Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാനൽ സ്റ്റുഡിയോകളിലിരുന്ന് ചിരിക്കുമ്പോഴും മനസ്സ് പൊട്ടിക്കരഞ്ഞു, അതെല്ലാം കാപട്യമായിരുന്നു

MICHAEL–SAYMAN–2 Photo courtesy: facebook/Michael Sayman

പതിനേഴാം വയസ്സിൽ ഫെയ്സ്ബുക്ക് ഓഫീസിൽ ജോലിക്കെത്തിയ ആ പയ്യൻ, മൈക്കിൾ സെയ്മാൻ ദിവസങ്ങൾക്ക് മുൻപാണ് ഗൂഗിളിന്റെ ആൽഫബെറ്റിൽ ചേർന്നത്. പതിനേഴാം വയസ്സിൽ ഇന്റേർൺഷിപ്പും പതിനെട്ടാം വയസ്സിൽ ഫെയ്സ്ബുക്കിൽ ജോലിയും സ്വന്തമാക്കിയ മൈക്കിൾ സെയ്മാൻ ടെക് ലോകത്തിന് തന്നെ ഒരു അദ്ഭുതമാണ്. ഇതേക്കുറിച്ച് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ലോകത്തെ ഒന്നടങ്കം സങ്കടപ്പെടുത്തുന്നതും ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്.

കുറിപ്പിലെ പ്രധാന ഭാഗങ്ങൾ

ആപ്പുകള്‍ നിര്‍മിക്കുന്ന കുട്ടികള്‍ അദ്ഭുതപ്രതിഭകളാണെന്നാണ് പൊതുവെ സമൂഹം കരുതുന്നത്. ഈ കുട്ടികളില്‍ എന്തോ മായാജാലമുണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല. വിജയം മാത്രമാണ് ഇവരുടെ ജീവിതത്തിലെന്നായിരിക്കും പൊതുധാരണ. എന്നാല്‍ സത്യം അതല്ല. വിജയങ്ങളുടേയും നേട്ടങ്ങളുടേയും മറുപുറത്തെക്കുറിച്ചാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്. 

നിങ്ങള്‍ തനിച്ചല്ലെന്നാണ് കുട്ടികളോട് എനിക്ക് പറയാനുള്ളത്. കുടിയേറ്റക്കാരാണെങ്കില്‍ പോലും മക്കള്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ് എന്ന മേഖല അന്യമല്ലെന്ന് രക്ഷിതാക്കളെ ഞാൻ ഓര്‍മിപ്പിക്കുന്നു. കഠിനമായി അധ്വാനിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതില്‍ പരാജയപ്പെട്ടവരായിരുന്നു എന്റെ മാതാപിതാക്കള്‍. ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുകയെന്ന എന്റെ ലക്ഷ്യത്തെക്കുറിച്ച് അവര്‍ക്ക് യാതൊരു ധാരണയുമില്ലായിരുന്നു. എന്നിട്ടും അവര്‍ എനിക്ക് 100 ശതമാനം പിന്തുണ നല്‍കി. 

പുറം ലോകത്തിന് ഞാൻ പതിനെട്ട് തികയും മുമ്പേ ഫെയ്സ്ബുക്ക് ജോലിക്കെടുത്ത പ്രതിഭയാണ്. പതിമൂന്നാം വയസിലാണ് ഞാന്‍ ആദ്യമായി ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. പതിനേഴാം വയസ്സിൽ ഞാന്‍ സോഫ്റ്റ്‌വെയര്‍ എൻജിനീയറായാണ് ഫെയ്സ്ബുക്കില്‍ എത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് അതിഗംഭീരമായ നേട്ടമായാണ് ആര്‍ക്കും തോന്നുക. എന്നാല്‍ അതിനായുള്ള വഴികള്‍ എളുപ്പമായിരുന്നില്ല. തുടക്കം മുതല്‍ തന്നെ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ കുറവല്ലായിരുന്നു. 

