Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഗതയുടെ തമ്പുരാനാവാന്‍ കെന്റിക്ക് വെയ്ത്ത്

Waithe

വെറും ബിസിനസ് ക്ലാസ് ചെലവില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേയ്ക്ക് മൂന്നു മണിക്കൂറില്‍ പറന്നെത്തുന്നത് ഒന്നാലോചിച്ചു നോക്കൂ. അതായത് ഇപ്പോള്‍ എടുക്കുന്നതിന്റെ പകുതി സമയം. കേള്‍ക്കുമ്പോള്‍ പുതുമ തോന്നാം. എന്നാല്‍ ഇക്കാര്യം ആലോചിച്ചുകൊണ്ട് എന്നും ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരാളുണ്ട്; കൊളോറാഡോയിലെ ബൂം എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകനായ കെന്റിക്ക് വെയ്ത്ത്.

സൂപ്പര്‍സോണിക് യാത്രാവിമാനങ്ങളുടെ കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഫ്ളൈറ്റ് സിമുലേറ്ററുകൾ (വിമാനം പറപ്പിക്കല്‍ പഠിപ്പിക്കുന്ന യന്ത്രം) ഉണ്ടാക്കലാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. ഒരുനാള്‍ തന്റെ സ്വപ്നം യാഥാര്‍ഥ്യമായിത്തീരുമെന്ന ഉറപ്പിലാണ് വെയ്ത്ത് നിരന്തരം പരിശ്രമിക്കുന്നത്. സാധാരണ യാത്രാവിമാനങ്ങളുടെ അതേ ചെലവില്‍ സൂപ്പര്‍സോണിക് വിമാനങ്ങളിലുള്ള യാത്ര സാധ്യമാക്കാനാണ് ഈ പരിശ്രമം.

തെക്കേ അമേരിക്കന്‍ വന്‍കരയുടെ വടക്കന്‍ തീരത്തുള്ള ഗയാനയാണ് വെയ്ത്തിന്റെ സ്വദേശം. ജലധാരകളുടെയും മഴക്കാടുകളുടെയും നാടായ ഗയാനയില്‍ നിന്നും കുഞ്ഞുവെയ്ത്തിന് എട്ടു വയസ്സായപ്പോഴാണ് മാതാപിതാക്കള്‍ അമേരിക്കയിലെ ബ്രോണ്‍സിലെത്തുന്നത്.

പഠനത്തില്‍ മിടുക്കനായിരുന്നു വെയ്ത്ത്. എയ്ത്ത് ഗ്രേഡില്‍ പഠിക്കുമ്പോള്‍ വെയ്ത്തിന്റെ ജീവിതം അപ്പാടെ പ്രകാശപൂരിതമാക്കി 'ഒലിവര്‍ സ്‌കോളര്‍' ലിസ്റ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്ക് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന ലാറ്റിന്‍, കറുത്ത വംശജര്‍ എന്നിവരില്‍ നിന്നുമുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന യൂണിവേഴ്‌സിറ്റികളില്‍ ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസം നേടുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് ആയിരുന്നു അത്.

സ്‌കൂളില്‍ ഒലിവര്‍ സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് കുട്ടികളോടു സംസാരിക്കാന്‍ അവരുടെ പ്രതിനിധിയെത്തുമ്പോള്‍ ഒന്ന് പരീക്ഷിക്കാന്‍ പോലുമുള്ള ആത്മവിശ്വാസം കൊച്ചുവെയ്ത്തിന് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണമാണ് വെയ്ത്ത് ആ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. 'അന്നത് കൈവിട്ടിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഉണ്ടാകുമായിരുന്നില്ല' വെയ്ത്ത് പറയുന്നു.

പെന്‍സില്‍വാനിയയില്‍ വെസ്റ്റ്ടൌണിലെ പ്രശസ്തമായ ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ ഈ സ്‌കോളര്‍ഷിപ്പ് കാരണം വെയ്ത്തിനു സാധിച്ചു. അവിടെ മികച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കിയ വെയ്ത്ത് തുടര്‍പഠനത്തിനായി യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ എൻജിനീയറിംഗ് സ്‌കൂള്‍ തിരഞ്ഞെടുത്തു.

കറുത്ത വംശജനായിരുന്നതിനാല്‍ തൊലിയുടെ നിറം പലപ്പോഴും പ്രശ്‌നമായി തോന്നുന്ന സാഹചര്യങ്ങള്‍ ഉണ്ടായെങ്കിലും അത്തരം പ്രശ്‌നങ്ങള്‍ എളുപ്പം അതിജീവിക്കാന്‍ സാധിച്ചു. നാസയും ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തുന്ന ബിരുദപഠന പ്രോഗ്രാമിന് അപേക്ഷിച്ച വെയ്ത്ത് ആ കടമ്പയും എളുപ്പത്തില്‍ ചാടിക്കടന്നു. അങ്ങനെ ജോയിന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് ഫ്‌ലൈറ്റ് സയന്‍സസ് വിദ്യാര്‍ഥിയായി. ഫ്‌ലൂയിഡ് ഡൈനാമിക്‌സിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത് അവിടെ നിന്നായിരുന്നു.

