Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി ആദർശിന് ഹാൾ ഓഫ് ഫെയിം അംഗീകാരം

Adarsh-nair

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി ടെക്കിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ സബ് ഡൊമെയിനുകളിലെ ഹാക്കിങ്ങിലേക്ക് നയിക്കാവുന്ന സുരക്ഷാ പിഴവുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം സ്വദേശി ആദർശ് എസ്.വി നായർക്കാണ് അംഗീകാരം ലഭിച്ചത്. ഗൂഗിൾ വെബ്സൈറ്റുകളിലെ ഗുരുതരമായ ആറോളം ബഗ്ഗുകളാണ് ആദർശ് കണ്ടെത്തിയത്.

പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിനു ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് ആദർശും ഇടം നേടിയിരിക്കുന്നത്.   

adarsh

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.     

തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. 104 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ആദർശിന്റെ സ്ഥാനം നാലാം പേജിലാണ്. ഈ പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ മലയാളിയും ആദർശാണ്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി. 

Adarsh-nair-

യുഎസ്ടി ഗ്ലോബൽ ജീവനക്കാരനായ ആദർശ് നേരത്തെയും സൈബർസെക്യൂരിറ്റി മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. യുഎസ്ടി ഗ്ലോബലിൽ സീനിയർ സെക്യൂരിറ്റി അനലിസ്റ്റായി ജോലി ചെയ്യുന്ന ആദർശ് കേരളാ പൊലീസ് സൈബർ ഡോമിന്റെ ഇൻഫർമേഷൻ സെക്യൂരിറ്റി ഉപദേശകനുമാണ്.

തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിങ് (CET ) ൽ നിന്നും ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ എം.ടെക് നേടിയ ശേഷമാണ് ആദർശ് സൈബർ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തനം ആരംഭിച്ചത്. സൈബർഡോമിലെ പ്രവർത്തന മികവിന് സര്‍ക്കാരിന്റെ അവാർഡും ആദർശിനെ തേടിയെത്തി. ഓപ്പൺ വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രൊജക്ട് (OWASP), ഇസി–കൗണ്‍സിൽ യുഎസ്എ എന്നിവയിൽ ബോർഡ് മെംബർ കൂടിയാണ് ആദർശ്.