Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൺ കാണുന്നവര്‍ സൂക്ഷിക്കുക! ഇന്റർനെറ്റ് ബ്രൗസിങ് ഹിസ്റ്ററി നിങ്ങളെ ചതിക്കും

cheating-couple

നിങ്ങളുടെ അത്യന്തം സ്വകാര്യമായ സ്വഭാവങ്ങളും താത്പര്യങ്ങളും വെളിപ്പെടുത്തുന്നതായിരിക്കും നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസിങ് ഹിസ്റ്ററി. ഇന്റര്‍നെറ്റില്‍ നിങ്ങളെന്തെല്ലാം പരതുന്നുവെന്നത് ഏത് നിമിഷവും ഹാക്ക് ചെയ്യപ്പെടാനും പരസ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.

കമ്പനികള്‍ സാധാരണയായി പലരീതിയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ തിരച്ചില്‍ ചരിത്രങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ഏത് തരത്തിലുള്ള പരസ്യം നല്‍കണമെന്നത് തീരുമാനിക്കാന്‍ ബ്രൗസറുകളും ഈ വിവരങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിനും അപ്പുറത്ത് ഇന്റര്‍നെറ്റ് ബ്രൗസിങ് ഹിസ്റ്ററി ചോര്‍ത്താനും പരസ്യമാക്കാനുമുള്ള സാധ്യതയാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് പിന്നില്‍.

ജര്‍മ്മനിയില്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ ഒരു സംഘം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. ജര്‍മ്മനിയിലെ ഒരു ജഡ്ജി നീലച്ചിത്ര സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന്റെയും മറ്റൊരു രാഷ്ട്രീയ നേതാവ് ഓണ്‍ലൈനില്‍ ലഹരിമരുന്നുകള്‍ വാങ്ങുന്നതിന്റെയും ഇന്റര്‍നെറ്റ് ഹിസ്റ്ററി വഴിയുള്ള രേഖകള്‍ എളുപ്പത്തില്‍ ലഭിച്ചെന്ന് ഇവര്‍ പറയുന്നു. ഇത് ഇന്റര്‍നെറ്റിലെ സ്വകാര്യതയെന്ന വിശ്വാസത്തിന് എത്രത്തോളം സത്യമുണ്ടെന്ന ചോദ്യം ഉയര്‍ത്തുന്നു.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഓരോരുത്തരും ഏതെല്ലാം വെബ്‌സൈറ്റുകളില്‍ പോകുന്നു എവിടെയെല്ലാം കൂടുതല്‍ സമയം ചെലവിടുന്നു എന്തെല്ലാം ഷെയര്‍ ചെയ്യുന്നു തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പരസ്യങ്ങള്‍ ക്രമീകരിക്കപ്പെടുന്നത്. ഓരോരുത്തരും വാങ്ങാന്‍ സാധ്യതയുള്ള സാധനങ്ങളുടെ പരസ്യങ്ങളായിരിക്കും സ്‌ക്രീനില്‍ കാണിക്കുകയെന്ന് ചുരുക്കം. 

എല്ലാ ബ്രൗസര്‍മാരും തങ്ങളുടെ ഉപഭോക്താക്കളുടെ തിരച്ചില്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പു നല്‍കുന്നവരാണ്. അതേസമയം, ഇവര്‍ ഈ വിവരങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക് നല്‍കുന്നുണ്ടെന്നത് കാലങ്ങളായുള്ള ആരോപണവുമാണ്. ഇതിനേക്കാള്‍ അപകടകരമാണ് ഇന്റര്‍നെറ്റ് തിരച്ചില്‍ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈവശമെത്തിയാല്‍. പലരുടേയും ഭാവി ജീവിതം തന്നെ മാറ്റി മറിക്കാന്‍ ഇത്തരം ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നതാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ജര്‍മ്മന്‍ ഗവേഷകരായ സ്വേയ എകേര്‍ട്ടും ആന്‍ഡ്രിയാസ് ഡിവേസുമാണ് പഠനത്തിന് പിന്നില്‍.