Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

464.5 ലക്ഷം കോടി പിഴയിട്ട് ഫെയ്സ്ബുക്ക് പൂട്ടിക്കുമോ? എഫ്ടിസിയുടെ നീക്കമെന്ത്?

zuckerberg

ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളുടെ ദിനങ്ങളാണ് വരാനിരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിനു മുൻപിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ച ശേഷം മാര്‍ക് സക്കര്‍ബര്‍ഗ് മടങ്ങിയെങ്കിലും നിരവധി കേസുകൾക്ക് ഫെയ്‌സ്ബുക്ക് മറുപടി നൽകേണ്ടിവരും. എന്നാൽ ഫെയ്സ്ബുക്കിന്റെ ഡേറ്റാ ചോര്‍ത്തൽ കേസിൽ എഫ്ടിസി ഇപ്പോഴും അന്വേഷണം തുടരുകയാണ്.

ഫെയ്‌സ്ബുക്കിന്റെ കൈയ്യിലുള്ളതിനേക്കാള്‍ വലിയ തുക എഫ്ടിസിക്ക് പിഴയിടാമെന്നാണ് ചില നിയമവിദഗ്ധർ പറയുന്നത്. അത്ര വലുതാണത്രെ കമ്പനി ചെയ്തിരിക്കുന്ന കുറ്റം. ഏകദേശം 7.1 ലക്ഷം കോടി ഡോളര്‍ (ഏകദേശം 464.5 ലക്ഷം കോടി രൂപ) പിഴയിടാനുള്ള വകുപ്പുണ്ടെന്നാണ് വിലയിരുത്തല്‍. (ആപ്പിളും മൈക്രോസോഫ്റ്റും ഒക്കെ താമസിക്കാതെ ലോകത്തെ ആദ്യത്തെ ഒരു ട്രില്ല്യന്‍ ഡോളര്‍ കമ്പനിയാകാന്‍ സാധ്യതയുള്ള കമ്പനികളായി പരിഗണിക്കപ്പെടുന്നു. ഫെയ്‌സ്ബുക്ക് അവരേക്കാള്‍ പിന്നിലാണ്.)

2011ലെ ഡേറ്റാ കേസില്‍ ഫെയ്‌സ്ബുക്കും എഫ്ടിസിയും ഒത്തു തീര്‍പ്പിലെത്തിയിരുന്നു. ഇതിലെ വ്യവസ്ഥകള്‍ വച്ചുതന്നെ വേണമെങ്കില്‍ എഫ്ടിസിക്ക് ഫെയ്‌സ്ബുക്കിന് 7.1 ലക്ഷം കോടി ഡോളര്‍ പിഴയിടാമെന്നാണ് കണ്ടെത്തല്‍. സ്വകാര്യ വ്യക്തികളുടെ ഡേറ്റ യഥേഷ്ടം കൈകാര്യം ചെയ്യുന്ന കാര്യത്തിലായിരുന്നു ഒത്തുതീര്‍പ്പ്. അതിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ചെയ്തികളെക്കുറിച്ച് തങ്ങള്‍ ഒരു സ്വകാര്യ അന്വേഷണം നടത്തുന്നുണ്ടെന്ന് എഫ്ടിസി അറിയിച്ചിട്ടുമുണ്ട്.

നിലവിലെ ഒത്തുതീർപ്പ് പ്രകാരം നിയമം ലംഘിച്ചാൽ ഓരോ ഫെയ്സ്ബുക്ക് ഉപയോക്താവിന്റെ പേരിലും പിഴയായി 41,484 ഡോളർ നൽകണമെന്നാണ് എഫ്ടിസിയുടെ വെബ്‌സൈറ്റ് പറയുന്നത്. പ്രമുഖ അമേരിക്കന്‍ ദിനപ്പത്രമായ വാഷിങ്ട്ണ്‍ പോസ്റ്റ് ഫെയ്‌സ്ബുക്ക് ഡേറ്റ ചോര്‍ത്തിയ അമേരിക്കക്കാരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കു വച്ചാണ് എഫ്ടിസിക്കു വേണമെങ്കില്‍ 7.1 ലക്ഷം കോടി ഡോളര്‍ വരെ പിഴയിടാമെന്ന് കണക്കു കൂട്ടിയിരിക്കുന്നത്.

എന്നാല്‍ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിന്റെ കണക്കു പ്രകാരം ഏകദേശം 1.63 ലക്ഷം ഡോളര്‍ മാത്രമാണ് പ്രചാരത്തിലുള്ളത്! ഇത്രയും വലിയ തുക പിഴയിട്ട് എഫ്ടിസി ഫെയ്‌സ്ബുക്കിനെ പൂട്ടിക്കാനുള്ള ചെറിയൊരു സാധ്യത പോലും ഇല്ലെന്നാണ് അവലോകകര്‍ പറയുന്നത്. എന്നാല്‍, എഫ്ടിസിയുടെ അന്വേഷകന്‍ ഫെയ്‌സ്ബുക്ക് നടത്തിയിരിക്കുന്നത് 2011ലെ ഒത്തുതീര്‍പ്പ് ഉടമ്പടിയുടെ ലംഘനമാണെന്നു കണ്ടെത്തിയാല്‍ പിഴയുടെ ഒരു ചെറിയ ശതമാനം ഇട്ടാല്‍ പോലും ഫെയ്‌സ്ബുക്കിന് ഊരാക്കുടുക്കാകാം.

ടെക്‌നോളജിയെ പ്രണയിക്കുന്ന രാജ്യമായ അമേരിക്ക ഫെയ്‌സ്ബുക്കിനോട് അതു ചെയ്‌തേക്കില്ല. പക്ഷേ, വേണമെന്നു വച്ചാല്‍ പിഴയിട്ടു കമ്പനി പൂട്ടിക്കാം. അത്ര ശക്തമാണ് അമേരിക്കന്‍ നിയമങ്ങള്‍. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് സ്വന്തം വെര്‍ച്വല്‍ രാജ്യം സൃഷ്ടിക്കാന്‍ ഇറങ്ങിയ സക്കര്‍ബര്‍ഗ് ആദ്യമായി അമേരിക്കന്‍ നിയമത്തിന്റെ ചൂടറിയാനുള്ള സാധ്യതയും ഉണ്ട്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.