Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ടെക് ഗ്രാമ’ത്തിലെ ലഹരിമണമുള്ള രഹസ്യ സെക്‌സ് പാര്‍ട്ടികള്‍!

elite-group Representative Image

ലോകത്തെ ഏറ്റവും വലിയ ടെക് വില്ലേജാണ് അമേരിക്കയിലെ സിലിക്കൺ വാലി. ലോകത്തെ ഒട്ടുമിക്ക ടെക് കമ്പനികളുടെയും ആസ്ഥാനവും ഇവിടെയാണ്. എന്നാൽ ഇവിടുത്തെ ജീവിത രീതികളെ കുറിച്ച് റിപ്പോർട്ടുകൾ കുറച്ചു മാത്രമെ പുറത്തുവന്നിട്ടുള്ളു. കഴിഞ്ഞ രണ്ടു വര്‍ഷമായി സിലിക്കണ്‍ വാലിയിലെ ഉന്നതര്‍ക്കിടയില്‍ നടക്കുന്ന രഹസ്യ സെക്‌സ് പാര്‍ട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ബ്ലൂംബെര്‍ഗ് ടിവി അവതാരകയായ എമിലി ചാങ് പുറത്തുവിട്ടു. ലഹരി മരുന്നുകളും സെക്‌സും നിറച്ച ഇത്തരം പാര്‍ട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ രണ്ട് ഡസനോളം വരുന്ന അനുഭവസ്ഥരില്‍ നിന്നാണ് ടിവി അവതാരക ശേഖരിച്ചത്.

ബ്രൊട്ടോപ്യ; ബ്രേക്കിങ് അപ് ദ ബോയ്‌സ് ക്ലബ് ഓഫ് സിലിക്കണ്‍വാലി എന്ന തന്റെ പുസ്തകത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും പ്രവേശനമുള്ളതല്ല സിലിക്കണ്‍ വാലിയിലെ പാര്‍ട്ടികള്‍. അതിപ്രശസ്തമായ കമ്പനികളുടെ സ്ഥാപകരും നിക്ഷേപകരുമൊക്കെയാകും പലപ്പോഴും പാര്‍ട്ടികളുടെ സംഘാടകര്‍. സിലിക്കണ്‍ വാലിയിലെ പരസ്യമായ രഹസ്യമാണ് ഇത്തരം പാര്‍ട്ടികളെന്ന് എമിലി സാക്ഷ്യപ്പെടുത്തുന്നു.

സിലിക്കണ്‍ വാലിയിലെ രഹസ്യ സെക്‌സ് പാര്‍ട്ടികളെക്കുറിച്ച് വിവരം നല്‍കിയ ഇരുപത്തിനാലോളം പേരില്‍ മിക്കവരും പ്രശസ്തരാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും അവരുടെ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പുരുഷന്മാരില്‍ ഭൂരിഭാഗവും സിലിക്കണ്‍ വാലിയിലെ പ്രമുഖരായിരിക്കും. ഒരു പുരുഷന് രണ്ട് സ്ത്രീ എന്ന നിലയിലായിരിക്കും പാര്‍ട്ടികളിലെ സ്ത്രീ പുരുഷാനുപാതമെന്നും എമിലിയുടെ പുസ്തകത്തിലുണ്ട്.

എംഡിഎംഎ പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചായിരിക്കും പാര്‍ട്ടിയുടെ തുടക്കം. പല പാര്‍ട്ടികളും സംഘടിപ്പിക്കുന്ന കമ്പനികളുടെ ലോഗോ അടക്കമുള്ളവ ഇത്തരം ലഹരിമരുന്നുകളുടെ രൂപത്തില്‍ സജ്ജീകരിച്ച കാഴ്ചകളും അപൂര്‍വ്വമല്ല. ലഹരി വസ്തുക്കള്‍ കഴിയും മുൻപെ വിഭവസമൃദ്ധമായ ഭക്ഷണവും മദ്യവും എത്തും. രാത്രി വൈകും വരെ പിന്നീട് നൃത്തവും മറ്റും തുടരുകയും ചെയ്യും. ഇതാണ് സിലിക്കണ്‍ വാലി പാര്‍ട്ടികളുടെ പൊതു രീതി.

