർക്ക് ആശ്വാസമായി മെറ്റയുടെ പുതിയ പരിഷ്കാരം. ഇനി മുതൽ പേരില്ലാത്ത ഗ്രൂപ്പുകളുണ്ടാക്കാൻ അനുവദിക്കുമെന്ന് സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. 

 

പെട്ടെന്നൊരു ഗ്രൂപ്പ് ഉണ്ടാക്കേണ്ടി വരുമ്പോഴോ ഗ്രൂപ്പിന്റെ വിഷയം എന്താണെന്ന് തീരുമാനിക്കാത്തപ്പോഴോ ഒരു പേരും നൽകാതെ ഗ്രൂപ്പ് സൃഷ്ടിക്കാം. സാധാരണ വാട്സാപ് ഗ്രൂപ്പിൽ നിന്ന് വ്യത്യസ്തമായി പേരില്ലാ ഗ്രൂപ്പുകളിൽ 6 പേരെ മാത്രമേ ചേർക്കാൻ സാധിക്കൂ. ഈ 6 പേരുടെ പേരുകളുമായി ബന്ധപ്പെടുത്തി വാട്സാപ് തന്നെ ഗ്രൂപ്പിന് ഒരു പേരിടും. ആറു പേർക്കും പേര് വ്യക്തിഗതമായിരിക്കുകയും ചെയ്യും. ഓരോരുത്തരും ഗ്രൂപ്പിലെ അംഗങ്ങളുടെ പേര് സേവ് ചെയ്തിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും പേരിടൽ. പേരില്ലാത്ത കോൺടാക്ടുകളാണെങ്കിൽ നമ്പർ കാണിക്കും. 

 

കഴിഞ്ഞ ദിവസം എച്ച്ഡി ഫോട്ടോകളും പങ്കിടാനുള്ള സൗകര്യവും അവതരിപ്പിച്ചതിനു പിന്നാലെ വാട്സാപ് എച്ച്ഡി വിഡിയോ ഷെയറിങ്ങും അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി വിഡിയോകൾ പരമാവധി നിലവാരത്തിൽ ഷെയർ ചെയ്യാൻ സാധിക്കും. എച്ച്ഡി (2000x3000 പിക്സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365x2048 പിക്സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവുമെന്നതിനാൽ കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്ന് ഫോട്ടോ-ബൈ-ഫോട്ടോ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം.

 

വാട്സ് ആപിലെ ചാറ്റുകളെല്ലാം പുതിയ ഫോണിലേക്കു മാറ്റേണ്ടി വരുമ്പോൾ ക്ലൗഡ് അല്ലെങ്കിൽ ബാക്അപ് സംവിധാനമില്ലെങ്കിൽ ആകെ ബുദ്ധിമുട്ടാകുമായിരുന്നു. അടുത്തിടെ  ക്യുആർ കോഡ് അധിഷ്ഠിത രീതിയിലൂടെ നിങ്ങളുടെ പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനുള്ള സുരക്ഷിതവും വേഗത്തിലുള്ളതുമായ മാർഗം വാട്സ്ആപ് പ്രഖ്യാപിച്ചു മാത്രമല്ല മൾട്ടി ഡിവൈസ് സേവനം, സ്ക്രീൻ പങ്കിടൽ തുടങ്ങി നിരവധി അപ്ഡേറ്റുകളാണ് അടുത്തിടെ വാട്സ് ആപ് പ്രഖ്യാപിച്ചത്.ഉടൻതന്നെ പുതിയ അപ്ഡേറ്റായി ഗ്രൂപ്പിൽ ചേരുന്നവർക്കു പഴയ ചാറ്റുകളുടെ ഹിസ്റ്ററിയും ലഭ്യമായിത്തുടങ്ങുന്ന സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചു.

 

English Summary:

 

 

WhatsApp groups without name are now possible with this new update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com