Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് ഉൽപന്നങ്ങൾക്ക് വീണ്ടും ‘ പണി കൊടുത്ത്’ ഇന്ത്യ!

FRANCE-ENERGY-ENVIRONMENTS

ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനക്കെതിരെ വിപണിയിൽ കൂടുതൽ നിയന്ത്രങ്ങൾ കൊണ്ടുവരാൻ കേന്ദ്ര നീക്കം. ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ചില ഉൽപന്നങ്ങൾക്ക് അധിക നികുതി ഈടാക്കാനും തീരുമാനമായിട്ടുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറ്റാടി യന്ത്രങ്ങളുടെ ഭാഗമായുള്ള ജനറേറ്ററുകള്‍ക്ക് ആന്റി ഡെംപിങ് നികുതി ഈടാക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്.

സ്വദേശി സംരംഭങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ഇറക്കുമതി ഉല്‍പന്നങ്ങൾക്ക് ആന്റി ഡെംപിങ് നികുതി ഈടാക്കുന്നത്. വളരെ കുറഞ്ഞ നിരക്കിലാണ് ചൈനീസ് കാറ്റാടി യന്ത്രങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത് രാജ്യത്തെ കമ്പനികളെ ഗണ്യമായി ബാധിച്ചിട്ടുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ചില കമ്പനികൾ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തിരുന്നു. സോളാർ ഉപകരണങ്ങൾക്കും ആന്റി ഡെപിങ് നികുതി ഈടാക്കും. ഇതോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയുമെന്നാണ് കരുതുന്നത്. ഇത് രാജ്യത്തെ ചെറുകിട കമ്പനികള്‍ക്ക് വൻ നേട്ടമാകും. വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 6.5 ശതമാനം മുതൽ 32.95 ശതമാനം വരെ അധിക നികുതി ഈടാക്കാനാണ് കേന്ദ്ര നീക്കം. വില കുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തും. 

windmill

വ്യാജ ഉൽപന്നങ്ങൾക്കെതിരെ അന്വേഷണവുമായി ഇന്ത്യ

സൗരോര്‍ജ്ജ സെല്ലുകള്‍ ഉള്‍പ്പടെയുള്ള ചൈനീസ് ഉൽപന്നങ്ങള്‍ക്കെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ ശക്തമായ വിമര്‍ശനവുമായി ചൈന. ആഴ്ചകള്‍ക്ക് മുമ്പാണ് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപന്നങ്ങള്‍ക്കെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചത്. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലാണ് ഇന്ത്യക്കെതിരെ വിഷയത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങള്‍ക്ക് ഇന്ത്യ നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്തുമോ എന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഇന്ത്യയുടെ ഭാഗത്തു നിന്നും കടുത്ത നടപടികളുണ്ടായാല്‍ അത് ചൈനയില്‍ പോലും ഈ ഉൽപന്നങ്ങളുടെ വില്‍പനയെ ദോഷകരമായി ബാധിക്കും. ജൂലൈ ആദ്യത്തിലാണ് ഇന്ത്യന്‍ വാണിജ്യകാര്യ മന്ത്രാലയം ചൈന, തായ്‌വാന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സൗരോര്‍ജ്ജ സെല്ലുകളില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ സോളാര്‍ നിര്‍മാതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.  

ആഭ്യന്തര കമ്പനികളെ സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ശ്രമമാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. വ്യാപാര ബന്ധത്തെ തകര്‍ക്കുന്ന നിലയിലുള്ള നടപടി ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് വാങ് ഹിജുന്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ അന്വേഷണം നടത്തുന്നത് കുറച്ചുകൂടി മാന്യമായ നിലയിലാകണമെന്ന നിര്‍ദ്ദേശവും ചൈന മുന്നോട്ടുവെക്കുന്നു.  

solar

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 12 ഉത്പന്നങ്ങളില്‍ ഇന്ത്യ അന്വേഷണം നടത്തുന്നുണ്ടെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അമേരിക്കയേക്കാള്‍ വലിയ ദേശസ്‌നേഹമാണ് ഇന്ത്യ കാണിക്കുന്നതെന്നും അമേരിക്ക 11 ചൈനീസ് ഉൽപന്നങ്ങളിലാണ് അന്വേഷണം നടത്തുന്നതെന്നും പത്രം പറയുന്നു. ചൈനീസ് ഉൽപന്നങ്ങളെ വിപണിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചാല്‍ അത് ഇന്ത്യയ്ക്ക് തന്നെയാകും തിരിച്ചടിയെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം പറയുന്നു.  

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3.7 ഇരട്ടിയാണ് സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യ മുന്നേറിയത്. ഇതില്‍ ചൈനീസ് ഉൽപന്നങ്ങളുടെ പങ്ക് ചെറുതല്ല. സൗരോര്‍ജ്ജ സെല്ലുകളുടെ ഇറക്കുമതിയില്‍ ഇന്ത്യ ഇടപെട്ടാല്‍ അത് ഇന്ത്യയുടെ തന്നെ വികസനത്തെയാകും ബാധിക്കുകയെന്നും ചൈന ഓര്‍മിപ്പിക്കുന്നു. താല്‍ക്കാലിക ലാഭത്തിനായി നടത്തുന്ന ശ്രമം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്കു തന്നെ തിരിച്ചടിയാകുമെന്നും ചൈന മുന്നറിയിപ്പ് നല്‍കുന്നു.