പാര്‍ട്ടികള്‍ക്ക് നിയതമായ ക്ഷണപത്രികകൾ ഒന്നുമുണ്ടാകില്ല. നേരിട്ട് പറയുകയോ വിവരം അറിയിക്കുന്നതിനു സോഷ്യല്‍മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുകയോ ആണ് പതിവ്. അതിസമ്പന്നരുടെ കേന്ദ്രങ്ങളായ ഹോട്ടലുകളിലോ വസതികളിലോ ആയിരിക്കും പലപ്പോഴും ഇത്തരം പാര്‍ട്ടികള്‍ നടക്കുക. പാര്‍ട്ടികളില്‍ ദമ്പതികളേയോ കാമുകീ കാമുകന്മാരേയോ കണ്ടാല്‍ പോലും അദ്ഭുതപ്പെടേണ്ടതില്ലെന്നും ചാങ് പറയുന്നു. ഓരോരുത്തരും തിരഞ്ഞെടുക്കുന്ന ജീവിത രീതിയെന്ന നിലയിലാണ് ഇത്തരം പാര്‍ട്ടികളെ സിലിക്കണ്‍ വാലി കാണുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടികള്‍ വിവാദങ്ങള്‍ക്ക് പോലും ഇടയാക്കുന്നില്ല.

സ്ത്രീകള്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാറില്ല. എന്നാല്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ അലിഖിതമായ കരിമ്പട്ടികയില്‍ പെടുത്തുന്ന പതിവുമുണ്ട്. പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് സിലിക്കണ്‍ വാലിയില്‍ കമ്പനി തുടങ്ങുന്നതിനോ സംരംഭകരെ ലഭിക്കുന്നതിനോ എളുപ്പത്തില്‍ കഴിയില്ല. എന്നാല്‍ പാര്‍ട്ടിക്കെത്തുന്ന പുരുഷന്മാര്‍ പൊതുവേ സിലിക്കണ്‍ വാലിയിലെ പ്രമുഖരായതിനാല്‍ നിയന്ത്രണങ്ങള്‍ അവര്‍ക്ക് ബാധകമാകാറില്ല.

'ഏതെങ്കിലും നിക്ഷേപകനുമായി നേരിട്ട് സംസാരിക്കുക എളുപ്പമല്ല. പാര്‍ട്ടികള്‍ പലപ്പോഴും അതിനുള്ള കുറുക്കുവഴികളാകാറുണ്ട്. അത്തരക്കാരുമായി ഒരിക്കല്‍ ബന്ധം സ്ഥാപിച്ചു കഴിഞ്ഞാല്‍ അവരുടെ അടുപ്പക്കാരായി നമ്മള്‍ മാറുകയും ചെയ്യും. എനിക്ക് അത്തരം പാര്‍ട്ടികളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല' പേര് വെളിപ്പെടുത്താത്ത സ്ത്രീ പറഞ്ഞതായി എമിലി ചാങ് എഴുതുന്നു.

സിലിക്കണ്‍ വാലിയിലെ പ്രമുഖ സംരംഭകരും നിക്ഷേപകരുമെല്ലാം അത്‌ലറ്റുകളേക്കാളും അഭിനേതാക്കളേക്കാളും കൂടുതല്‍ സ്വാധീനം ചെലുത്തുന്നവരെന്നാണ് സ്വയം കരുതുന്നത്. അതിന് അവര്‍ക്ക് കാരണമുണ്ട്. മറ്റെല്ലാവരും കുറഞ്ഞകാലത്തേക്ക് മാത്രം ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുമ്പോള്‍ തങ്ങള്‍ അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നുവെന്നാണ് സിലിക്കണ്‍ വാലി സംരംഭകരുടെ അവകാശവാദം.

book

ഈ പാര്‍ട്ടികള്‍ ചില സ്ത്രീകള്‍ ദുരുപയോഗം ചെയ്യാറുണ്ടെന്ന ആരോപണം പോലും പാര്‍ട്ടികളുടെ നടത്തിപ്പുകാരും പങ്കെടുക്കുന്നവരുമായ ചില പുരുഷന്മാര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം, 'സിലിക്കണ്‍ വാലി ബോയ്‌സ്' മറ്റെല്ലാറ്റിനേക്കാളും പണത്തിന് പ്രാധാന്യം നല്‍കുന്നവരാണെന്ന വിമര്‍ശനവും സ്ത്രീകള്‍ക്കുണ്ട്. പാര്‍ട്ടികള്‍ക്ക് കൊണ്ടുപോകാനുള്ളയാള്‍ എന്ന നിലയില്‍ മാത്രം സ്ത്രീകളുമായി ബന്ധം തുടരുന്നവരുമുണ്ടെന്ന ആരോപണമുണ്ട്. സിലിക്കണ്‍ വാലിയിലെ പ്രമുഖ കമ്പനികള്‍ക്കെതിരെ ലൈംഗിക പീഡന ആരോപണവും സ്ത്രീ വിവേചന ആരോപണവും ഉയരുന്നതിനിടെയാണ് എമിലി ചാങ്ങിന്റെ പുസ്തകം പുറത്തുവന്നിരിക്കുന്നത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.