Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1.3 ലക്ഷം കോടിയുടെ ഫ്ലിപ്കാർട്ട് ആസ്ഥാനമന്ദിരം, അമ്പരപ്പിക്കും കാഴ്ചകൾ

flipkart-office

ഫ്ലിപ്കാര്‍ട്ടിന്റെ ബെംഗളൂരുവിലെ പുതിയ ആസ്ഥാനം വലിപ്പം കൊണ്ട് അമ്പരപ്പിക്കുന്നതാണ്. ബെംഗളൂരു ഔട്ടര്‍ റിംങ് റോഡില്‍ എംബസി ടെക് വില്ലേജിനോടു ചേര്‍ന്നുള്ള ആസ്ഥാനത്തിന് 8.3 ലക്ഷം ചതുരശ്ര അടിയാണ് വിസ്തൃതി. 12 ഫുട്‌ബോള്‍ മൈതാനങ്ങളേക്കാളും വലിപ്പമുണ്ട് മൂന്ന് കൂറ്റന്‍ കെട്ടിങ്ങളിലായുള്ള ഫ്ലിപ്കാര്‍ട്ടിന്റെ പുതിയ ഓഫീസിന്.

പത്തുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ വലിയ തോതില്‍ മുന്നേറിയ ഇ–ഷോപിങ് രംഗത്തെ ഓണ്‍ലൈന്‍ റീട്ടെയ്‌ലറാണ് ഫ്ലിപ്കാര്‍ട്ട്. 2007ല്‍ സച്ചിന്‍ ബെന്‍സാല്‍ ബിന്നി ബെന്‍സാല്‍ എന്നിവര്‍ ചേര്‍ന്നാണ് ബെംഗളൂരു ആസ്ഥാനമായി ഫ്ലിപ്കാര്‍ട്ട് ആരംഭിക്കുന്നത്. ആമസോണ്‍ ഡോട്ട് കോമില്‍ പണിയെടുക്കുമ്പോഴാണ് മുന്‍ സഹപാഠികളായിരുന്ന ഇവര്‍ക്ക് ആമസോണിന്റെ ഇന്ത്യന്‍ വെര്‍ഷന്‍ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന ചിന്ത വരുന്നതും ഫ്ലിപ്കാര്‍ട്ട് പിറക്കുന്നതും. 

flipkart-office-basketball-court

ഫ്ലിപ്കാര്‍ട്ടിന്റെ പുതിയ ആസ്ഥാന മന്ദിരം മാര്‍ച്ച് 31നാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. 20 ബില്യണ്‍ ഡോളര്‍ മൂല്യം (ഏകദേശം 1.3 ലക്ഷം കോടി രൂപ) കണക്കാക്കുന്ന ഫ്ലിപ്കാര്‍ട്ടിന്റെ പെരുമക്കൊത്ത ആസ്ഥാന മന്ദിരമാണ് ഇപ്പോൾ പണിതുയര്‍ത്തിയിരിക്കുന്നത്.  പ്രവര്‍ത്തനോദ്ഘാടനത്തിന് ഫ്ലിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി മുതല്‍ സ്ഥാപകരായ ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും വരെ എത്തിയിരുന്നു. 

ഓഫീസിന്റെ ഭാഗങ്ങള്‍ കാണിക്കുന്ന വിശദമായ വിഡിയോ ഫ്ലിപ്കാര്‍ട്ട് തന്നെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. മൂന്നു കെട്ടിടങ്ങളേയും ബന്ധിപ്പിക്കുന്ന നടവഴികളും വിവിധ ഓഫീസ് സജ്ജീകരണങ്ങളും വിഡിയോയില്‍ കാണാം. പരമാവധി ഭാഗത്ത് പച്ചപ്പ് വരുത്താനുള്ള ശ്രമങ്ങളും ഫ്ലിപ്കാര്‍ട്ട് നടത്തിയിട്ടുണ്ട്. 

flipkart-office-yellow-facebook

ജീവനക്കാര്‍ക്കായുള്ള വിവിധ കളിസ്ഥലങ്ങളും ആസ്ഥാനത്തുണ്ട്. മുകളിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും റോക്ക് ക്ലൈംബിങ് ലേഔട്ടും വിആര്‍ ഗെയിമുകള്‍ക്കുള്ള സ്ഥലവുമൊക്കെ ഫ്ലിപ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നു. ഇതിനൊപ്പം പരമാവധി നിശബ്ദത പാലിക്കേണ്ട ഭാഗങ്ങളും ഈ ഓഫീസിലുണ്ടാകും. 

flipkar-office-bengaluru-wall

അമേരിക്കന്‍ റീടെയ്‌ലര്‍ വമ്പനായ വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ആഴ്ചകള്‍ക്ക് മുൻപ് പ്രചരിച്ചിരുന്നു. ഏഴ് ബില്യണ്‍ ഡോളര്‍ നല്‍കി ഫ്ലിപ്കാര്‍ട്ടിനെ വാങ്ങാനാണ് വാള്‍മാര്‍ട്ട് ശ്രമമെന്നായിരുന്നു വാര്‍ത്തകള്‍. അതേസമയം, ഫ്ലിപ്കാര്‍ട്ടിന്റെ എതിരാളിയായ ആമസോണ്‍ തന്നെ അവരെ ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് ഇതുവരെ ഫ്ലിപ്കാര്‍ട്ട് പ്രതികരിച്ചിട്ടില്ല.