വാട്‌സാപിന്റെ വികസന സാധ്യത പരമാവധി ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞു എന്ന തോന്നലുണ്ടായിരിക്കുന്ന ഈ സമയത്ത്, ഹിറ്റ് ആകാന്‍ സാധ്യതയുള്ള പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കൂട്ടുകാരും, കുടുംബാംഗങ്ങളും ഒക്കെയായി നടത്തി വന്നിരുന്ന സന്ദേശക്കൈമാറ്റമാണ് വാട്‌സാപ്പിനെ പ്രശസ്തമാക്കിയത്. എന്നാൽ അതില്‍ നിന്നു വ്യത്യസ്തമായ ഒരു സമീപനമാണ് വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്ന ചാനല്‍സ്(WhatsApp Channels). ഇന്ത്യ അടക്കം 150 രാജ്യങ്ങളിലാണ് ചാനല്‍സ് ഫീച്ചര്‍ നല്‍കുന്നത്.
എന്താണ് ചാനല്‍സ്?
പ്രശസ്തരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്കെ തങ്ങളുടെ ചാനല്‍സ് തുടങ്ങാം. ഉദാഹരണത്തിന് ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചാനല്‍സ് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് അതില്‍ ചേരാം. അതില്‍ വരുന്ന അപ്‌ഡേറ്റുകള്‍ അറിയാം. എന്നാല്‍, തിരിച്ച് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധ്യമല്ല. ഇന്‍സ്റ്റഗ്രാം(Instagram) ചാനല്‍സ് പോലെ പ്രശസ്തര്‍ക്കും, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും, ലോക നേതാക്കള്‍ക്കും, വിശിഷ്ട വ്യക്തികള്‍ക്കുംസ്ഥാപനങ്ങള്‍ക്കും തങ്ങളുടെ ചാനലുകള്‍ തുടങ്ങാം.
പ്രശസ്തനായ ഒരു വ്യക്തി ഇടുന്ന പോസ്റ്റുകള്‍ക്ക് ആ വ്യക്തിയെ ഫോളോ ചെയ്യുന്നവരെല്ലാം പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അതിനു മറുപടി എഴുതാന്‍ സമയം കിട്ടില്ല. ഈ പ്രശ്‌നത്തിനൊരു പരിഹാരമാണ് ചാനല്‍സ്. അതേസമയം, ചാനല്‍സ് പ്രവര്‍ത്തിപ്പിക്കുന്നആളിന് തന്റെ ഫോളോവര്‍ക്ക് സ്വകാര്യ സന്ദേശം അയയ്ക്കാനും സാധിക്കും.
നിരവധി പ്രമുഖര്‍ ഇപ്പോള്‍ത്തന്നെ ചാനല്‍സ് തുടങ്ങി
വാട്‌സാപുമായി സഹകരിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചാനല്‍സ് തുടങ്ങിയിരിക്കുന്നത്. ബിസിസിഐക്കു പുറമെ മോഹൻലാൽ, മമ്മൂട്ടി, കത്രീന കൈഫ്, അക്ഷയ് കുമാര്‍, വിജയ് ദേവെരകൊണ്ട, നേഹാ കാക്കര്‍ തുടങ്ങി പലരും ചാനല്‍സ് തുടങ്ങിക്കഴിഞ്ഞു. ഒക്ടോബറില്‍ തുടങ്ങുന്നഐസിസി മെന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ് 2023ന് മുന്നോടിയായാണ് വാട്‌സാപുമായി സഹകരിച്ച് ചാനല്‍സ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ബിസിസിഐ പറഞ്ഞു. ഇന്‍സ്റ്റഗ്രാം ചാനല്‍സിനെ പോലെ തന്നെയായിരിക്കും വാട്‌സാപ് ചാനല്‍സും എന്ന് കമ്പനി പറഞ്ഞു.