MICHAEL–SAYMAN Photo courtesy: facebook/Michael Sayman

പെറുവില്‍ നിന്നും ബൊളീവിയയില്‍ നിന്നും മെച്ചപ്പെട്ട ജീവിതം തേടി അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു എന്റെ മാതാപിതാക്കള്‍. ബിരുദമുണ്ടായിട്ടും അവര്‍ക്ക് വിദ്യാഭ്യാസയോഗ്യതക്ക് അനുസരിച്ചുള്ള ജോലിയൊന്നും ലഭിച്ചില്ല. അങ്ങനെ അവര്‍ പെറുവിയന്‍ ചെറിയൊരു റെസ്റ്റോറന്റ് ആരംഭിച്ചു. ദിവസത്തിലെ ഏറിയ പങ്കും അവര്‍ ഈ റെസ്റ്റോറന്റിലെ അടുക്കളയിലെ കൊടുംചൂടിൽ അധ്വാനിക്കുകയായിരുന്നു. ഞാനും അനുജത്തിയുമടങ്ങുന്ന നാലംഗ കുടുംബത്തിന്റെ ഏക വരുമാന ആശ്രയമായിരുന്നു ഈ കൊച്ചു റെസ്റ്റോറന്റ്. 

മാതാപിതാക്കള്‍ റെസ്റ്റോറന്റില്‍ രാപകലില്ലാതെ പണിയെടുക്കുന്നത് കണ്ടാണ് ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്നത്. തിരിച്ചെത്തുമ്പോഴും രാത്രി വൈകിയും അവരുടെ ജോലി അവസാനിച്ചിരുന്നില്ല. അമ്മക്ക് ഒരിക്കലും ആവശ്യത്തിന് ഉറക്കം പോലും ലഭിച്ചിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ ഞാനും അനുജത്തിയും നിരവധി ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അമ്മേ, എന്തിനാണ് സ്‌കൂളില്‍ പോകുന്നത്? ഹോം വര്‍ക്ക് ചെയ്യുന്നത് എന്നൊക്കെ ആയിരുന്നു ചോദ്യങ്ങള്‍. 

ഇതിന് അമ്മ നല്‍കിയ മറുപടി ഞാനിന്നും മറന്നിട്ടില്ല. നന്നായി പഠിച്ചാലേ നിങ്ങള്‍ക്ക് കോളജില്‍ പോകാനാകൂ. കോളജില്‍ പോയാലേ നല്ല ജോലിയും ജീവിതവുമുണ്ടാകൂ. ഞങ്ങളെ കണ്ടില്ലേ രാവും പകലുമില്ലാതെ അധ്വാനിച്ചിട്ടും ജീവിക്കാന്‍ നമ്മള്‍ കഷ്ടപ്പെടുന്നത് കണ്ടില്ലേ. നിങ്ങള്‍ക്കും ആ ഗതി വരരുത്. അതുകൊണ്ട് നിങ്ങള്‍ നന്നായി പഠിക്കണം. അന്ന് സ്പാനിഷില്‍ അമ്മ ലളിതമായി പകര്‍ന്നു തന്നത് വലിയൊരു ഉപദേശമായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ഉണര്‍ന്ന് നോക്കുമ്പോള്‍ പോലും പലപ്പോഴും അമ്മയെ ഞങ്ങള്‍ റസ്‌റ്റോറന്റിലാണ് കണ്ടിരുന്നത്. ഇപ്പോള്‍ കഷ്ടപ്പെട്ടില്ലെങ്കില്‍ ഞാനെവിടെയും എത്തില്ലെന്ന തോന്നലുണ്ടായത് അമ്മയുടെ ദുരിതങ്ങൾ കാരണമായിരുന്നു. 

ആദ്യ ആപ്പ്

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏതൊരു കുട്ടിയേയും പോലെ ഇന്റര്‍നെറ്റ് വളരെ പെട്ടെന്ന് എന്റെയും ഹരമായി മാറി. ക്ലബ് പെന്‍ഗ്വിന്‍ എന്ന സൗജന്യ ഓണ്‍ലൈന്‍ ഗെയിം വൈകാതെ എന്റെ ഇഷ്ടങ്ങളിലൊന്നായി. ഈ ഗെയിം കളിച്ച് കളിച്ച് ഒടുവില്‍ ക്ലബ് പെന്‍ഗ്വിനെക്കുറിച്ച് ഒരു ബ്ലോഗ് തന്നെ ഉണ്ടാക്കി. 

