Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലുകള്‍ ഇതിലും ഭേദം; ആമസോണ്‍ ജീവനക്കാര്‍ മൂത്രമൊഴിക്കുന്നത് കുപ്പികളിൽ

amazon

വേണ്ടപ്പെട്ടവര്‍ക്ക് ജയിലുകള്‍ സുഖവാസ സ്ഥലങ്ങളാക്കി നല്‍കുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ കഥകള്‍ അവിടെ നില്‍ക്കട്ടെ. ജയില്‍പ്പുള്ളികള്‍ക്കു പോലും നേരിടേണ്ടിവരാത്ത തരം പേടിയും പെരുമാറ്റച്ചിട്ടകളുമാണ് ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിന്റെ ബ്രിട്ടനിലെ ഓഫിസിലുള്ളതെന്ന് ആരോപിച്ചു ഒരു പുസ്തകം ഇറങ്ങിയിരിക്കുന്നു. ജോലിഭാരം കാരണം മൂത്രമൊഴിക്കാനുള്ള ഇടവേളയെടുക്കാൻ പോലും ജീവനകാർക്ക് ഭയമാണെന്നാണ് ആരോപണം.

ആറുമാസം ബ്രിട്ടനിലെ ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവർക്കിടയില്‍ സേവനം ചെയ്തതിന്റെ അനുഭവങ്ങള്‍ (Hired: Six Months Undercover in Low-Wage Britain) എന്ന രീതിയിലാണ് എഴുത്തുകാരനായ ജെയിംസ് ബ്ലഡ്‌വേത് പുസ്തകം എഴുതിയിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ കേട്ടതിനു ശേഷം അതിന്റെ നിജസ്ഥിതി അറിയാനായി താന്‍ നടത്തിയ ആറുമാസത്തെ പരിശ്രമമെന്ന നിലയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. 

ബ്രിട്ടനിലെ ഏറ്റവും വേതനം കുറഞ്ഞ ആളുകള്‍ ചെയ്യേണ്ടി വരുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ പഠിക്കാനായി താന്‍ ഒരു സാദാ ജോലിക്കാരനായി ഭാവിച്ച് ആമസോണില്‍ ജോലി സ്വന്തമാക്കുകയും അതിന്റെ അനുഭവങ്ങള്‍ പകര്‍ത്തുകയും ചെയ്തതെന്നാണ് ബ്ലഡ്‌വേത് പറയുന്നത്. ഇതിനു മുൻപ് പല സ്വകാര്യ സര്‍വേകളിലും കണ്ടെത്തിയ കാര്യങ്ങള്‍ തന്നെയാണ് ബ്ലഡ്‌വേതും അനുഭവിച്ചതത്രേ.

യുകെയിലെ സ്ട്രാറ്റ്‌ഫെഡ്ഷയറിലുള്ള ആമസോണിന്റെ വെയര്‍ഹൗസില്‍ സാധനങ്ങള്‍ ചുമന്നു മാറ്റുന്ന ജോലിക്കാര്‍ മൂത്രമൊഴിക്കുന്നത് കുപ്പികളിലാണെന്നാണ് അദ്ദേഹം പറയുന്നത്. ടോയ്‌ലറ്റ് കുറച്ചു ദൂരെയാണ് എന്നതാണ് കാരണം. ആമസോണ്‍ വെയര്‍ഹൗസ് ഒരു ജയിലിനെപ്പോലെ തോന്നിച്ചുവെന്നും അദ്ദേഹം പറയുന്നു. ജോലിക്കാര്‍ക്ക് ഫോണുകളോ, സണ്‍ഗ്ലാസുകളോ, പൊടിയടിക്കാതിരിക്കാനുള്ള പ്രതിരോധമോ ഒന്നും ഉപയോഗിക്കാന്‍ അനുവാദമില്ല. ഇത്തരം എന്തെങ്കിലും സാധനങ്ങള്‍ ഒളിച്ചു കടത്തുന്നുണ്ടോ എന്നറിയാൻ അവരെ സുരക്ഷാ സ്‌കാനറുകള്‍ ഉപയോഗിച്ച് വിശദമായി ടെസ്റ്റു ചെയ്യുന്നു. ഇങ്ങനെ പുസ്തകത്തിലെ ആരോപണം.

എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും തങ്ങളുടെ സ്ഥാപനത്തില്‍ നടക്കുന്നില്ലെന്നാണ് ആമസോണ്‍ പ്രതികരിച്ചത്. സുരക്ഷിതമായ പണിയിടമാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും ജോലിക്കു കയറി ആദ്യ ദിനം തന്നെ നല്ല വേതനം നല്‍കുന്നുമുണ്ടെന്നുമാണ് ആമസോണ്‍ അധികൃതർ പറയുന്നത്. 

എന്നാല്‍, ബ്ലഡ്‌വേത്തിന്റെ പഠനം മാത്രമല്ല ആമസോണ്‍ പോലെയുള്ള കമ്പനികളില്‍ നടക്കുന്ന കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ജോലിക്കാരുടെ അവകാശത്തിനായി തുടങ്ങിയ സംഘടനയായ 'ഓര്‍ഗനൈസ്' നടത്തിയ പഠനം പറയുന്നതും 74 ശതമാനം പണിക്കാരും ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ പോകാന്‍ പേടിക്കുന്നവരാണെന്നാണ് പറയുന്നത്. ആ സമയം പോലും അവരുടെ ടാര്‍ഗറ്റ് നേടുന്നതിന് തടസ്സമായേക്കാമെന്നതാണ് കാരണം. സര്‍വെ പറയുന്നത് 55 ശതമാനം ജോലിക്കാര്‍ക്ക് ഡിപ്രഷന്‍ ബാധിച്ചിരിക്കുന്നുവെന്നാണ്. ആമസോണിലെ ജോലിക്കാരില്‍ 80 ശതമാനവും പറഞ്ഞത് തങ്ങള്‍ ഇനി ആമസോണില്‍ പണിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്.

ലോകത്തെ അതിസമ്പന്നന്മാരില്‍ ഒരാളായ ജെഫ് ബെയ്‌സോസിന്റെ കമ്പനി ഈ ആരോപണങ്ങളെല്ലാം തള്ളി. ആമസോണിന്റെ ജോലിസ്ഥലമാണ് ആളുകള്‍ ഏറ്റവുമധികം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടനിലെ സ്ഥലമായി ലിങ്ക്ഡ് ഇന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലാകട്ടെ ഒന്നാമതുമാണ് കമ്പനി. 2017ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം മണിക്കൂറിന് 12 ഡോളറാണു ആമസോൺ നൽകുന്ന വേതനം. കൂടാതെ ആരോഗ്യ പരിപാലനത്തിനും ട്യൂഷന്‍ ഫീ ഇനത്തിലുമെല്ലാം സഹായധനവും നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.