Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരും വര്‍ഷങ്ങള്‍ ആകാശയാത്ര പേടി സ്വപ്‌നമാകും, വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകും

emirates

വരും വര്‍ഷങ്ങള്‍ വൈമാനികയാത്രികര്‍ക്ക് അത്രത്തോളം സുഖകരമല്ലാത്ത അനുഭവങ്ങളായിരിക്കും സമ്മാനിക്കുകയെന്ന് പഠനം. ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനയുമാണ് വിമാനത്തിലെ യാത്ര പേടി സ്വപ്‌നമാക്കി മാറ്റുക.

അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും മനസിലാക്കി മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനായി ഉയരുന്ന നിര്‍ദ്ദേശം. റീഡിംങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. 2050-80 കാലമാകുമ്പോഴേക്കും നിലവിലെ സാങ്കേതിക വിദ്യയില്‍ മുന്നോട്ടുപോയാല്‍ വിമാനയാത്രയിലെ കുലുക്കങ്ങള്‍ പേടിപ്പിക്കും വിധം വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. 

യൂറോപ്പിനും അത്‌ലാറ്റിക് സമുദ്രത്തിന് മുകളിലൂടെയും യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരിക. യൂറോപ്പിലെ ആകാശ കുലുക്കം 2050 ആകുമ്പോഴേക്കും 160 ശതമാനവും അത്‌ലാറ്റിക് സമുദ്രത്തിന് മുകളിലെ ആകാശപാതകളിലെ കുലുക്കം 180 ശതമാനവുമാണ് വര്‍ധിക്കുക. ഈ കണക്കുവെച്ച് കുറഞ്ഞത് വിമാനയാത്രകളിലെ പരിക്കുകള്‍ ഈ വര്‍ഷമാകുമ്പോഴേക്കും മൂന്നിരട്ടിയാകുമെന്നും കണക്കാക്കുന്നു. 

രാജ്യാന്തരതലത്തല്‍ തന്നെ ആകാശ കുലുക്കം വര്‍ധിക്കുകയാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. പോള്‍ വില്യംസ് പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കൂടി കൂടുതല്‍ രൂക്ഷമാകുന്നതോടെ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണ് ഏക രക്ഷാമാര്‍ഗ്ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

തെളിഞ്ഞ ആകാശത്തിലും ആകാശ കുലുക്കങ്ങള്‍ സംഭവിക്കാറുണ്ട്. ഇത് clear-air turbulence (CAT) എന്നാണ് അറിയപ്പെടുന്നത്. ഇത്തരം കുലുക്കങ്ങള്‍ക്ക് കാരണമാകുന്നവയെ റഡാറുകളില്‍ കാണാനാകില്ലെന്നതും അപകടം വര്‍ധിപ്പിക്കുന്നു. തെളിഞ്ഞ അന്തരീക്ഷത്തിലൂടെ പോകുന്ന വിമാനത്തില്‍ CATമൂലമുണ്ടാകുന്ന കുലുക്കങ്ങള്‍ക്ക് യാത്രികരെ സീറ്റുകളില്‍ നിന്നും തെറിപ്പിക്കാനും ലഗേജുകൾ താഴെയിടാനും മാത്രം ശേഷിയുണ്ടാകും. 

തെളിഞ്ഞ ആകാശത്തുണ്ടാകുന്ന അപ്രതീക്ഷിത കുലുക്കങ്ങളായിരിക്കും ഇനി വര്‍ധിക്കുകയെന്നും മുന്നറിയിപ്പുണ്ട്. ഇതിന് പിന്നില്‍ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് കാരണം. അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന കാറ്റിന്റെ വേഗതയും വര്‍ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള അതിവേഗത്തിലുള്ള കാറ്റിന്റെ ആകാശ പാതകളില്‍ പെട്ടുപോകുമ്പോഴാണ് പലപ്പോഴും വിമാനങ്ങള്‍ക്ക് രൂക്ഷമായ കുലുക്കം അനുഭവിക്കേണ്ടി വരുന്നത്. കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ഊഷ്മാവില്‍ മാത്രമല്ല അന്തരീക്ഷത്തിലെ ഊഷ്മാവിലും മാറ്റമുണ്ടാക്കുമെന്നതിന്റെ തെളിവാകും ഇത്തരം ആകാശ കുലുക്കങ്ങള്‍.

related stories