ബ്ലോഗുണ്ടാക്കി കഴിഞ്ഞപ്പോള്‍ എങ്ങനെ അത് കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാം എന്നായി ചിന്ത. ബ്ലോഗിനെക്കുറിച്ച് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയാല്‍ നന്നാകുമെന്ന് തോന്നി. ഹിറ്റ് കൂട്ടാന്‍ മറ്റു കൃത്രിമ മാര്‍ഗ്ഗങ്ങളുണ്ടാക്കാന്‍ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. എങ്ങനെ ആപ്ലിക്കേഷന്‍ നിര്‍മിക്കാമെന്ന് മാസങ്ങളോളം ഞാന്‍ ഇന്റര്‍നെറ്റില്‍ പരതി. പന്ത്രണ്ട് വയസ് കഴിഞ്ഞ അവസരത്തില്‍ ക്ലബ് പെന്‍ഗ്വിന്‍ ചീറ്റ് ആപ്പ് എന്ന ആപ്ലിക്കേഷന്‍ നിര്‍മിച്ചു. 

MICHAEL Photo courtesy: facebook/Michael Sayman

പന്ത്രണ്ട് വയസ് ( വര്‍ഷം 2009) മാത്രമുള്ളപ്പോള്‍ പോലും ഇന്റര്‍നെറ്റില്‍ നിന്ന് എല്ലാത്തിനും ഉത്തരം കിട്ടുമെന്ന കാര്യത്തില്‍ എനിക്ക് സംശയം പോലുമുണ്ടായിരുന്നില്ല. തിരഞ്ഞാല്‍ എല്ലാം ലഭിക്കുമെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. എന്റെയത്ര ഇന്റര്‍നെറ്റിനെ വിശ്വസിക്കുന്നവരായിരുന്നില്ല മാതാപിതാക്കള്‍. എല്ലാ വിവരങ്ങളും ലഭിക്കുമെന്ന് വിശ്വസിച്ച് എന്‍സൈക്ലോപീഡിയയുടെ സിഡികള്‍ മാതാപിതാക്കൾ എനിക്ക് സമ്മാനിച്ചിട്ട് അധിക വര്‍ഷമായിട്ടില്ല (2006). കംപ്യൂട്ടര്‍ വഴി പഠിക്കാന്‍ സഹായിക്കുന്നതിനുള്ള ഉപാധിയായാണ് ഈ സിഡികളെ അവര്‍ കണ്ടത്. എന്നാല്‍ എനിക്കിഷ്ടമുള്ള മേഖലയകളിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും വഴികളും എന്‍സൈക്ലോപീഡിയയില്‍ നിന്നല്ല ഇന്റര്‍നെറ്റില്‍ നിന്നാണ് എനിക്ക് ലഭിച്ചത്. 

ഒരു കാര്യം ലക്ഷ്യമാക്കി ഇറങ്ങിയാല്‍ അത്രയെളുപ്പം ഞാന്‍ പിന്‍വാങ്ങിയിരുന്നില്ല. പ്രത്യേകിച്ചും ഇന്റര്‍നെറ്റിന് മുന്നില്‍ എത്ര സമയം വേണമെങ്കിലും എനിക്കിരിക്കാന്‍ സാധിച്ചിരുന്നു. എനിക്കെന്തെങ്കിലും സഹായമോ സംശയമോ വന്നാല്‍ ഞാന്‍ ആദ്യം സമീപിച്ചിരുന്നത് മാതാപിതാക്കളെയോ സുഹൃത്തുക്കളെയോ ആയിരുന്നില്ല, മറിച്ച് ഇന്റര്‍നെറ്റിനെയായിരുന്നു. 

എന്റെ ആപ്പ് പുറത്തിറങ്ങിയ ഉടന്‍ തന്നെ കാട്ടുതീ പോലെ പടര്‍ന്നു. ആദ്യ ദിവസം 42 കോപ്പികളും രണ്ടാം ദിവസം 100 കോപ്പികളും മൂന്നാം ദിവസം 150 കോപ്പികളും വിറ്റു. ആ ആഴ്ച്ച തന്നെ ആപ്പ് സ്റ്റോറില്‍ ആദ്യ പത്തില്‍ എന്റെ ആപ്ലിക്കേഷനും സ്ഥാനം നേടി. ആവേശത്തോടെ ഇക്കാര്യം പിതാവിനോട് പറഞ്ഞപ്പോള്‍ ‘നല്ല കാര്യം ഇപ്പോള്‍ പോയി കളിക്കൂ’ എന്ന് പറഞ്ഞ് അദ്ദേഹം തിരിഞ്ഞു കിടക്കുകയാണ് ചെയ്തത്. 

