Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം ഇന്ത്യൻ വിപണി പിടിച്ചടക്കി, പിന്നെ ഐഫോണും! ആരാണ് ഈ 'പാവപ്പെട്ട' ചൈനീസ് കോടീശ്വരൻ?

yongping

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡ്യുയാന്‍ യോങ്പിങ്ങിനെ കാണുമ്പോള്‍ ടിം കുക്കിനറിയുമായിരുന്നില്ല അതാരെന്ന്. ഇപ്പോള്‍ സ്ഥിതി അപ്പാടെ മാറിയിരിക്കുന്നു. യോങ്പിങ്ങിനെ മാത്രല്ല അങ്ങേരുടെ മുതുമുത്തശ്ശനെ വരെ അറിയേണ്ട സ്ഥിതിയിലാണ് ആപ്പിള്‍ മുതലാളി! കാരണമെന്തെന്നല്ലേ? ചൈനയില്‍ ആപ്പിളിനെ തോല്‍പ്പിച്ച് വില്‍പനയില്‍ ഒന്നാമതെത്തിയ ഒപ്പോ, വിവോ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ സ്ഥാപകന്‍ എന്നതുതന്നെ.

ഏറ്റവും കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍ നല്‍കുന്ന രീതിയാണ് യോങ്പിങ് സ്വീകരിച്ചത്. മികച്ച ഓപ്പറേറ്റിങ് സിസ്റ്റം അടക്കമുള്ള കരുത്തുറ്റ നിരവധി സവിശേഷതകള്‍ ഐഫോണിനുണ്ടായിരുന്നു. എന്നാല്‍ മറ്റു ഫീച്ചറുകള്‍ മികച്ചതാക്കുക വഴിയാണ് ആപ്പിളിനെ തറപറ്റിക്കാന്‍ സാധിച്ചതെന്ന് യോങ്പിങ് പറയുന്നു. ആപ്പിളിനോടൊരിക്കലും ശത്രുത വച്ചു പുലര്‍ത്താന്‍ തനിക്കാവില്ല. കുറേക്കാലം ആപ്പിളില്‍ നിക്ഷേപകനായിരുന്നു യോങ്പിങ്. പോരാത്തതിന് ടിം കുക്കിന്റെ എക്കാലത്തെയും ഏറ്റവും വലിയ ആരാധകനും! അന്നൊക്കെ പലയിടത്തുവച്ചും കണ്ടിരുന്നെങ്കിലും താനും അദ്ദേഹവും തമ്മില്‍ അധികമൊന്നും സംസാരിച്ചിരുന്നില്ല. യോങ്പിങ് ഇത്ര വലിയ നിലയിലെത്തി ഒരുനാള്‍ തങ്ങളുടെ കമ്പനിയെ തറപറ്റിക്കുമെന്ന് ആപ്പിള്‍ ചീഫ് എക്‌സിക്യുട്ടീവ് അന്നൊന്നും സ്വപ്‌നേപി കരുതിയിട്ടുണ്ടാവില്ല!

ചൈനയില്‍ ആദ്യമായാണ് ഐഫോണിന്റെ വില്‍പന ആദ്യമൂന്നു സ്ഥാനങ്ങളില്‍ നിന്നു പിന്നോട്ട് പോയത്. പ്രാദേശികമായ കച്ചവടതന്ത്രങ്ങളെയും വിപണിയെയും അത്ര ഗൗരവമായി കണക്കിലെടുക്കാതിരുന്നതു കാരണം പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ ആപ്പിളിനു കഴിയാതെ പോയി.

അന്നൊക്കെ, അതായത് ഒരു 2013 വരെയൊക്കെ യോങ്പിങ് ആപ്പിള്‍ പ്രോഡക്ടുകളെക്കുറിച്ചും ഓഹരിനിലവാരത്തെ കുറിച്ചുമെല്ലാം നിരന്തരം ബ്ലോഗിൽ എഴുതുമായിരുന്നു. 2015 ല്‍ എഴുതിയ ഒരു പോസ്റ്റില്‍ ആപ്പിളിന്റെ ലാഭം അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ബില്ല്യന്‍ യുഎസ് ഡോളര്‍ കടക്കുമെന്നും യോങ്പിങ് കുറിച്ചു.

