Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നൽ വേഗത്തിനു പറക്കും വൈഫൈ, നാട്ടിലെങ്ങും ഇന്റർനെറ്റ്

airborne-wireless-network

മൊബൈൽ ഡേറ്റ ലഭിക്കാൻ ചെലവു നാൾക്കു നാൾ കുറഞ്ഞു വരികയാണെങ്കിലും പോകുന്നിടത്തെല്ലാം വൈഫൈ ഉണ്ടായിരുന്നെങ്കിൽ എന്നു വല്ലപ്പോഴുമെങ്കിലും ആശിക്കാത്തവർ അധികമുണ്ടാകില്ല. ഇന്ത്യയിൽ മിക്ക സ്ഥലത്തും 4ജി ഡേറ്റ കിട്ടുമെങ്കിലും ഉപഭോക്താക്കൾക്ക് മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി കിട്ടാതാകുന്ന അവസ്ഥ നഗരങ്ങളിൽപ്പോലുമുണ്ട്. ഇതു കൊണ്ടൊക്കെയാകും സൗജന്യ വൈഫൈ കിട്ടുന്ന സ്ഥലങ്ങളിൽ മിക്കപ്പോഴും നല്ല തിരക്കാണ്. കാരണം മറ്റൊന്നുല്ല– കാശു ലാഭം, മോശമല്ലാത്ത കണക്‌ഷൻ സ്പീഡും!

വികസിത രാജ്യങ്ങളിൽ ഉപഭോക്താക്കൾ മൊബൈൽ ഡേറ്റയ്ക്കു പിന്നാലെ പരക്കം പായുന്ന കാഴ്ച ഇതു പോലെ കാണാനാകില്ല. അവിടെ വൈഫൈ കണക്ടിവിറ്റിക്കാണു പ്രിയം. നിലവിൽ കണക്ടിവിറ്റി ലഭ്യമാക്കാൻ കടലിനടിയിലുടെ കേബിളുകളുയും മണ്ണിനടിയിലൂടെ പോകുന്ന ഫൈബർ കേബിളുകളെയും പിന്നെ ഉപഗ്രഹങ്ങളെയുമാണ് ഇന്റർനെറ്റ് സേവനദാതാക്കൾ ആശ്രയിക്കുന്നത്. എന്നാൽ, നൂറു ശതമാനം തടസ്സമില്ലാത്ത കണക്ടിവിറ്റി ഇതുകൊണ്ടൊന്നും സാധ്യവുമല്ല. ഇതിനു പരിഹാരവുമായാണ് കലിഫോർണിയയിലെ ഒരു സ്ഥാപനം രംഗത്തുള്ളത്. കമ്പനിയുടെ പേരിൽനിന്നു തന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്– എയർബോൺ വയർലെസ് നെറ്റ്‌വർക്ക്(എഡബ്ല്യുഎൻ). ആകാശം നിറഞ്ഞുനിൽക്കുന്നൊരു വൈഫൈ ശൃംഖലയാണ് ഇവരുടെ ലക്ഷ്യം.

പറന്നുയരുന്ന ഓരോ വിമാനത്തെയും വയർലെസ് ഡേറ്റ നൽകുന്ന ഒരു ‌‌‌കുഞ്ഞു വിദൂരസംവേദന ഉപഗ്രഹമാക്കുകയാണ് പദ്ധതി. ഇൻഫിനിറ്റസ് സൂപ്പർ ഹൈവേ എന്നു പേരു നൽകിയിരിക്കുന്ന പദ്ധതി പ്രകാരം യാത്രാ വിമാനങ്ങളിലടക്കം ബ്രോഡ്ബാൻഡ് ട്രാൻസീവറുകൾ ഘടിപ്പിക്കും. ഓരോ ട്രാൻസീവറിന്റെയും പരിധി 385 കീലോമീറ്റാണ്. ഇത്തരം വിമാനങ്ങൾ സിഗ്നൽ റിപ്പീറ്ററുകളായി പ്രവർത്തിക്കും. ഈ വിമാനങ്ങൾ പരസ്പരവും ബന്ധിപ്പിക്കും. ഇതോടെ ആകാശവീഥിയിൽ ലഭ്യമാകുന്നത് അതിവേഗ കണക്ടിവിറ്റി. ആകാശത്തു നടക്കുന്ന പ്രവർത്തനങ്ങളെ ഏകാപിപ്പിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളും ഇതിന്റെ ഭാഗമാണ്.

വിദൂരസംവേദന ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനെക്കാൾ വളരെ കുറഞ്ഞ ചെലവേ ഇതിനു വരൂ എന്നാണ് എഡബ്ല്യുഎൻ അവകാശപ്പെടുന്നത്. ഈ ഹൈസ്പീഡ് കണക്‌ഷൻ വിമാനത്തിനകത്ത് വൈഫൈ ലഭ്യമാക്കാനും ഭുമിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റിക്കായും ഉപയോഗിക്കാം. നിലവിൽ ഡേറ്റ ബന്ധമില്ലാത്തെ വിദൂര പ്രദേശങ്ങൾക്കും ദ്വീപുകൾക്കും കപ്പലുകൾക്കും എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങൾക്കുമെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും. 2001ൽ പേറ്റന്റ് ലഭിച്ച സാങ്കേതിവിദ്യ പല ഘട്ടങ്ങളിലൂടെ പരിഷ്കരിച്ചു കഴിഞ്ഞു. തുടക്കത്തിൽ അമേരിക്കയിൽ പദ്ധതി പ്രാവർത്തികമാക്കിയ ശേഷം രാജ്യാന്തര വിപുലീകരണം നടത്താമെന്നാണു തീരുമാനം.