സത്യത്തില്‍ പിതാവിന്റെ ആ പെരുമാറ്റം കണ്ട് എനിക്ക് പ്രത്യേകിച്ച് അദ്ഭുതമൊന്നും തോന്നിയില്ല. എന്താണ് സംഭവിക്കുന്നതെന്നു പോലും മാതാപിതാക്കള്‍ക്ക് വലിയ അറിവില്ലായിരുന്നു. എന്താണ് ആപ്ലിക്കേഷനുകളെന്നോ അവ എങ്ങനെയാണ്  പ്രവര്‍ത്തിക്കുന്നതെന്നോ അവര്‍ക്ക് ധാരണയില്ലായിരുന്നു. കംപ്യൂട്ടറിന് മുന്നിലിരിക്കുമ്പോഴൊക്കെ ഞാന്‍ കളിക്കുകയാണെന്നാണ് അവര്‍ കരുതിയിരുന്നത്.

എന്നാല്‍ ഒരു മാസം കഴിഞ്ഞപ്പോഴേക്കും കളി കാര്യമായി. ആപ്പിള്‍ എനിക്ക് 5000 ഡോളറിന്റെ ചെക്ക് അയച്ചു തന്നു. ഇത് കണ്ട് അമ്മക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഒരേസമയം അഭിമാനത്താലും ഞെട്ടല്‍ കൊണ്ടും വല്ലാത്ത അവസ്ഥയിലായി അവര്‍. അവരുടെ അപ്പോഴത്തെ വികാരം എനിക്കിപ്പോഴും വ്യക്തമായി വിവരിക്കാന്‍ പോലും സാധിക്കുന്നില്ല.

ക്ലബ് പെന്‍ഗ്വിന്‍ എന്ന കുട്ടികളുടെ ഗെയിമിനെക്കുറിച്ച് നിര്‍മിച്ച ചെറിയൊരു ആപ്ലിക്കേഷനാണ് നമുക്ക് പണമുണ്ടാക്കി തരുന്നതെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു. വരുമാനം 70:30 അനുപാതത്തിലാണ് ആപ്പിള്‍ പങ്കുവെക്കുന്നതെന്നൊക്കെ ഞാന്‍ പറഞ്ഞു. അപ്പോഴും അമ്മക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായ അറിവില്ലായിരുന്നു. 

സ്വപ്‌നം സത്യമായപ്പോള്‍

ഒരിക്കല്‍ എന്റെ ആപ്ലിക്കേഷന്‍ ഹിറ്റായതോടെ ടിവി ചാനലുകള്‍ എന്നെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കി തുടങ്ങി. പതിമൂന്നാം വയസില്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ച പ്രതിഭയെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍ വന്നത്. നിരവധി മാധ്യമങ്ങളില്‍ അഭിമുഖങ്ങള്‍ വന്നു. പെറുവിലെ ഏറ്റവും വലിയ ടിവി ഷോയുടെ അണിയറക്കാര്‍ മിയാമിയിലേക്ക് വന്നാണ് എപ്പിസോഡ് ഷൂട്ട് ചെയ്തത്. ഒരു ദിവസം ഞാന്‍ എന്തൊക്കെ ചെയ്യുന്നുവെന്നായിരുന്നു അവര്‍ ഷൂട്ടു ചെയ്തത്. 

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പോലും വ്യക്തമായ ധാരണയില്ലാതിരുന്ന കാലമായിരുന്നു അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കുട്ടികളുടെ സന്ദേശങ്ങള്‍ കൊണ്ട് എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ നിറഞ്ഞു. ഈ വാര്‍ത്തകള്‍ എത്രത്തോളം അവരെ സ്വാധീനിച്ചുവെന്നതിന്റെ തെളിവായിരുന്നു ഇത്. ഒരു സ്വപ്‌നലോകത്തെത്തിയ അവസ്ഥയിലായിരുന്നു ഞാന്‍. 

അതേസമയം, കുടുംബം സാമ്പത്തികമായി കൂടുതല്‍ മോശം അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. സഹോദരിയുടെ ട്യൂഷന്‍ ഫീസിന്റെ ചുമതല ഞാന്‍ ഏറ്റെടുത്തു. വീട്ടിലെ കറന്റ് ബില്ലും ഇന്റര്‍നെറ്റ് ബില്ലും റെസ്റ്റോറന്റിലെ തൊഴിലാളികളുടെ ശമ്പളവും എനിക്ക് ലഭിച്ചിരുന്ന വരുമാനത്തില്‍ നിന്ന് നല്‍കി. 