വളരെ അസാധാരണമായ കമ്പനിയാണ് ആപ്പിള്‍ എന്നാണു യോങ്പിങ് പറയുന്നത്. അതില്‍ നിന്നു പഠിക്കാന്‍ ഒരുപാടുണ്ട്. ആരെയും തോല്‍പ്പിക്കുക എന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും ഓരോ തവണയും സ്വയം മെച്ചപ്പെടുത്താനാണ് ശ്രമമെന്നും കൂടി ഈ 'പാവപ്പെട്ട' മൊബൈല്‍ കമ്പനി മുതലാളി വ്യക്തമാക്കുന്നുണ്ട്.

Duan

തുടക്കം 

1961 മാര്‍ച്ച് പത്തിന് ചൈനയിലെ ജിയാന്‍സി പ്രവിശ്യയിലാണ് യോങ്പിങ് ജനിക്കുന്നത്. വയര്‍ലെസ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ബെയ്ജിങ് റേഡിയോ ട്യൂബ് ഫാക്ടറിയിലെ അഡള്‍ട്ട് എജ്യുക്കേഷന്‍ സെന്ററില്‍ അധ്യാപകനായി. അതിനു ശേഷം റെന്‍മിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമെട്രിക്‌സില്‍ ഉന്നതപഠനം. 

1989ല്‍ സോങ്ഷാനിലെ ഒരു കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് അതിന്റെ സിഇഒ ആയി. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ചൈനയിലെ പ്രശസ്ത ബ്രാന്‍ഡ് ആയ 'സുബോര്‍' അവതരിപ്പിച്ചു. ഗെയിമിങ് കണ്‍സോള്‍ ആയിരുന്നു അത്. തുടക്കത്തില്‍ യോങ്പിങ് അടക്കം ഇരുപതു പേരായിരുന്നു കമ്പനിയിലെ ജോലിക്കാർ.  വെറും മൂവായിരം യുവാന്‍ മാത്രം കൈമുതലായി ഉണ്ടായിരുന്ന കമ്പനിയുടെ കടമാവട്ടെ, രണ്ടു മില്ല്യന്‍ യുവാനും. എന്നാല്‍ യോങ്പിങ്ങിന്റെ പ്രവര്‍ത്തനഫലമായി 'ലേണിങ് കംപ്യൂട്ടര്‍' നിര്‍മാണ രംഗത്ത് മികച്ച രീതിയില്‍ ഉയര്‍ന്നുവരാന്‍ സാധിച്ചതോടെ കമ്പനിയും ഉയര്‍ന്നു. വിഡിയോ ഗെയിം നിര്‍മാണ രംഗത്ത് ഉയര്‍ന്നു വന്ന കമ്പനിയുടെ 1994-1995 കാലത്തെ വരുമാനം ഇരുന്നൂറു മില്ല്യന്‍ യുവാന്‍ ആയിരുന്നു.

1995ല്‍ ഈ കമ്പനി വിട്ട അദ്ദേഹം BBK എന്നൊരു പുതിയ കമ്പനി സ്ഥാപിച്ചു. യോങ്പിങ്ങിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ പങ്കാണ് ആ കമ്പനി വഹിച്ചത്. ആദ്യ സംരംഭം. ഡിവിഡി പ്ലെയറുകള്‍ ആയിരുന്നു കമ്പനി പ്രധാനമായും നിര്‍മിച്ചിരുന്നത്. പിന്നീട് സെല്‍ഫോണ്‍, ടെലിഫോണ്‍, സ്റ്റീരിയോ ഡിവൈസുകള്‍ തുടങ്ങിയവയുടെ നിര്‍മാണം തുടങ്ങിയ കമ്പനി അവിടെയും വന്‍വിജയം നേടി. അധികം വൈകാതെ നോക്കിയയ്ക്കും മോട്ടോറോളയ്ക്കുമൊപ്പമെത്താന്‍ കമ്പനിക്കു സാധിച്ചു. 2000 ആയപ്പോഴേയ്ക്കും രാജ്യത്തെ ഏറ്റവും വലിയ ഫീച്ചര്‍ ഫോണ്‍ നിര്‍മാതാക്കളായി മാറി.

