Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കടത്തിയത് കോടികൾ, പിന്നിൽ ഉത്തര കൊറിയ?

cyber-hackers

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് മോചനദ്രവ്യമായി കിട്ടിയ പണമെല്ലാം വാനക്രൈ ഹാക്കര്‍മാര്‍ തവണകളായി പിൻവലിച്ചതായി കണ്ടെത്തി. ഏറ്റവും അവസാനമായി 1.40 ലക്ഷം ഡോളർ ‍(ഏകദേശം 89.1 ലക്ഷം രൂപ) പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യാന്തതലത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് നടന്ന വാന ക്രൈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം ഉത്തകൊറിയന്‍ ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമാണ്. ആയുധ നിർമാണത്തിനും അണ്വായുധം നിർമിക്കാനുമായി ഈ പണം ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

കഴിഞ്ഞ മേയ് മുതല്‍ വാന ക്രൈ ആക്രമണങ്ങളിലൂടെ ലഭിച്ച മോചനദ്രവ്യ തുക ബിറ്റ് കോയിനുകളായാണ് സൂക്ഷിച്ചിരുന്നത്. ഇതാണ് ഓഗസ്റ്റ് രണ്ടിന് രാത്രി ഹാക്കര്‍മാര്‍ പിന്‍വലിച്ചത്. വാന ക്രൈയുടെ മോചന ദ്രവ്യം സൂക്ഷിച്ചിരുന്ന മറ്റു അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ടാകാം. എങ്കിലും ഇപ്പോഴും ആരാണ് പണം പിന്‍വലിച്ചതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 

വാന ക്രൈയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് സംഭവം ആദ്യം പ്രത്യക്ഷപ്പെട്ടത്. മൂന്ന് തവണയായി ആദ്യം 70,000 ഡോളര്‍ മൂല്യമുള്ള ബിറ്റ് കോയിനുകളാണ് പിന്‍വലിക്കപ്പെട്ടത്. അഞ്ച് മിനിറ്റിന് ശേഷം വീണ്ടും 70,000 ഡോളര്‍ കൂടി പിന്‍വലിക്കുകയായിരുന്നു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയാണ് വാന ക്രൈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉത്തരകൊറിയയാണെന്ന ആരോപണം പ്രധാനമായും ഉന്നയിക്കുന്നത്. 

ഉത്തരകൊറിയന്‍ ചാര സംഘടനയായ ആര്‍ജിബി (the Reconnaissance General Bureau) ആണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ലോകരാജ്യങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ നേരിടുന്ന ഉത്തരകൊറിയയുടെ നിലനില്‍പ്പിനാവശ്യമായ പണം കണ്ടെത്തുകയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നു. 

ദക്ഷിണകൊറിയയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ചാരപ്രവര്‍ത്തനത്തിന് ഹാക്കര്‍മാരെ ഉപയോഗിക്കുക എന്നതില്‍ നിന്ന് മാറി വരുമാനമാര്‍ഗ്ഗമായി ഹാക്കിങ്ങിനെ ഉപയോഗിക്കുകയെന്ന രീതിയിലേക്ക് ഉത്തരകൊറിയന്‍ ഭരണകൂടം മാറിയെന്ന ആരോപണമാണ് ദക്ഷിണ കൊറിയയില്‍ നിന്നുയര്‍ന്നത്. ഏതൊക്കെ അക്കൗണ്ടുകളാണ് വാന ക്രൈയുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാണെങ്കിലും ഈ ബിറ്റ് കോയിന്‍ വോലറ്റുകള്‍ ആരാണ് പണമാക്കി മാറ്റിയതെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.