ചാനലുകള്‍ 'അപ്‌ഡേറ്റ്‌സില്‍'
ഏതു രാജ്യത്തു നിന്നുള്ള ആളാണോ, ആ രാജ്യത്തുള്ള ചാനലുകള്‍ കാണാന്‍ സാധിക്കും. പുതിയ ചാനലുകളും, ഏറ്റവും ആക്ടിവ് ആയിട്ടുള്ളവയും, ഏറ്റവുമധികം ഫോളോവര്‍മാരുള്ള ചാനലുകളും ഒക്കെ കാണാനാകും. ഒരാള്‍ ആരെയാണ് ഫോളോ ചെയ്യുന്നത് എന്ന് മറ്റുള്ളവര്‍ക്ക്കാണാനും സാധിക്കില്ല. വാട്‌സാപില്‍ കൊണ്ടുവന്നിരിക്കുന്ന അപ്‌ഡേറ്റ്‌സ് എന്ന പുതിയ ടാബില്‍ ആണ് ചാനലുകള്‍ കാണാന്‍ സാധിക്കുക. കാണാന്‍ സാധിക്കാത്തവര്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്തു നോക്കുക.
ഒരു വാട്സ്ആപ് ചാനലിൽ ചേരാനുള്ള രണ്ട് വഴികൾ ഇതാ:
ഒരു ലിങ്കിൽ നിന്ന്: നിങ്ങൾക്ക് വാട്സ്ആപ്പ് ചാനലിലേക്ക് ഒരു ലിങ്ക് നൽകിയിട്ടുണ്ടെങ്കിൽ, ചാനലിൽ ചേരുന്നതിന് നിങ്ങൾക്ക് ലിങ്കിൽ ടാപ്പ് ചെയ്യാം.
അപ്‌ഡേറ്റ് ടാബിൽ നിന്ന്: വാട്ട്‌സ്ആപ്പിലെ അപ്‌ഡേറ്റ് ടാബിലേക്ക് പോയി നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്ന ചാനലിന്റെ പേരിൽ ടാപ്പ് ചെയ്യുക.
ചാനൽ പൊതുവായതാണെങ്കിൽ, നിങ്ങൾക്ക് ഉടൻ ചേരാനാകും. ചാനൽ സ്വകാര്യമാണെങ്കിൽ, ചേരാനുള്ള നിങ്ങളുടെ അഭ്യർത്ഥന ചാനൽ അഡ്മിൻ അംഗീകരിക്കുന്നതിനായി കാത്തിരിക്കേണ്ടതുണ്ട്.
എഐ ഇരട്ടത്തലയുള്ള വാളെന്ന് വീണ്ടും മസ്‌ക്
നിര്‍മിത ബുദ്ധി ഒരു ഇരുതല വാളാണെന്ന്അമേരിക്കന്‍ സെനറ്റില്‍ നടന്ന സിഇഓ സമിറ്റില്‍ ഇലോണ്‍ മസ്‌ക് . ഈ സാങ്കേതികവിദ്യക്ക് മനുഷ്യസംസ്‌കാരത്തിന് വന്‍ മാറ്റങ്ങള്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍, അതിൽ അപകടവും ഉണ്ടെന്നാണ് മസ്‌ക് സെനറ്റര്‍മാരോടു വിശദീകരിച്ചുു. എഐയേ കേന്ദ്രീകരിച്ചു നടത്തിയ സമ്മേളനത്തില്‍ ടെക്‌നോളജി മേഖലയില്‍ നിന്നടക്കം 20 പ്രമുഖരാണ് പങ്കെടുത്തത്.
സെല്‍ഫ്-ഡ്രൈവിങ് കാറുകളിലുള്ള എഐയെ പറ്റി ഉത്കണ്ഠപ്പെടേണ്ടന്ന് മസ്‌ക് പറഞ്ഞു. എന്നാല്‍, ഡീപര്‍ (അഗാധമായ) എഐയെ പറ്റി തനിക്ക് ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡീപ് ലേണിങ് ആയിരിക്കാം ഡീപര്‍ എഐ എന്ന പ്രയോഗം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്നു കരുതപ്പെടുന്നു. മനുഷ്യരുടെ തലച്ചോറിനു സമാനമായ രീതിയില്‍ കംപ്യൂട്ടറുകളെ പഠിപ്പിച്ചെടുക്കുന്നശാഖയാണ് ഡീപ് ലേണിങ്.
ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് 297 ശതമാനം വര്‍ദ്ധിച്ചെന്ന്
രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത 297 ശതമാനം വര്‍ദ്ധിച്ചെന്ന് സര്‍ഫ്ഷാര്‍ക് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ, ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ആഗോള രാജ്യങ്ങളുടെ റാങ്കിങില്‍ ഇന്ത്യ 7 രാജ്യങ്ങളെ പിന്തള്ളി 59-ാം സ്ഥാനത്തെത്തി. ഡിജിറ്റല്‍ ക്വാളിറ്റിയുടെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ കൊള്ളാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 52-ാം സ്ഥാനത്തും ഉണ്ട്. റാങ്കിങില്‍ 121 രാജ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. അഞ്ചു ഘടകങ്ങളാണ് ഇതിനായി പരിഗണിച്ചത്-ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം, നല്‍കേണ്ട വില, ഇ-ഇന്‍ഫ്രാസ്ട്രക്ചര്‍, ഇ-ഗവണ്‍മെന്റ്, ഇ-സുരക്ഷ.
ടാറ്റാ പ്ലേ ബിഞ്ജ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ആപ്പിള്‍ ടിവിപ്ലസ് കണ്ടെന്റ് ലഭിക്കും
ഓടിടി അഗ്രഗേഷന്‍ പ്ലാറ്റ്‌ഫോമായ ടാറ്റാ പ്ലേ ബിഞ്ജുമായി ആപ്പിള്‍ ടിവി സഹകരിക്കും. നിലവില്‍ ടാറ്റാ പ്ലേ ബിഞ്ജില്‍ 26 സോഴ്‌സസ് ആണ് ലഭ്യമായിട്ടുള്ളത്. അടുത്തതായി ആപ്പിള്‍ ടിവിപ്ലസും എത്തും. ടാറ്റാ പ്ലേ ബിഞ്ജിലുള്ള ഏറ്റവും പണം നല്‍കേണ്ടസേവനമാണ് ആപ്പിള്‍ ടിവി പ്ലസ്. ടാറ്റാ പ്ലേ ബിഞ്ജ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പ്രതിമാസം 299 രൂപ, അല്ലെങ്കില്‍ പ്രതിവര്‍ഷം 2999 രൂപ നല്‍കണം. ഡിടിഎച് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്കാണ് ഇതു ലഭിച്ചിരുന്നത്. എന്നാല്‍, ഇത് എല്ലാവര്‍ക്കും ലഭിക്കത്തക്ക രീതിയിലാക്കുമെന്ന്കമ്പനി പ്രഖ്യാപിക്കുകയായിരുന്നു.
ഡോളി ആടിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍ വിടവാങ്ങി
പ്രായപൂര്‍ത്തിയായ കോശത്തില്‍ നിന്ന് ആദ്യമായി ഒരു സസ്തിനിയെ ക്ലോണ്‍ ചെയ്‌തെടുത്ത ബ്രിട്ടിഷ് എംബ്രിയോളജിസ്റ്റ് ആയ ഇയന്‍ വില്‍മട് (79) അന്തരിച്ചു. ഡോളി ദ ഷീപ് എന്നായിരുന്നു അദ്ദേഹം വും സഹ ഗവേഷകരും ചേര്‍ന്ന് ക്ലോണ്‍ ചെയ്ത് സൃഷ്ടിച്ചആട് അറിയപ്പെട്ടിരുന്നത്. ഇത് 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായി ആണ് കൊണ്ടാടപ്പെട്ടിരുന്നത്.
