Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷര്‍ട്ടിലെ ചിത്രം വരെ ഗൂഗിൾ പകർത്തും, നിങ്ങൾ പോലും അറിയാത്ത രോഗങ്ങൾ കണ്ടെത്തും

google-amazon

നിങ്ങളുടെ ഓരോ നീക്കവും നിങ്ങള്‍ക്കു മുൻപെ അറിയാനാണ് ആധുനിക കാലത്ത് ടെക് കമ്പനികള്‍ തമ്മില്‍ മത്സരിക്കുന്നത്. ഇതിനായി ഓരോ മനുഷ്യരുടെയും അത്യന്തം സ്വകാര്യമായ വിവരങ്ങള്‍ വരെ ശേഖരിക്കും. കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ ശേഖരിച്ച് ഉപയോഗിക്കുന്നവര്‍ വിജയിക്കുന്ന ഈ കളിയില്‍ മുന്നിലാണ് ആമസോണും ഗൂഗിളും അടക്കമുള്ള വന്‍ കമ്പനികളെന്ന് അവര്‍ തന്നെ നല്‍കിയ പേറ്റന്റ് അപേക്ഷകള്‍ തെളിവാകുന്നു. 

ഗൂഗിള്‍ ഹോമും ആമസോണ്‍ എക്കോയും പോലെ എല്ലായ്‌പോഴും ഓണായിരിക്കുന്ന ഉപകരണങ്ങള്‍ നിങ്ങളുടെ മനോനിലയും അസുഖ വിവരങ്ങളും പോലും ചോര്‍ത്തിയെടുക്കുന്നുവെന്നും അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നുവെന്നുമാണ് ഉയരുന്ന ആരോപണം. അഞ്ച് കോടിയോളം അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് വഴി ചോര്‍ത്തിയ വാര്‍ത്ത പുറത്തുവന്നതോടെയാണ് ലോകം സൈബര്‍ രംഗം സ്വകാര്യതയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ച് ചര്‍ച്ച ചെയ്തത്. 

amazon

ഫെയ്സ്ബുക്കില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഗൂഗിളിനും ആമസോണിനുമെതിരെ ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നത്. സംസാരിക്കുന്നയാളുടെ ശബ്ദവും ദൃശ്യങ്ങളും ഉപയോഗിച്ച് ഏത് മൂഡിലാണെന്നും അയാളുടെ മെഡിക്കല്‍ കണ്ടീഷന്‍ എന്താണെന്നും തിരിച്ചറിയാന്‍ ശ്രമിക്കുന്ന സംവിധാനത്തിനുള്ള പകര്‍പ്പവകാശ അപേക്ഷയാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. 

മനുഷ്യ ശബ്ദത്തിന്റെ തരംഗങ്ങളും ശ്വാസോച്ഛ്വാസവും കരച്ചിലുമെല്ലാം തിരിച്ചറിയാന്‍ ശേഷിയുള്ള സംവിധാനമാണിത്. ഇതിനൊപ്പം ചുമയും തുമ്മലും അടക്കമുള്ള അസുഖലക്ഷണങ്ങളെയും ഗൂഗിളിന്റെ ഈ ഉപകരണത്തിന് തിരിച്ചറിയാനാകും. സ്മാര്‍ട് സ്പീക്കറുകളും ക്യാമറകളും ഉപയോഗിച്ചാണ് ഗൂഗിള്‍ വിവരശേഖരണം നടത്തുന്നത്. 

ഗൂഗിള്‍ ഹോമിന്റെ മറ്റൊരു സാധ്യതയും പേറ്റന്റ് അപേക്ഷയില്‍ ഗൂഗിള്‍ വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിനു നിങ്ങളുടെ ടീ ഷര്‍ട്ടില്‍ വില്‍ സ്മിത്തിന്റെ ചിത്രമുണ്ടെങ്കില്‍ ഗൂഗിള്‍ ഉടന്‍ ഇന്റര്‍നെറ്റ് ബ്രൗസിങ് ചരിത്രം പരിശോധിക്കും. പിന്നീട് നിങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ വില്‍സ്മിത്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ അത് മൂവി റെക്കമെന്റേഷനായി ഗൂഗിള്‍ അവതരിപ്പിക്കും. 

ഇതിനൊപ്പം നിങ്ങള്‍ക്ക് അത്യാവശ്യം ഉപദേശങ്ങളൊക്കെ നല്‍കാനും ഗൂഗിള്‍ തയ്യാറാണ്. ഉദാരണത്തിന് കുട്ടികള്‍ക്കൊപ്പം ചിലവിടുന്ന സമയം കുറഞ്ഞാല്‍ അത് മുന്നറിയിപ്പായി നല്‍കും. ഇനി കുട്ടികളുടെ കളി വീട്ടിലെ അപകടം പിടിച്ച എന്തെങ്കിലും ഭാഗത്താണെങ്കില്‍ മുന്നറിയിപ്പ് നല്‍കാനും നിശ്ചിത സമയത്തില്‍ കൂടുതല്‍ വിഡിയോ ഗെയിം കളിച്ചാല്‍ താനേ ലോക്കാവാനുമൊക്കെ ഗൂഗിള്‍ ഹോമിനാകും. ഈ പ്രത്യേകതകളെല്ലാം നമ്മളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാണെന്നതാണ് ആശങ്കപ്പെടേണ്ട വിവരമെന്ന് ടെക് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. 

google-speaker

ആമസോണ്‍ വോയ്‌സ് സ്‌നിഫര്‍ അല്‍ഗോരിതത്തിന്റെ പേറ്റന്റിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നിങ്ങള്‍ സ്‌നേഹം വെറുപ്പ് ആഗ്രഹം തുടങ്ങിയ വാക്കുകള്‍ പറയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ കാണിക്കുന്നതിന് ആമസോണിനെ സഹായിക്കുന്നതാണ് ഈ അല്‍ഗോരിതം. ആമസോണിന്റെയും ഗൂഗിളിന്റെയും വോയ്‌സ് അസിസ്റ്റന്റുകള്‍ക്കെതിരെ ഇപ്പോള്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കണ്‍സ്യൂമര്‍ വാച്ച്‌ഡോഗ് എന്ന സംഘടനയാണ് ഗൂഗിളിനും ആമസോണിനുമെതിരെ പുതിയ സ്വകാര്യ വിവര ചോര്‍ച്ച ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.