വിര്‍ജീനിയയിലെ ലാങ്‌ലി റിസർച്ച് സെന്ററിൽ നാസ ശാസ്ത്രജ്ഞരോടൊപ്പം ജോലി ചെയ്തിരുന്ന വെയ്ത്ത് വിമാന നിര്‍മ്മാണ വ്യവസായം, ഏറോനോട്ടിക്കൽ, അസ്ട്രോണിമിക്കൽ എൻജിനീയറിങ്ങ് എന്നിവയിൽ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 'അന്ന് ആ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിരുന്നില്ലെങ്കില്‍ എന്റെ ജീവിതം മറ്റൊരു വഴിക്കായി പോയേനെ.' മുപ്പത്തൊന്‍പതുകാരനായ വെയ്ത്ത് പറയുന്നു.

കുട്ടിക്കാലം 

ബ്രോണ്‍സിലെ 214ആം നമ്പര്‍ തെരുവിലായിരുന്നു കൊച്ചു വെയ്ത്ത് കുട്ടിക്കാലം ചെലവഴിച്ചത്. അമ്മ സ്‌കൂള്‍ അധ്യാപികയും അച്ഛന്‍ ഡോക്ടറുമായിരുന്നു. ക്യൂബയില്‍ നിന്നുമുള്ള വൈദ്യപരിശീലന യോഗ്യത മതിയാവാത്തതിനാല്‍ അമേരിക്കയില്‍ ഡോക്ടറായി തുടരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അവിടെ പ്രത്യേക ടെസ്റ്റുകള്‍ എഴുതി പാസായാല്‍ മാത്രമേ ചികിത്സ തുടരാന്‍ സാധിക്കുമായിരുന്നുള്ളൂ. കുട്ടിക്കാലത്ത് ഏറെ കഷ്ടപ്പെട്ടാണ് മാതാപിതാക്കള്‍ വെയ്ത്തിനെ വളര്‍ത്തിയത്.

വെല്ലുവിളികള്‍ 

എൻജിനീയറിംഗ് കോളേജില്‍ തൊലിനിറം കറുപ്പായുള്ള ഏകവ്യക്തി വെയ്ത്തായിരുന്നു. ഉന്നതര്‍ പഠിക്കുന്ന ആ കോളേജില്‍ ആദ്യമൊക്കെ കുറച്ചു കഷ്ടപ്പെട്ടു. സഹവിദ്യാര്‍ഥികള്‍ ആരും തന്നെ സഹായമനസ്ഥിതി ഉള്ളവരായിരുന്നില്ല. അതിനാല്‍ എന്തു കാര്യങ്ങള്‍ക്കും വെയ്ത്ത് നേരെ അധ്യാപകരെത്തന്നെ ആശ്രയിച്ചു. ഒരു തരത്തില്‍ അതൊരു അനുഗ്രഹമായി ഭവിച്ചുവെന്ന് വേണം പറയാന്‍. വെയ്ത്തിലെ മിടുമിടുക്കനെ തിരിച്ചറിഞ്ഞ അധ്യാപകര്‍ പിന്നീടങ്ങോട്ട് എന്ത് സഹായത്തിനും കൂടെയുണ്ടായിരുന്നു. 

മറ്റു വിദ്യാര്‍ഥികളെക്കാള്‍ കൂടുതല്‍ പരിശ്രമിച്ചാലേ തനിക്ക് ഉയരങ്ങളില്‍ എത്താനാവൂ എന്ന് തിരിച്ചറിഞ്ഞ വെയ്ത്ത് ഒരു നിമിഷം പോലും വെറുതെ കളയുകയുണ്ടായില്ല. ആ പരിശ്രമം വെറുതെയായതുമില്ല.

എന്റെ കുട്ടികളോട് ഞാന്‍ പറയുന്നത്

നാലു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടക്കം അഞ്ചു പേരാണ് വെയ്ത്തിന്. പണം എങ്ങനെ ഫലപ്രദമായി ചെലവഴിക്കാം എന്നതാണ് വെയ്ത്ത് അവര്‍ക്ക് നല്‍കിയ ആദ്യപാഠം. കൂടാതെ മികച്ച വിദ്യാഭ്യാസം നേടാനും വെയ്ത്ത് കുഞ്ഞുങ്ങളോട് പറയുന്നു. തന്റെ ജീവിതത്തില്‍ നിന്നും താന്‍ ഉള്‍ക്കൊണ്ട പാഠങ്ങളാണ് വെയ്ത്ത് കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നു നല്‍കുന്നത്.

ജീവിതം ഒരിക്കലും തോല്‍വികളുടെതല്ല. നിരന്തരപരിശ്രമം കൊണ്ട് എല്ലാ പ്രതികൂലസാഹചര്യങ്ങളെയും പുല്ലു പോലെ മറികടക്കാനാവുമെന്ന് വെയ്ത്തിന്റെ ജീവിതം പഠിപ്പിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.