സേര്‍ച്ചില്‍ മുന്നില്‍ നില്‍ക്കാന്‍ ഗൂഗിള്‍ പ്രതിവര്‍ഷം 10 ബില്ല്യന്‍ ചിലവിടുന്നു
ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ എതിരാളികളെ പിന്നില്‍ നിര്‍ത്താന്‍ ഗൂഗിള്‍ പ്രതിവര്‍ഷം 10 ബില്ല്യന്‍ ഡോളര്‍ ചിലവിടുന്നു എന്ന് അമേരിക്കന്‍ ഗവണ്‍മെന്റ് ആരോപിച്ചു. തങ്ങളുടെ ഏകാധിപത്യം അരക്കിട്ടുറപ്പിക്കാനാണ് കമ്പനി ഇത് ചെയ്യുന്നതെന്നാണ് ആരോപണം. ഗൂഗിളിനെതിരെ അമേരിക്കയില്‍ ആരംഭിച്ച ആന്റിട്രസ്റ്റ് നീക്കത്തിന്റെ വിചരണയുടെ തുടക്കത്തിലാണ് ഗവണ്‍മെന്റ് ഇക്കാര്യം പറഞ്ഞത്. ഈ കേസ് അന്വേഷിക്കുന്നത് ഇന്റര്‍നെറ്റിന്റെ ഭാവിയെക്കുറിച്ചും, ഗൂഗിളിന് എന്നെങ്കിലും സേര്‍ച്ചില്‍ ഒരു എതിരാളി ഉണ്ടാകുമോ എന്നുമാണ് എന്ന് ജസ്റ്റിസ്ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഭിഭാഷകന്‍ കെനത് ഡിന്റ്‌സര്‍ പറഞ്ഞു.
ചരിത്ര നീക്കം
അടുത്ത 10 ആഴ്ച ഈ കേസില്‍ വാദപ്രതിവാദങ്ങള്‍ നടക്കും. വാദം കേള്‍ക്കുന്നത് ജസ്റ്റിസ് അമിത് പി. മേത്തയാണ്. തങ്ങള്‍ തെറ്റൊന്നു ചെയ്തിട്ടില്ലെന്നാണ് ഗൂഗിള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുക. ഏകദേശം 20 വര്‍ഷത്തിനു ശേഷമാണ് അമേരിക്ക ഒരു ടെക്‌നോളജിഭീമനെതിരെ വീണ്ടും ആന്റിട്രസ്റ്റ് നീക്കം നടത്തുന്നത്. സമാനമായ ഒരു നീക്കം വഴി മൈക്രോസോഫ്റ്റിന് മൂക്കുകയറിട്ടതിനാലാണ് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്ക് മുന്‍ നിരയിലേക്ക് കടന്നുവരാനായതു തന്നെ എന്നതാണ് ഈ ആന്റിട്രസ്റ്റ് നീക്കത്തിന്റെ പ്രസക്തി.
ഗൂഗിളിനു മൂക്കുകയറിടണോ?
ലാറി പേജ്, സെര്‍ഗെയ് ബ്രിന്‍ എന്ന രണ്ട് ചെറുപ്പക്കാര്‍ തുടങ്ങിയ സേര്‍ച്ച് സംരംഭമായിരുന്നു ഗൂഗിള്‍. ആ കാലത്തെ ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റിനെ കയറൂരി വിട്ടിരിക്കുകയായിരുന്നു എങ്കില്‍ നിസാര തുകയ്ക്ക് ഈ സേര്‍ച്ച് എഞ്ചിനും സ്വന്തമാക്കി വിന്‍ഡോസിനോട് ചേര്‍ക്കുമായിരുന്നു. ഫെയ്‌സ്ബുക്കിനും സമാന ഗതിയുണ്ടാകുമായിരുന്നു എന്ന് ഇപ്പോള്‍ ഗൂഗിളിനെതിരെയുള്ള ആന്റിട്രസ്റ്റ് നീക്കത്തെ സ്വാഗതം ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വരുന്ന പരസ്യ വരുമാനത്തന്റെ 58 ശതമാനവുംഗൂഗിളും ഫെയ്‌സ്ബുക്കും എടുക്കുന്നു എന്നാണ് വാദം. പുതിയ കമ്പനികള്‍ക്കും ആശയങ്ങള്‍ക്കും മുന്നോട്ടുവരാനാകാതെ ഈ രണ്ടു കമ്പനികളും ചേര്‍ന്ന് പ്രതിബന്ധങ്ങള്‍ ഉയര്‍ത്തുന്നു എന്ന് ഇവരെ എതിര്‍ക്കുന്നവര്‍ പറയുന്നു.
English Summary: WhatsApp Channels now available in India: what is it, how it works