Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

60,000 പേർക്കിടയിൽ നിന്ന് കുറ്റവാളിയെ പിടികൂടി, ഇത് ചൈനീസ് ടെക്നോളജി വിജയം

china-police

ഓരോ രാജ്യത്തെയും പൗരൻമാരുടെ സ്വകാര്യതയ്ക്കും അവരുടെ സുരക്ഷയ്ക്കും ഏറെ പ്രാധാന്യമുണ്ട്. പൗരൻമാരുടെ സുരക്ഷയ്ക്ക് ഏറെ പരിഗണന നൽകുന്ന രാജ്യമാണ് ചൈന. ഇതിനായി ഇവിടത്തെ ഓരോ വ്യക്തിയും സർക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇതിനായി അത്യാധുനിക സംവിധാനങ്ങളാണ് ചൈനീസ് സർക്കാർ സ്ഥാപിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം 60,000 പേർ പങ്കെടുത്ത സംഗീത പരിപാടിക്കിടയിൽ നിന്ന് ചൈനീസ് പൊലീസ് കുറ്റവാളിയെ പിടിച്ചത് സിനിമ സ്റ്റൈലിലാണ്. വൻ ജനക്കൂട്ടത്തിനിടയിൽ ഒളിച്ചിരുന്ന കുറ്റവാളിയെ തിരഞ്ഞുപിടിച്ചാണ് പൊലീസ് പിടികൂടിയത്. എല്ലാം ചൈനയുടെ പുതിയ സാങ്കേതിക വിദ്യയുടെ വിജയം.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയുടെ വലിയ സാധ്യതയാണ് ചൈനീസ് പൊലീസ് ഇവിടെ ഉപയോഗപ്പെടുത്തിയത്. സംഗീത പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ തന്നെ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഈ ക്യാമറയില്‍ പൊലീസ് തിരയുന്ന കുറ്റവാളിയുടെ മുഖവും പതിഞ്ഞിരുന്നു. മുഖം തിരിച്ചറിയൽ ടെക്നോളജിയില്‍ പ്രവർത്തിക്കുന്ന ക്യാമറ പെട്ടെന്ന് തന്നെ കുറ്റവാളിയെ കണ്ടെത്തി പൊലീസിന് ഡേറ്റകൾ കൈമാറാൻ സഹായിക്കുകയായിരുന്നു. വൻ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങി നടന്ന അയോ എന്ന കുറ്റവാളിയെയാണ് പൊലീസ് പിടിച്ചത്.

ചൈനയില്‍ 20 കോടി ക്യാമറകള്‍

20 കോടി ക്യാമറകള്‍ ഉള്‍പ്പെടുന്ന ലോകത്തെ ഏറ്റവും ആധുനികമായ വിഡിയോ സര്‍വൈലന്‍സ് സംവിധാനം ചൈനയില്‍ ഒരുക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നതും അടുത്താണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) സംവിധാനത്തിന്റെ സഹായത്തില്‍ തെരുവിലൂടെ നടക്കുന്നവരുടേയും വാഹനങ്ങളുടേയും വിശദാംശങ്ങള്‍ തല്‍സമയം ലഭിക്കുന്ന വിധമാണ് ഈ സംവിധാനം. ചൈനയുടെ അഴിമതി വിരുദ്ധ പരിപാടി സ്‌കൈ നെറ്റിന്റെ ഭാഗമാണ് നിരീക്ഷണ സംവിധാനമെന്നാണ് സർക്കാർ വാദം.

നടന്നോ മോട്ടോര്‍ സൈക്കിളിലോ പോകുന്ന ഒരു കുറ്റവാളിയെ നിമിഷനേരം കൊണ്ട് തിരിച്ചറിയാന്‍ പൊലീസിനെ സഹായിക്കുന്നതാണ് ചൈനയുടെ പുതിയ സംവിധാനം. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ പോസ്റ്റു ചെയ്ത ഒരു ഡോക്യുമെന്ററിയുടെ വിഡിയോയിലാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നത്. വിഡിയോയിലെ വ്യക്തികളുടെ പേരും വയസും ലിംഗവും വസ്ത്രത്തിന്റെ നിറം പോലും തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് ചൈനയുടെ വിഡിയോ സര്‍വൈലന്‍സ് സംവിധാനം. വാഹനങ്ങളുടെ കമ്പനിയും മോഡലും നിറവും വരെ ഈ ദൃശ്യങ്ങളില്‍ നിന്നും എഐ സംവിധാനം കണ്ടെത്തും.

china-cctv

കുറ്റവാളികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ക്യാമറകളിലെ ദൃശ്യങ്ങളില്‍ തിരയാനും പൊലീസിനെ സഹായിക്കും. നിലവിലുള്ള ക്രിമിനല്‍ പട്ടികയിലുള്ള ആരെങ്കിലും ഈ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടാലും അക്കാര്യം എഐ സംവിധാനം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കും. രണ്ട് കോടിയോളം ക്യാമറകളാണ് സംവിധാനത്തിന്റെ ഭാഗമായി ചൈനയില്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ബൃഹത്തും ആധുനികവുമായ നിരീക്ഷണ സംവിധാനമാണിതെന്നാണ് കരുതപ്പെടുന്നത്.

2015 ലാണ് അഴിമതിക്കാരെ കുടുക്കാനും അധോലോക പണമിടപാട് സ്ഥാപനങ്ങളേയും കള്ളപ്പണത്തേയും കണ്ടെത്തുന്നതിനും ചൈനീസ് സര്‍ക്കാര്‍ സ്‌കൈ നെറ്റ് ഓപ്പറേഷന്‍ ആരംഭിക്കുന്നത്. ഗതാഗതനിയമം തെറ്റിക്കുന്നവരെ പിടികൂടുന്നതിനു സിയാച്ചിന്‍ മേഖലയില്‍ ചൈന കഴിഞ്ഞ ഏപ്രില്‍ മുതല്‍ ക്യാമറകള്‍ വഴിയുള്ള നിരീക്ഷണ സംവിധാനത്തെ ഉപയോഗിക്കുന്നുണ്ട്. ഇത് അഴിമതിക്കാരെയും ക്രിമിനലുകളേയും പിടികൂടുന്നതിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ചൈനീസ് അധികൃതരുടെ നീക്കം. അതേസമയം, സാധാരണക്കാരായ പൗരന്മാരെ നിരീക്ഷിക്കാനുള്ള സര്‍ക്കാറിന്റെ നടപടിയാണിതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.