Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോദി പദ്ധതി’ രക്ഷിച്ചു, ഫെബ്രുവരിയിൽ പേടിഎം വഴി 1.3 ലക്ഷം കോടി, നാലിരട്ടി നേട്ടം!

modi-sharma-paytm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഡിജിറ്റൽ പദ്ധതികൾ ഏറ്റവും കൂടുതൽ തുണച്ചത് ഡിജിറ്റൽ വോലെറ്റുകളെയും ഓണ്‍ലൈൻ പെയ്മെന്റ് സർവീസുകളെയുമാണ്. 2016 നവംബറിൽ രാജ്യത്തെ ഭൂരിഭാഗം കറന്‍സികളും തിരികെ വിളിച്ചതോടെയാണ് ഡിജിറ്റൽ ഇടപാടുകൾ കുത്തനെ കൂടിയത്. അന്ന് മുതൽ ഏറ്റവും നേട്ടമുണ്ടാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന കമ്പനിയാണ് പേടിഎം.

പേടിഎം വഴിയുള്ള ഇടപാടുകളുടെ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി കൂടിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ പേടിഎമ്മിന്റെ മൊത്തം ഇടപാടുകളുടെ മൂല്യ 20 ബില്ല്യൻ ഡോളറാണ് (1.3 ലക്ഷം കോടി രൂപ). കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് അഞ്ചു ബില്ല്യൻ ഡോളറായിരുന്നു. യാത്ര, സിനിമ ടിക്കറ്റ് ബുക്കിങ് കുത്തനെ കൂടിയതോടെയാണ് പേടിഎം ഇടപാടുകളും ഉയർന്നത്.

ഓരോ പാദത്തിലും പേടിഎം വഴിയുള്ള ഇടപാടുകളുടെ എണ്ണം 100 കോടിയാണ്. ഫെബ്രുവരിയില്‍ ഇത് റെക്കോർഡിലെത്തി എന്ന് പേടിഎം സിഒഒ കിരൻ വാസിറെഡ്ഡി പറഞ്ഞു. സർവീസുകൾക്ക് പുറമെ ഉൽപ്പന്നങ്ങൾ വിൽക്കാനും തുടങ്ങിയതോടെ മൊത്തം ഇടപാട് മൂല്യം കൂടി. എന്നാൽ ഈ മൂല്യം കമ്പനിയുടെ വരുമാനമായോ ലാഭമായോ കണക്കാക്കാനാകില്ല.

ചൈനീസ് കമ്പനിയായ ആലിബാബ ഗ്രൂപ്പിനും ജപ്പാനിലെ സോഫ്റ്റ്ബാങ്കിനും പേടിഎമ്മിൽ പങ്കാളിത്തമുണ്ട്. നിലവിൽ പെയ്മെന്റ് സർവീസ് തുടങ്ങി ഗൂഗിളിനെയും ഫെയ്സ്ബുക്കിന്റെ വാട്സാപ്പിനെയും പിടിച്ചുകെട്ടാൻ വൻ പദ്ധതികളാണ് പേടിഎം ആലോചിക്കുന്നത്.

paytm

പേടിഎമ്മിന്റെ വളർച്ച വിസ്മയിപ്പിക്കുന്നത്, വിജയ് ശേഖര്‍ ശര്‍മയുടേതും

എൻജിനീയറിംഗ് കഴിഞ്ഞ് ജോലിയില്ലാതിരുന്ന കാലത്ത് ഭക്ഷണത്തിനു പോലും പണമില്ലാതെ പട്ടിണികിടന്നിട്ടുണ്ട്. പഠനസമയത്തും അതിനുശേഷവും ഒരുപാടു വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പരാജയം സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു. ഹിന്ദി മീഡിയത്തില്‍ നിന്നുവന്ന എനിക്ക് ഇംഗ്ലീഷിലുള്ള എൻജിനീയറിംഗ് പഠനം വലിയ ബുദ്ധിമുട്ടായിരുന്നു. ഇംഗ്ലീഷ് ക്ലാസ്സുകള്‍ മനസ്സിലാകാതിരുന്ന ഞാന്‍ പരീക്ഷകളില്‍ വിജയിക്കുമോ എന്നുപോലും ആശങ്കപ്പെട്ടു. അക്കാലത്ത് കോളെജ് കാമ്പസില്‍ നിന്നും 14 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഭക്ഷണം കഴിച്ചിരുന്നത്. പഠനം കഴിഞ്ഞ് തൊഴില്‍രഹിതനായി ഇരിക്കുമ്പോള്‍ വീട്ടുകാര്‍ വിവാഹത്തിനായി നിര്‍ബന്ധിച്ചു. വരുമാനമാര്‍ഗമില്ലാത്ത എന്റെ മാനസികാവസ്ഥ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാതെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പറയുന്നത് ഇന്നത്തെ ഒരു കോടീശ്വരനാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്റ്റാർട്ടപ്പ് Paytm സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ.

