Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിപ്റ്റോജാക്കിങ്: ഓൺലൈൻ തട്ടിപ്പു ലോകത്തെ പുതിയ അവതാരം

bitcoin

ഓരോ വർഷവും ഓരോന്ന് എന്ന നിലയ്ക്കാണ് ഓൺലൈൻ തട്ടിപ്പുകളുടെ പോക്ക്. കഴിഞ്ഞ വർഷം ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‍ത്തിയത് റാൻസംവെയർ ആയിരുന്നെങ്കിൽ ഈ വർഷം ഇതുവരെയുള്ള പോക്ക് നോക്കിയാൽ ക്രിപ്റ്റോജാക്കിങ് ആണ് താരം. ക്രിപ്റ്റോകറൻസി സമ്പാദിക്കുന്നതിനായി (മൈനിങ്) മറ്റുള്ളവരുടെ കംപ്യൂട്ടറുകളിൽ അവരറിയാതെ അതിനുള്ള സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതാണ് ക്രിപ്റ്റോജാക്കിങ്. നമ്മുടെ കംപ്യൂട്ടറിൽ മൈനിങ് സോഫ്റ്റ്‍വെയർ ഉണ്ടെന്നു നമ്മളറിയില്ല. നമുക്കു വേണ്ടി ജോലി ചെയ്യേണ്ട കംപ്യൂട്ടർ മറ്റവനു വേണ്ടി ജോലി ചെയ്തു വിയർക്കുകയും അവന്റെ അക്കൗണ്ടിൽ പണം നിറയുകയും ചെയ്യും. നിങ്ങൾ പൊന്നുപോലെ നോക്കുന്ന കാർ ഷെഡിൽ ഭദ്രമായി കയറ്റിയിട്ട് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അയൽക്കാരൻ വന്ന് കാറെടുത്തുകൊണ്ടുപോയി ഊബർ സർവീസ് നടത്തുന്നതുപോലൊരു പരിപാടി.

റാൻസംവെയർ പോലെ അലമ്പുകളൊന്നുമില്ല എന്നതുകൊണ്ടു തന്നെ ഇതിനോടകം നമ്മളിലാരൊക്കെ ക്രിപ്റ്റോജാക്കിങ്ങിന് ഇരയായിട്ടുണ്ടെന്ന് ആരും അറിയുന്നുമില്ല. 2017 സെപ്റ്റംബറിനു ശേഷം ക്രിപ്റ്റോജാക്കിങ്ങിൽ വൻകുതിപ്പാണ് ലോകമെങ്ങും ഉണ്ടായിരിക്കുന്നത്. ജാക്കർ എങ്ങനെ നമ്മുടെ കംപ്യൂട്ടർ അവന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്നൊരു ചോദ്യം വേണ്ട. എക്കാലവും ഹാക്കർമാർ വന്ന വഴികളിലൂടെ തന്നെയാണ് ജാക്കറും നമ്മുടെ കംപ്യൂട്ടർ ഉപയോഗിക്കുന്നത്. സുരക്ഷാസംവിധാനങ്ങളില്ലാത്ത വെബ്സൈറ്റുകൾക്കുള്ളിൽ കയറുന്ന ജാക്കർ ക്രിപ്റ്റോമൈനിങ് സോഫ്റ്റ്‍വെയർ അതിനുള്ളിൽ പ്രതിഷ്ഠിക്കുന്നു. നമ്മൾ നമ്മുടെ കംപ്യൂട്ടറിൽ നിന്ന് ഈ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ സോഫ്റ്റ്‍വെയർ നമ്മുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ആവുന്നു. 

പോപ് അപ് പരസ്യങ്ങളും ഇമെയിലുകളും ഉൾപ്പെടെ കംപ്യൂട്ടർ വൈറസ് വന്നുകൊണ്ടിരുന്ന വഴികളിലൂടെയെല്ലാം മൈനിങ് സോഫ്റ്റ്‍വെയറുകൾ നമ്മുടെ കംപ്യൂട്ടറുകളിലെത്തുന്നുണ്ട്. ജാക്കർ ഇൻസ്റ്റാൾ ചെയ്യുന്ന സോഫ്റ്റ്‍വെയർ അയാളുടെ വോലറ്റിലേക്കാണ് പണം അയയ്ക്കുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിനു കംപ്യൂട്ടറുകൾ ഉപയോഗിച്ചു മൈനിങ് നടത്തുമ്പോൾ ജാക്കർ ഒരു വൻകിട അധോലോകരാജാവിനെപ്പോലെ സമ്പന്നനാകുന്നു.

2017ൽ ക്രിപ്റ്റോജാക്കിങ് 8500% വളർച്ചയാണ് നേടിയതെന്ന് നോർടൺ ആന്റി വൈറസ് നിർമാതാക്കളായ സിമാൻടെക് പറയുന്നു. കഴിഞ്ഞ വർഷം ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞത് റാൻസംവെയർ ആണെങ്കിലും വർഷാവസാനത്തോടെ ക്രിപ്റ്റോമൈനിങ് ഇന്റർനെറ്റ് തട്ടിപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്ന് ഇന്റർനെറ്റിൽ ഏതെങ്കിലും തട്ടിപ്പുകൾ നടത്തുന്നവരെല്ലാം പൊതുവായി നടത്തുന്ന തട്ടിപ്പ് ക്രിപ്റ്റോജാക്കിങ് ആണെന്നാണ് മാൽവെയർവൈറ്റ്സ് ആന്റി വൈറസ് കമ്പനിയുടെ അഭിപ്രായം. റിസ്കില്ലാതെ പണം സമ്പാദിക്കാനുള്ള എളുപ്പവഴി തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നതിൽ പഴിക്കാനാവില്ല.