എന്റെ വരുമാനത്തിന്റെ വലിയ ഭാഗവും കുടുംബത്തിനായാണ് പോയത്. എന്നാല്‍ അതിലെന്തെങ്കിലും അസ്വാഭാവികതയുള്ളതായി എനിക്ക് തോന്നിയില്ല. മാസം 12,000 ഡോളര്‍ വരുമാനമുണ്ടായിരുന്നെങ്കിലും വെറും പതിനാലു വയസ് മാത്രമായിരുന്നു അന്ന് എനിക്ക് പ്രായം. ഏറ്റവും പുതിയ മാക് ബുക്കും ഐഫോണും എനിക്കുണ്ടായിരുന്നു. അതില്‍ കൂടുതലായി എന്തെങ്കിലും ആവശ്യമുണ്ടായിരുന്നതായി അന്നെനിക്ക് തോന്നിയിരുന്നുമില്ല. 

എന്നാല്‍ ഈ ബില്ലുകള്‍ അടക്കാനുള്ള വ്യഗ്രതയില്‍ പലപ്പോഴും സ്‌കൂളിലെ ഗ്രേഡ് പിന്നോട്ടുപോയി. എയും ബിയും നേടിയിരുന്ന ഗ്രേഡുകള്‍ സിയും ഡിയുമായി മാറി. അന്ന് ആദ്യമായി എനിക്ക് എഫ് ഗ്രേഡും ലഭിച്ചു. മറുവശച്ച് എന്റെ 'വിജയഗാഥ' മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. മിയാമിയില്‍ ആദ്യമായി ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിച്ചു. പെറുവും ബൊളീവിയയും അടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ എനിക്കായി ടൂറുകൾ സംഘടിപ്പിക്കപ്പെട്ടു. ഇക്വഡോറില്‍ മറ്റൊരു കോണ്‍ഫറന്‍സിലും പങ്കെടുത്തു. 

പെറുവിലെ കുടുംബാംങ്ങള്‍ അഭിനന്ദിക്കാനായി മാത്രം വിളിച്ചു. എന്നാൽ അവര്‍ക്കൊന്നും ഞങ്ങളുടെ കുടുംബം അഭിമുഖീകരിച്ചിരുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് ധാരണയില്ലായിരുന്നു. തെക്കേ അമേരിക്കന്‍ ട്രിപ്പില്‍ എനിക്കൊപ്പം അമ്മയാണ് കൂട്ടുവന്നത്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള ഞാന്‍ ഒറ്റക്ക് പോകാന്‍ പ്രാപ്തനല്ലെന്ന് അമ്മ ഉറപ്പിച്ചിരുന്നു. ആപ്പുകൾ നിർമിക്കാൻ ഇന്റര്‍നെറ്റ് എങ്ങനെയാണ് സഹായിച്ചതെന്ന് പ്രസംഗങ്ങളില്‍ ഞാന്‍ പറഞ്ഞു. ഈ യാത്രകള്‍ വലിയ ആവേശമായെങ്കിലും എന്തോ കുറ്റബോധം എന്നെ അലട്ടുന്നുണ്ടായിരുന്നു. 

ആയിരക്കണക്കിന് കുട്ടികള്‍ എന്നെ മാതൃകയാക്കുമ്പോഴും കുടുംബത്തിന്റെ നില കൂടുതല്‍ പ്രയാസത്തിലേക്ക് പോകുകയായിരുന്നു. മോനെ, ഈ വീട് ഒഴിയേണ്ടി വരുമെന്ന് ഒരുദിവസം കരഞ്ഞു കലങ്ങിയ മുഖവുമായി വന്ന് അമ്മ പറഞ്ഞു. ഇതോടെ എന്റെ ലോകം കീഴ്‌മേല്‍മറിഞ്ഞു. 

MICHAEL–SAYMAN–1 Photo courtesy: facebook/Michael Sayman

തോല്‍വികള്‍

പിന്നീട് ജീവിതം തിരിച്ചുപിടിക്കാനുള്ള ഓട്ടമായിരുന്നു. വീട് തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമവും നടത്തി. അഭിഭാഷകര്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ നല്‍കി നിയമപോരാട്ടം നടത്തി. അമേരിക്കയില്‍ മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് വന്ന എന്റെ മാതാപിതാക്കള്‍ക്ക് ദുരിതകാലമായിരുന്നു അത്. അമേരിക്കന്‍ സ്വപ്‌നം വീട് പോലും നഷ്ടപ്പെട്ട യാഥാര്‍ഥ്യമായി തുറിച്ചു നോക്കി. 