Paytm എന്ന ആശയം പങ്കുവെച്ചപ്പോള്‍ അതൊരു മണ്ടത്തരമാണെന്നു പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഏറെയുണ്ടായിരുന്നു. ഈ ആശയം വിജയിക്കുമായിരുന്നുവെങ്കില്‍ വളരെ നേരത്തതന്നെ ആരെങ്കിലും ഇത് പരീക്ഷിക്കുമായിരുന്നില്ലെ എന്നാണ് അവർ ചോദിച്ചതെന്നും വിജയ് പറയുന്നു.

ഹോട്ട്‌മെയില്‍ സ്ഥാപകന്‍ സബീര്‍ ഭാട്ടിയയെപ്പോലെ ആകാന്‍ കൊതിച്ചു നടന്ന യൗവനത്തുടക്കം. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഇകൊമേഴ്‌സ് സ്ഥാപനമായ Paytmന്റെ തലവനാണ് വിജയ്‍. മൂന്നു ബില്ല്യന്‍ ഡോളര്‍ വരുമാനമുള്ള സംരഭത്തിന്റെ പിന്നില്‍ അദ്ദേഹത്തിന് പറയാനുള്ളത് കഠിന പരിശ്രമത്തിന്റെ കഥ മാത്രമാണ്.

വിജയ് ശേഖര്‍

ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു സ്വപ്നങ്ങളുടെയും ദൃഢനിശ്ചയത്തിന്റെയും മാത്രം കരുത്തില്‍ മുളച്ചു പൊങ്ങി വന്ന വിജയ് ശേഖര്‍ ശര്‍മ യുവാക്കള്‍ക്ക് എന്നുമൊരു പ്രചോദനമാണ്.

അലിഗഡിലെ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലായിരുന്നു വിജയ് ജനിച്ചത്. അച്ഛന്‍ സ്‌കൂള്‍ അധ്യാപകന്‍. അമ്മ സാധാരണ വീട്ടമ്മ. കൂടെ രണ്ടു മൂത്ത സഹോദരിമാരും ഇളയ ഒരു അനിയനും. എൻജിനീയറിംഗ് എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കി പതിനായിരം രൂപ എങ്കിലും വരുമാനമുള്ള ഒരു ജോലി സമ്പാദിക്കുക എന്നതായിരുന്നു കൊച്ചു വിജയ് അന്ന് കണ്ട ഏറ്റവും വലിയ സ്വപ്നം.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജീനിയസായിരുന്നു വിജയ്. പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയ വിജയ് പതിനഞ്ചു വയസുള്ളപ്പോള്‍ പ്ലസ്ടു പൂര്‍ത്തിയാക്കി. പിന്നെ എൻജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ നേടി.

അലിഗഡ് പോലൊരു ചെറിയ സ്ഥലത്ത് നിന്നും ഡല്‍ഹിയുടെ മെട്രോ അന്തരീക്ഷത്തിലേയ്ക്ക് വന്നപ്പോള്‍ ഒരുപാട് കാര്യങ്ങളില്‍ ബുദ്ധിമുട്ടായിരുന്നു എന്ന് വിജയ് പറയുന്നു. ഒന്നാമത്തെ കാര്യം ഇംഗ്ലീഷ് ഭാഷ ശരിയായി ഉപയോഗിക്കാന്‍ അറിഞ്ഞുകൂടാ എന്നതായിരുന്നു.

ചെറുപ്പം മുതല്‍ എല്ലാ ക്ലാസുകളിലും മുന്‍ബെഞ്ചിലായിരുന്നു വിജയ്. എൻജിനീയറിംഗ് കോളേജില്‍ എത്തിയപ്പോള്‍ ആ പതിവു തെറ്റി. ഇംഗ്ലീഷ് അറിയാത്തതിനാല്‍ ടീച്ചര്‍മാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അറിയാത്തതായിരുന്നു കാരണം. മറ്റു കുട്ടികളുടെ കളിയാക്കലുകള്‍ക്ക് മുന്നില്‍ പക്ഷേ വിജയ് തളര്‍ന്നില്ല. കിട്ടാവുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ എല്ലാം വായിച്ചുകൂട്ടി. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സഹപാഠികള്‍ എല്ലാം നന്നായി സഹായിക്കുകയും ചെയ്തു.

ഒരിക്കല്‍ ഒരു മാഗസിനില്‍ സിലിക്കന്‍വാലിയെ കുറിച്ച് വന്ന ലേഖനമാണ് വിജയിന്റെ ചിന്തകളെ മാറ്റി മറിച്ചത്. ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് പകരം സ്വന്തമായി തനിക്ക് എന്തുകൊണ്ട് ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ചിന്ത അന്ന് മുതലാണ് കൂടെക്കൂടിയത്. പിന്നീടങ്ങോട്ട് കോളേജിലെ കംപ്യൂട്ടര്‍ സെന്ററില്‍ ഇരുന്നു പരീക്ഷണങ്ങള്‍ ആയിരുന്നു. സബീര്‍ ഭാട്ടിയയെപ്പോലെ താനും എന്നെങ്കിലും വിജയകരമായ ഒരു സംരഭത്തിന്റെ തലവനാവുന്നത് സ്വപ്നം കണ്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് അവിടെ നിന്നാണ്.

കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ ഹരീന്ദര്‍ തഖര്‍ എന്ന ചങ്ങാതിയുമായി ചേര്‍ന്ന് Xs! കോര്‍പ്പറേഷന്‍ എന്ന പേരില്‍ വെബ് കമ്പനി തുടങ്ങി. വെബ് ഗൈഡഡ് സര്‍വീസുകള്‍, വെബ് ഡയറക്ടറീസ്, സെര്‍ച്ച് എഞ്ചിന്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. 1998 ല്‍ കോളേജ് പഠനം പൂര്‍ത്തിയായി. 1999 മേയ് മാസം ആയപ്പോഴേക്കും കമ്പനിയുടെ ടേണ്‍ ഓവര്‍ അമ്പത് ലക്ഷമായി! പിന്നീട് ഈ കമ്പനി ഇവര്‍ വിറ്റു. സ്വന്തം വീട്ടില്‍ ഒരു ടെലിവിഷന്‍ വാങ്ങിക്കുന്നതു പോലും അന്നാണെന്ന് വിജയ് ഓര്‍ക്കുന്നു.

കമ്പനി വിറ്റ ശേഷം കുറച്ചുകാലം ജോലി ചെയ്‌തെങ്കിലും സ്വാഭാവികമായും പെട്ടെന്ന് തന്നെ മടുത്തു. പിന്നീട് വണ്‍97 എന്ന പേരില്‍ ഒരു കമ്പനി തുടങ്ങിയെങ്കിലും അത് വിജയകരമായതുമില്ല. വീണ്ടും കഷ്ടകാലം. 

INDIA-ECONOMY-CURRENCY-POLITICS

സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലഘട്ടം വന്നതോടെ വിജയിന്റെ ഭാഗ്യവും തെളിഞ്ഞു. ഇനിയുള്ള കാലം സ്മാര്‍ട്ട്ഫോണുകളുടെതാണെന്ന് തിരിച്ചറിഞ്ഞ വിജയ് അങ്ങനെയാണ് Paytm തുടങ്ങിയത്. ആ തീരുമാനം തെറ്റായിരുന്നില്ലെന്നു പില്‍ക്കാലം തെളിയിച്ചു. നൂറു മില്ല്യനിലധികം ഉപഭോക്താക്കളുമായി അതിവേഗം ബഹുദൂരം മുന്നേറുകയാണ് 'Pay Through Mobile' എന്ന ആശയവുമായി വന്ന Paytm ഇന്ന്.