ഗൂഗിൾ ക്രോം, മോസില ഫയർഫോക്സ് തുടങ്ങിയ വെബ് ബ്രൗസറുകളിലെ എക്സ്റ്റൻഷനുകളുടെ രൂപത്തിലും ക്രിപ്റ്റോജാക്കിങ് നടക്കുന്നുണ്ട്. അടുത്തിടെ എല്ലാത്തരം മൈനിങ് എക്സ്റ്റൻഷനുകളും നീക്കം ചെയ്ത് ഗൂഗിൾ ക്രോം കൈകൾ ശുദ്ധമാക്കിയിരുന്നു. മറ്റു ബ്രൗസറുകളിൽ ക്രിപ്റ്റോജാക്കിങ് തടയുന്നതിനുള്ള എക്സ്റ്റൻഷനുകൾ ലഭ്യമാണ്.

ക്രിപ്റ്റോജാക്കിങ് വഴി ഹാക്കർ പണം സമ്പാദിക്കുമെല്ലാതെ നമ്മുടെ അക്കൗണ്ടിൽ പണം പോകുന്നില്ലല്ലോ പിന്തെന്താ, എന്നാണ് പലരുടെയും ചോദ്യം. നമ്മുടെ കാറെടുത്ത് അയൽക്കാരൻ രാത്രിയിൽ ഊബർ സർവീസ് നടത്തുമ്പോൾ അജ്ഞാതമായ തേയ്മാനത്തെപ്പറ്റി നമ്മൾ അറിയുന്നില്ല. ഫലത്തിൽ 15 വർഷം ഓടേണ്ട വണ്ടി അഞ്ചാം വർഷം കണ്ടം ചെയ്യാം. അതുപോലെ തന്നെ കംപ്യൂട്ടറുകളെ നിർദ്ദയം ജോലി ചെയ്യിക്കുന്ന ഈ മൈനിങ് സോഫ്റ്റ്‍വെയറുകൾ കംപ്യൂട്ടർ മദർബോർഡുകൾ നിശ്ചലമാക്കും. കംപ്യൂട്ടർ മാത്രമല്ല, ഫോണുകളിലുമുണ്ട് ക്രിപ്റ്റോജാക്കിങ് ആപ്പുകളും അവ സൃഷ്ടിക്കുന്ന ഹാർഡ്‍വെയർ പ്രശ്നങ്ങളും.

എങ്ങനെ തടയാം ?

1. പൈറേറ്റഡ് വിൻഡോസ് അഭിമാനപൂർവം ഉപയോഗിക്കുന്നവരാണെങ്കിൽ തൽക്കാലം ഒന്നും പറയാനില്ല. യഥാർഥ വിൻഡോസ് ആണെങ്കിൽ വിൻഡോസ് അപ്ഡേറ്റുകളും സെക്യൂരിറ്റി പാച്ചുകളും അപ്പപ്പോൾ ഇൻസ്റ്റാൾ ചെയ്യുക.

2. വെബ് ബ്രൗസർ സെറ്റിങ്സിൽ പോയി ജാവ സ്ക്രിപ്റ്റ് ബ്ലോക്ക് ചെയ്യാം. ഇത് മൊത്തത്തിലുള്ള വെബ്സൈറ്റിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെങ്കിലും ഉള്ളടക്കം കാണുന്നതിൽ തടസ്സമുണ്ടാവില്ല. ജാവ സ്ക്രിപ്റ്റ് ബ്ലോക്ക് ആണെങ്കിൽ മൈനിങ് നടക്കില്ല.

3. ചുമ്മാ ഇരിക്കുന്ന കംപ്യൂട്ടർ ചുരം കയറുന്ന ലോറി പോലെ ആർത്തിരമ്പുന്നുണ്ടെങ്കിൽ സംശയിക്കാം. പശ്ചാത്തലത്തിൽ മൈനിങ് കൊടുമ്പിരികൊള്ളുന്നുണ്ടായിരിക്കും. കംപ്യൂട്ടറിന്റെ സിപിയു, ജിപിയു ഉപയോഗം പരിശോധിച്ച് അസ്വാഭ്വാവികതകൾ കണ്ടെത്താം.

4. റോഡ് മുറിച്ചു കടക്കുമ്പോൾ സീബ്രവര ഉപയോഗിക്കുന്നതു പോലെ, ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കൊള്ളാവുന്ന ഏതെങ്കിലും ആന്റി വൈറസ് ഉപയോഗിക്കുക. കൊള്ളാത്ത വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുമ്പോൾ 'നമ്മുടെ ആളാണ്' എന്നു പറഞ്ഞ് അൺബ്ലോക്ക് ചെയ്യാതിരിക്കുക.