5 പതിറ്റാണ്ടോളം മുൻപ് ആന്ധ്രാതീരത്തുള്ള ശ്രീഹരിക്കോട്ട എന്ന ആരും ശ്രദ്ധിക്കാതെ കിടന്ന ദ്വീപ് ഇപ്പോൾ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധാകേന്ദ്രമാണ്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയതോടെ ലോക രാജ്യങ്ങളുടെ കണ്ണുകൾ ഇന്ത്യയിലായിരുന്നു. 78 ദശലക്ഷം ആളുകളാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് യുട്യൂബിൽ കണ്ടത്. അതേപോലെ ആദിത്യ എൽ വൺ ലോഞ്ചിങ് ലൈവും 5 മണിക്കൂറോളം സമയത്തിനുള്ളിൽ 5 ദശലക്ഷം കാഴ്ചക്കാരുടെ എണ്ണം പിന്നിട്ടുകഴിഞ്ഞു.
വിവിധ സമൂഹമാധ്യമങ്ങളിൽ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വിക്ഷേപണ ദൃശ്യങ്ങളെല്ലാം വൈറലാണ്. അതേപോലെ തന്നെ ശ്രീഹരിക്കോട്ടയിൽ പൊതുജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് ഒത്തുകൂടിയത്. കൗണ്ട് ഡൗണിനുശേഷം വിക്ഷേപണം ആരംഭിച്ചപ്പോൾ അവിടെ ആഹ്ളാദവും ഭാരത് മാതാ കീ ജയ് എന്ന ആരവവും ഉയർന്നു.
ഇസ്രോ, കഴിഞ്ഞ ഓഗസ്റ്റ് 23-ന് ദക്ഷിണ ധ്രുവ ചന്ദ്ര പ്രതലത്തിൽ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇന്നുവരെയുള്ള എല്ലാ യുട്യൂബ് ലൈവ് സ്ട്രീമുകളിലും ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ചന്ദ്രയാൻ-3യുടെ തത്സമയ സംപ്രേക്ഷണമായിരുന്നു. അതേപോലെ ആദിത്യ എൽ വൺ ലോഞ്ചിങ് ദൃശ്യങ്ങളും കാഴ്ചക്കാരുടെ എണ്ണത്തിൽ ഹിറ്റിലേക്കാണ് യാത്ര.
English Summary: ISRO successfully places Aditya L1 in orbit an hour after challenging launch