വലിയ വിജയം

2001 ല്‍ തന്റെ നാല്‍പതാം വയസ്സില്‍ കാലിഫോര്‍ണിയയിലേക്കു താമസം മാറാന്‍ യോങ്പിങ് തീരുമാനിച്ചു. നിക്ഷേപങ്ങളിലും പരോപകാര പ്രവൃത്തികളിലും മറ്റും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. സിസ്‌കോ സിസ്റ്റംസ് ചെയര്‍മാന്‍ ജോണ്‍ ചേംബറില്‍നിന്നു വാങ്ങിയ മാന്‍ഷന്‍ അദ്ദേഹത്തെയും കുടുംബത്തെയും സ്‌നേഹത്തോടെ വരവേറ്റു. സമാധാന ജീവിതം നയിച്ച് വിശ്രമപൂര്‍ണ്ണമായി സമയം ചെലവഴിക്കണമേന്നോര്‍ത്ത് വന്ന യോങ്പിങ്ങിനു പക്ഷേ സ്മാര്‍ട്ട്ഫോണ്‍ എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.

2000 ത്തിന്റെ രണ്ടാം പകുതിയില്‍ BBKയുടെ ബിസിനസ് അല്പം മോശമായിരുന്നു. ആയിരം യുവാന് ഹ്യുവേയും കൂള്‍പാഡും കിട്ടാന്‍ തുടങ്ങിയ കാലം. കമ്പനി പിരിച്ചു വിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ആര്‍ക്കും നഷ്ടമോ മനസ്താപമോ ഇല്ലാതെ അതെങ്ങനെ നിര്‍വഹിക്കാം എന്നായിരുന്നു ചിന്ത. ഒടുവില്‍ അതൊരുവിധം സാധിച്ചു.

2005ല്‍ യോങ്പിങ്ങും കൂട്ടുകാരന്‍ ടോണി ചെനും ചേര്‍ന്ന് പുതിയൊരു കമ്പനി തുടങ്ങാന്‍ തീരുമാനിച്ചു. ഒപ്പോ എന്നായിരുന്നു കമ്പനിക്കു പേരിട്ടത്. മ്യൂസിക് പ്ലെയറുകള്‍ വിറ്റിരുന്ന കമ്പനി 2011ല്‍ സ്മാര്‍ട്ട്ഫോണ്‍ നിർമാണത്തിലേക്കു കടന്നു. 2009 ആയപ്പോഴേക്കും ശിഷ്യൻ ഷെന്‍ വേയുടെ നേതൃത്വത്തില്‍ വിവോയും വിപണിയില്‍ ഇറക്കി.

oppo

വിപണിയിലെ തന്ത്രം 

ഒപ്പോയും വിവോയും ആദ്യം വിപണിയിലെത്തുമ്പോള്‍ വലിയ ശ്രദ്ധയോ സ്വീകാര്യതയോ ലഭിച്ചിരുന്നില്ല. ഐഫോണ്‍ വിട്ടൊരു കളിക്കും മൊബൈല്‍ വിപണി തയാറായിരുന്നില്ല എന്നതായിരുന്നു സത്യം. എന്നാല്‍ പ്രാദേശിക വിപണിയില്‍ തങ്ങളുടെ സാധ്യത മനസിലാക്കിയ കമ്പനി പിന്നീട് ആ വഴിയൂടെയായി സഞ്ചാരം. വലിയ മൊബൈല്‍ കമ്പനികള്‍ കൊടുക്കുന്ന ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്ക് എത്തിക്കാനായിരുന്നു ശ്രമം. അത് വന്‍വിജയമാവുകയും ചെയ്തു. ചാര്‍ജിങ് സ്പീഡിലും മെമ്മറിയിലും ബാറ്ററി ലൈഫിലുമെല്ലാം ഐഫോണിനെ വെല്ലുന്ന ഫോണുകളായിരുന്നു അവ.

2016ല്‍ മാത്രം 147 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് ഒപ്പോയും വിവോയും ചേര്‍ന്ന് കയറ്റി അയച്ചത്. വാവെയ്, ആപ്പിള്‍, ഷവോമി തുടങ്ങിയ കമ്പനികള്‍ യഥാക്രമം  76.6 ദശലക്ഷം, 44.9 ദശലക്ഷം, 41.5 ദശലക്ഷം യൂണിറ്റുകള്‍ വീതമാണ് കയറ്റുമതി ചെയ്തത്. മധ്യവര്‍ഗക്കാർ കൂടുതലുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലായിരുന്നു ഈ ഫോണുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത. 

'സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം വയ്ക്കാന്‍ അടുത്ത ഇരുപതു വര്‍ഷത്തേക്കു മറ്റൊന്നും ഉണ്ടാവില്ല എന്നാണു കരുതുന്നത് ' യോങ്പിങ്  പറയുന്നു.

vivo

മിടുക്കനായ നിക്ഷേപകന്‍  

ഓഹരിയുടെ കാര്യത്തില്‍ ആപ്പിളിന് അങ്ങനെ പ്രത്യേകിച്ചൊരു ലക്ഷ്യമൊന്നും ഇല്ലെന്നാണ് ആപ്പിള്‍ സിഇഒ പറയുന്നത്. 'ചൈനയില്‍ അല്ലെങ്കില്‍ത്തന്നെ കടുത്ത മത്സരമാണ്. മൊബൈല്‍ വിപണിയില്‍ മാത്രമല്ല, എല്ലായിടത്തും.' ബെയ്ജിങ്ങില്‍ ചൈന ഡവലപ്‌മെന്റ് ഫോറത്തോട് സംസാരിക്കവേ കുക്ക് പറയുകയുണ്ടായി. കൂടുതല്‍ പ്രാദേശിക കമ്പനികള്‍ ഉയര്‍ന്നു വന്നതാണ് പ്രധാന കാരണമെന്നും കുക്ക് പറഞ്ഞു.

വെള്ളിവെളിച്ചത്തില്‍ നിന്നു മാറി പത്രപ്രവര്‍ത്തകയായ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഒപ്പം കലിഫോര്‍ണിയയില്‍ സമാധാനത്തോടെ ജീവിക്കുകയാണ് യോങ്പിങ്. ഓഹരിനിക്ഷേപത്തിലാണ് യോങ്പിങ്ങിന്റെ ഇപ്പോഴത്തെ താല്പര്യം. ബുദ്ധിപരമായ നിക്ഷേപം നടത്തുന്നതില്‍ വിദഗ്ധനാണ് അദ്ദേഹം.

സുഹൃത്ത് വില്ല്യം ഡിങ്ങിന്റെ നെറ്റീസ് കമ്പനിയില്‍നിന്ന് 2002 ൽ  വാങ്ങിയ രണ്ടു ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരിയുടെ മൂല്യം 2009 മാര്‍ച്ച് ആയപ്പോഴേയ്ക്കും നാല് ദശലക്ഷം ആയി മാറിയിരുന്നു. 2012ല്‍ പ്രീമിയം ലിക്കര്‍ കമ്പനിയായ Kweichow Moutai Co.യില്‍ നിന്നും 180 യുവാന്‍ മൂല്യമുള്ളപ്പോള്‍ വാങ്ങിയ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 370 യുവാന്‍ വരും.

oppo-founder

ഇനിയൊരു തിരിച്ചുവരവില്ല

സംരംഭകനില്‍ നിന്നു നിക്ഷേപകനിലേക്കുള്ള വളര്‍ച്ചയില്‍ ഏറ്റവും അഭിമാനകരമായ നിമിഷങ്ങള്‍ യോങ്പിങ് ചെലവഴിച്ചത് BBK യിലായിരുന്നു. തലമുറകളിലേക്കുള്ള പ്രയാണമായിരുന്നു അതിലൂടെ തുടങ്ങി വച്ചത്. ഇനിയും മൊബൈല്‍ വിപണിയില്‍ ഊര്‍ജ്ജസ്വലനായ സംരംഭകനായി ഡ്യുവാന്‍ യോങ്പിങ് എന്ന ഈ മനുഷ്യനെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. പുത്തന്‍ തലമുറയുടെ ടെക്‌നോളജിക്കായി വഴിമാറികൊടുക്കുന്നു എന്ന് ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്.

'എനിക്ക് ഇത്രയൊക്കെ ചെയ്യാനായെങ്കില്‍ അത് ഇനി വരുന്നവര്‍ക്കും പറ്റും ' യോങ്പിങ്ങിന്റെ വാക്കുകള്‍.

Your Rating: