Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോബോട്ടുകൾ ചതിച്ചു, മസ്കിന് 6,400 കോടി നഷ്ടം, മനുഷ്യരെ കൈവിട്ടത് വലിയ തെറ്റ്!

tesla-electric-car

ലോകകോടീശ്വരൻ ഇലോൺ മസ്കിന്റെ പദ്ധതികളൊന്നും പരാജയപ്പെടാറില്ല. ലോകത്ത് തന്നെ ഭ്രാന്തൻ ആശയങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയ വ്യക്തിയാണ് മസ്ക്. എന്നാൽ ടെസ്‌ല കമ്പനിയുടെ കാര്യത്തിൽ മസ്കിന് കൈ പൊള്ളി. നിർമാണം വർധിപ്പിക്കാൻ വേണ്ടി മനുഷ്യരെ ഒഴിവാക്കി യന്ത്രങ്ങളെ നിയമിക്കുകയായിരുന്നു. എന്നാൽ യന്ത്രങ്ങൾ മസ്കിനെ കവൈവിട്ടു. സമയത്തിന് വേണ്ടത്ര വാഹനങ്ങൾ വിപണിയിൽ എത്തിക്കാനും സാധിച്ചില്ല.

നിർമാണം വേണ്ടത്ര നടക്കാതെ വന്നതോടെ കേവലം മൂന്നു മാസം കൊണ്ട് ടെസ്‌ലക്ക് ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 6400 കോടി രൂപ) നഷ്ടമാണ് നേരിട്ടത്. ഇലക്ട്രിക് കാർ നിര്‍മാണ മേഖലയിൽ യന്ത്രങ്ങൾ വൻ മുന്നേറ്റം നടത്തുമെന്നാണ് കരുതിയത്. എന്നാൽ വേഗത്തിലും കാര്യക്ഷമതയിലും യന്ത്രങ്ങൾ പരാജയപ്പെട്ടു. 

ടെസ്‌ല മോഡല്‍ 3 കാറുകളുടെ നിര്‍മാണമാണ് റോബോട്ടുകളെ ഏൽപ്പിച്ചത്. തുടക്കം മുതൽ അവതരിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ യന്ത്രങ്ങളെ ഏൽപ്പിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ ടെസ്‌ല മോഡല്‍ 3യുടെ 2500 വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽ നിർമാണം കാര്യമായി നടന്നില്ല.

പരാജയം തുറന്നു സമ്മതച്ച് ഇലോൺ മസ്ക് തന്നെ ട്വീറ്റ് ചെയ്തു. യന്ത്രങ്ങളെ ശരിയാവില്ലെന്നാണ് മസ്ക് പറഞ്ഞത്. ഇതോടെ കോടികളുടെ നഷ്ടമാണ് ടെസ്‌ലക്ക് നേരിട്ടത്. ഇലക്ട്രിക് കാർ നിർമാണത്തിന് പുതിയ വഴിതേടുമെന്നാണ് മസ്ക് പറഞ്ഞത്. ടെസ്‌ലയിൽ റോബോട്ടുകളെ നിയമിച്ചത് തെറ്റായിരുന്നു. അത് തന്റെ മാത്രം‌ തെറ്റാണെന്നും മനുഷ്യരെ വിലകുറച്ചു കണ്ടത് ശരിയായില്ലെന്നും മസ്‌ക് പറഞ്ഞു.

മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യ

മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും കഴിയാത്ത അവസ്ഥയിലാണ് ടെസ്‌ല, സ്പെയ്സ് എക്സ് മേധാവി ഇലോണ്‍ മസ്‌ക് ഇപ്പോഴുള്ളത്. ഫാല്‍ക്കൻ ഹെവി ലോകത്തെ ഞെട്ടിച്ച വിജയമാണെങ്കില്‍ ലോകം പ്രതീക്ഷിക്കാത്ത പരാജയമാണ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇലോണ്‍ മസ്‌കിന് നല്‍കിയത്. പ്രതീക്ഷിച്ച പോലെ കാറുകള്‍ നിര്‍മിക്കാനാകാത്തതിനെ തുടര്‍ന്ന് കമ്പനി വലിയ പ്രതിസന്ധിയിലായി. 2017 അവസാനമാകുമ്പോഴേക്കും ആഴ്ചയില്‍ 5000 വൈദ്യുതകാറുകള്‍ നിര്‍മിക്കുക എന്നതായിരുന്നു ടെസ്‌ലയുടെ ലക്ഷ്യം. എന്നാൽ ഒന്നും നടന്നില്ല. 

ടെസ്‌ലയുടെ വൈദ്യുതകാറുകള്‍ക്ക് ഇപ്പോഴും വലിയ വിപണി മൂല്യമാണുള്ളത്. ഇത് മുന്നില്‍ കണ്ട് നിരവധി സംരംഭകര്‍ മുതല്‍ മുടക്കാന്‍ തയാറായി. എന്നാല്‍ അപ്രതീക്ഷിതമായി, ലക്ഷ്യത്തിലെത്താനാവാതെ വന്നതോടെ ടെസ്‌ല വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ആഴ്ചയില്‍ 5000 കാറായിരുന്നു ലക്ഷ്യമെങ്കില്‍ കഴിഞ്ഞ വര്‍ഷം ടെസ്‌ല നിര്‍മിച്ച മൊത്തം കാറുകളുടെ എണ്ണം ആയിരങ്ങളേ വരൂ. 

‘ഞങ്ങള്‍ അല്‍പം അമിത ആത്മവിശ്വാസത്തിലായിരുന്നു കൂടാതെ അലസതയും വന്നതോടെയാണ് ഈ അവസ്ഥയിലെത്തിയത്’: ഇലോണ്‍ മസ്‌ക് ടെസ്‌ലയ്ക്കു സംഭവിച്ചതിനെക്കുറിച്ച് നേരത്തെ പറഞ്ഞത് ഇങ്ങനെയാണ്. ടെസ്‌ലയുടെ നിര്‍മാണശാലയിലെ യന്ത്രങ്ങള്‍ മാറ്റി ജര്‍മനിയില്‍നിന്ന് പുതിയവ ഇറക്കുമതി ചെയ്യാനാണ് മസ്‌കിന്റെ ഇപ്പോഴത്തെ തീരുമാനം. ലക്ഷ്യമിട്ടത്രയും കാറുകൾ നിർമിക്കുന്നതിലുണ്ടാകുന്ന കാലതാമസം കൂടുംതോറും കമ്പനിയുടെ കടബാധ്യതയും കൂടും. യന്ത്രങ്ങളേക്കാള്‍ മനുഷ്യരെയാണ് കൂടുതല്‍ വിശ്വസിക്കാനാവുക എന്നതാണ് ഈ തിരിച്ചടിയില്‍നിന്നു താന്‍ പഠിച്ച പാഠമെന്ന് ഇലോണ്‍ മസ്‌ക് പറയുന്നുണ്ട്. 

വൈദ്യുത കാറുകളുടെ നിര്‍മാണത്തില്‍ പരമാവധി ജീവനക്കാരെ ഒഴിവാക്കി റോബോട്ടുകളെ ഉപയോഗിക്കാനായിരുന്നു ഇലോണ്‍ മസ്‌കിന്റെയും ടെസ്‌ലയുടെയും തീരുമാനം. അതാണ് ഒരു തരത്തില്‍ തിരിച്ചടിയായതും. പണിമുടക്കിയ യന്ത്രങ്ങള്‍ക്കു പകരക്കാരെ കണ്ടെത്തൽ ഒരുപാട് സമയമെടുക്കുന്നതും പലപ്പോഴും അസാധ്യവുമായി. ഈ അനുഭവത്തോടെ മനുഷ്യരിലുള്ള തന്റെ വിശ്വാസം കൂടുതല്‍ വര്‍ധിച്ചുവെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. തങ്ങള്‍ക്ക് ബഹിരാകാശത്തേക്ക് കാര്‍ അയയ്ക്കാന്‍ കഴിയുമെങ്കില്‍ നിലവിലെ പ്രതിസന്ധി പെട്ടെന്നു മറികടക്കാനും കഴിയുമെന്നാണ് ഇലോണ്‍ മസ്‌ക് ആത്മവിശ്വാസത്തോടെ പറയുന്നത്. 

teslar-car

എന്തായാലും ടെസ്‌ലയ്ക്കും തൊഴിലാളികള്‍ക്കും പുതിയ ലക്ഷ്യങ്ങളും ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍മാണ പ്രതിസന്ധിയിലായ മോഡല്‍ 3 കാറുകള്‍ അടുത്ത അഞ്ചു മാസത്തിനുള്ളില്‍, പ്രഖ്യാപിതലക്ഷ്യമായ ആഴ്ചയില്‍ 5000 എന്ന നിലയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം, വൈദ്യുതി കാറുകളിലെ എസ്‌യുവിയായ മോഡല്‍ വൈ ആറ് മാസത്തിനകം, ഈ വര്‍ഷം തന്നെ ലാഭത്തിലെത്തുക, 2020 ആകുമ്പോഴേക്കും പത്ത് ലക്ഷം കാറുകള്‍, നാല് വര്‍ഷത്തിനകം ഒരു ലക്ഷം വൈദ്യുതി ട്രക്കുകള്‍ എന്നിങ്ങനെ പോകുന്നു ടെസ്‌ലയ്ക്ക് ഇലോണ്‍ മസ്‌ക് നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍. റോബട്ടുകളേക്കാള്‍ കാര്യശേഷിയുള്ളവരാണെന്ന് തെളിയിച്ചുകഴിഞ്ഞ ജീവനക്കാരുടെ മിടുക്കില്‍ ഇലോണ്‍ മസ്‌കിന് ഈ പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. 

related stories