ഈ കാലത്താണ് ഞാന്‍ കൂറേ കൂടി പ്രായോഗികമായി ചിന്തിച്ചു തുടങ്ങിയത്. വൈകാരികമായ ചിന്തകള്‍ പരമാവധി കുറച്ചു. ഹോം വര്‍ക്കുകള്‍ പോലും ഒഴിവാക്കി, ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നതില്‍ മാത്രമായി എന്റെ പരിശ്രമം. എന്റെ കുടുംബത്തിന്റെ ദൈനം ദിന ചെലവുകള്‍ നേരിടാന്‍ ചെറുതല്ലാത്ത ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. സമ്മര്‍ദ്ദങ്ങള്‍ പലവിധമായിരുന്നു. പരമാവധി ശ്രമിച്ചിട്ടും ഞങ്ങളുടെ റസ്‌റ്റോറന്റിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാതാപിതാക്കള്‍ തൊഴില്‍രഹിതരായി. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം എന്റേതായി. അപ്പോഴേക്കും എനിക്ക് കുട്ടിത്തം നഷ്ടപ്പെട്ടിരുന്നു. 

കാപട്യ ചിരി 

അപ്പോഴും ലോകത്തിന് മുന്നില്‍ ഞാന്‍ വിജയിച്ച മാതൃകയായിരുന്നു. ക്യാമറകള്‍ക്കു മുന്നില്‍ വരുമ്പോഴെല്ലാം കുട്ടികള്‍ക്ക് മാതൃകയാകാനുള്ള എന്റെ ഉത്തരാവാദിത്വത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. മുഖത്ത് കപടമായ ചിരി വരുത്തിക്കൊണ്ടാണ് ഞാന്‍ ക്യാമറകളേയും മാധ്യമങ്ങളേയും സദസിനേയുമെല്ലാം അഭിമുഖീകരിച്ചിരുന്നത്. എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളോ ഓരോ രാത്രിയും തകര്‍ന്നു കരയുന്ന മാതാപിതാക്കളേയോ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.

ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് മുന്നിലെ വിശാലമായ സാധ്യതകളും ആപ്ലിക്കേഷന്‍ പ്രോഗ്രാമിലെ അവസരങ്ങളെക്കുറിച്ചും എങ്ങനെ ആ ലഷ്യത്തിലെത്താം എന്നതിനെക്കുറിച്ചുമെല്ലാം ഞാന്‍ ചിരിച്ചുകൊണ്ട് വാചാലനായി. വിജയിച്ച മാതൃകകളായ ഞങ്ങളെ പോലുള്ളവരെ കണ്ട് പ്രചോദിരായിട്ടും വീടുകളില്‍ കാര്യമായ പിന്തുണ കിട്ടാത്ത കുട്ടികള്‍ എന്തു ചെയ്യണമെന്ന ചോദ്യം ഒരു അഭിമുഖത്തിനിടെ എനിക്ക് നേരിടേണ്ടി വന്നു. നിശ്ചയിച്ചുറപ്പിച്ച ഉത്തരമാണ് അവർക്ക് ഞാന്‍ നല്‍കിയത്. 'നിശ്ചയദാര്‍ഢ്യവും ആകാംഷയുമാണ് പ്രധാനം. മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുക, നിങ്ങള്‍ ലക്ഷ്യത്തിലെത്തും' എന്ന റെഡിമെയ്ഡ് മറുപടിയായിരുന്നു എന്റേത്. 

അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞെങ്കിലും ആ ചോദ്യം എന്നെ വിട്ടു പോയില്ല. എന്തൊരു വങ്കത്തരമാണ് പറഞ്ഞതെന്ന് എനിക്ക് പലകുറി തോന്നി. എന്റെ ജീവിതത്തിലെ യാഥാര്‍ഥ്യത്തെക്കുറിച്ച് ലോകത്തോട് പറയണമെന്ന് അന്നാണ് ഞാന്‍ തീരുമാനിച്ചത്. അത്ര സുഖകരമല്ലാത്ത ജീവിതത്തെക്കൂടി കുട്ടികളോട് പറയണമെന്ന് ഞാന്‍ ഉറപ്പിച്ചു. 

കുടുംബം നേരിട്ട സാമ്പത്തിക അരക്ഷിതാവസ്ഥയെക്കുറിച്ചും അത് എന്നിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുമൊക്കെ പിന്നീട് ഞാന്‍  വാചാലനായി. മാതാപിതാക്കള്‍ക്ക് ജോലി പോലും നഷ്ടപ്പെട്ടപ്പോള്‍ എങ്ങനെ എനിക്ക് സഹായിക്കാനായെന്ന് പറഞ്ഞു. ആരും സംതൃപ്തരോ പൂര്‍ണ്ണ സന്തോഷവാന്മാരോ അല്ലെന്നതാണ് യാഥാര്‍ഥ്യം. ഓരോ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ടാകും. ഇത് മറികടക്കാതെ വിജയിക്കാനാവില്ലെന്ന സത്യം ഞാന്‍ തുറന്നുപറഞ്ഞു. 

ഭയമുണ്ട്

പതിനേഴാം വയസ്സില്‍ ഫെയ്സ്ബുക്ക് ജീവനക്കാരനായെടുത്ത എനിക്കിപ്പോള്‍ 20 തികഞ്ഞിരിക്കുന്നു. കുറവുകളും തിരിച്ചടികളുമുള്ള ജീവിതം പങ്കുവെക്കാനുള്ള അവസരം ഇതാണെന്ന് ഞാന്‍ കരുതുന്നു. ചുറ്റുമുള്ളവര്‍ വീഴുമ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ എനിക്ക് സാധിച്ചതിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. എന്തൊക്കെ പ്രതികൂല സാഹചര്യങ്ങളിലാണെങ്കിലും നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന മേഖലയാണ് കംപ്യൂട്ടര്‍ സയന്‍സ് എന്ന് ലോകമെങ്ങുമുള്ള കുട്ടികള്‍ തിരിച്ചറിയണം. 

എല്ലാവര്‍ക്കും ഡോക്ടറോ അഭിഭാഷകനോ ആകാനാവില്ല. ഇങ്ങനെ വിജയത്തിലെത്തുമെന്ന അറിവ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രചോദനമായാല്‍ വലിയ കാര്യമെന്നു കരുതുന്നു. ലോകത്തെ ഇന്റര്‍നെറ്റുവഴി ബന്ധിപ്പിക്കാനുള്ള ശ്രമം ഫെയ്സ്ബുക്ക് തുടരുകയാണ്. 

എന്റെ വിജയകഥയിലെ കുറവുകളെക്കുറിച്ച് പറയുന്നതിനാണ് ജീവിതത്തില്‍ നേരിട്ട തിരിച്ചടികളെക്കുറിച്ചും വ്യക്തമാക്കിയത്. അതു പറയാന്‍ പേടിയുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നു തന്നെയാണുത്തരം. ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് ഞാന്‍ വന്നതെന്ന് പറയാന്‍ പേടിച്ചിരുന്നോ? പേടിച്ചിരുന്നു, എനിക്ക് സംഭവിച്ച തെറ്റുകളെക്കുറിച്ച് പറയാന്‍ പേടിയുണ്ടായിരുന്നോ? ഉണ്ടായിരുന്നു. 

MICHAEL– Photo courtesy: facebook/Michael Sayman

എന്നാല്‍ ആ പേടിയെ മറികടക്കാനായതാണ് കൂടുതല്‍ ഇരുത്തം വന്നവനാകാന്‍ എന്നെ സഹായിച്ചതെന്ന് കരുതുന്നു. ഇതിനര്‍ഥം എനിക്ക് പേടിയില്ലെന്നല്ല. പേടികൊണ്ട് എന്തെങ്കിലും ശ്രമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്ന് ഞാന്‍ മാറിയെന്നതാണ് ഇതുകൊണ് അര്‍ഥമാക്കുന്നത്. ഇന്റര്‍നെറ്റ് കാലത്തെ കുട്ടികളോട് എനിക്കൊന്നേ പറയാനുള്ളൂ. വിജയങ്ങള്‍ക്കൊപ്പം കുറവുകള്‍ കൂടി തുറന്നു പറയാന്‍ നമുക്ക് സാധിക്കണം. പേടിയുണ്ടാകും. പക്ഷേ അത് മറികടക്കാനുള്ള കഴിവ് നമ്മള്‍ പ്രകടിപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.