Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ര‌‌‌ണ്ടുമുറി വീട്ടിൽ നിന്ന് ഗൂഗിൾ തലപ്പത്ത്, പ്രതിഫലം 2524 കോടി, റെക്കോർഡ് ശമ്പളം‍!

pichai-anjali സുന്ദർ പിച്ചെ, ഭാര്യ അഞ്ജലി

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിലെ ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ തീര്‍ച്ചയായും രാജ്യത്തിന്റെ അഭിമാനമാണ്. ടെക് ലോകത്തെ പ്രധാന കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പിച്ചൈ ഗൂഗിളിന്റെ മുഖ്യൻ തന്നെ. ഈ സേവനങ്ങൾക്ക് പ്രതിഫലമായി ഈ ആഴ്ച ഗൂഗിൾ നൽകിയത് 380 ദശലക്ഷം ഡോളറാണ് (ഏകദേശം 2524 കോടി രൂപ), ഇത് റെക്കോർഡ് നേട്ടം തന്നയാണ്. എന്നാൽ ഗൂഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2016ൽ ശമ്പളമായി ലഭിച്ച തുകയുടെ ഇരട്ടിയാണ് നാല്‍പ്പത്തിയഞ്ചുകാരനായ ഈ ടെക്കി കഴിഞ്ഞ വര്‍ഷം വാങ്ങിയതെന്ന് ചുരുക്കം. 650,000 ഡോളര്‍ ആയിരുന്നു പിച്ചൈയുടെ 2015ലെ പ്രതിമാസ വരുമാനം. ദീര്‍ഘകാലം ഗൂഗിളില്‍ സേവനമനുഷ്ഠിച്ച സുന്ദര്‍ പിച്ചൈ കമ്പനിയുടെ പുനര്‍ഘടനയില്‍ 2015 ഓഗസ്റ്റിലാണ് സിഇഒ ആയി നിയമിക്കപ്പെട്ടത്.  

2016 ല്‍ 198.7 ദശലക്ഷം ഡോളര്‍ സ്റ്റോക്ക് അവാര്‍ഡായി പിച്ചൈ നേടി. 2015ല്‍ ഇദ്ദേഹത്തിനു തന്നെ ലഭിച്ച സ്റ്റോക്ക് അവാർഡ് തുകയായ 99.8 ദശലക്ഷം ഡോളറിന്റെ ഇരട്ടിയായിരുന്നു അത്! വിജയകരമായ നിരവധി ഉൽപ്പനങ്ങൾ അവതരിപ്പിച്ച പിച്ചൈയ്ക്ക് കമ്പനിയുടെ കോംപന്‍സേഷന്‍ കമ്മിറ്റി വൻ ശമ്പളവര്‍ധനവാണ് നൽകിയത്.  

ഗൂഗിള്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ലാറി പേജ് ആവട്ടെ ആൽഫബെറ്റ് അമ്പ്രല്ലയ്ക്ക് കീഴില്‍ പുതിയ ബിസിനസ് വ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കോര്‍ അഡ്വര്‍ട്ടൈസിങ്, യുട്യൂബ് എന്നിവയില്‍ നിന്നും കൂടുതല്‍ വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ മെഷീന്‍ ലേണിങ്, ഹാര്‍ഡ്‌വെയര്‍ ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയവയിലും പിച്ചൈയ്ക്ക് കീഴിൽ ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2016ല്‍ സ്മാര്‍ട്ട്ഫോൺ, വെര്‍ച്വല്‍ റിയാലിറ്റി ഹാന്‍ഡ്‌സെറ്റ്, റൂട്ടര്‍, വോയ്‌സ് കണ്ട്രോള്‍ഡ് സ്മാര്‍ട്ട് സ്പീക്കര്‍ തുടങ്ങി ഉൽപ്പന്നങ്ങളും ഗൂഗിൾ അവതരിപ്പിച്ചിരുന്നു.

sundar-pichai-

ര‌‌‌ണ്ടുമുറി വീട്ടിൽ നിന്ന് ഗൂഗിളിന്റെ തലപ്പത്തേക്ക്!

വളരെ സാധാരണ ചുറ്റുപാടിൽ ജനിച്ചു വളർന്ന സുന്ദർ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി നിയമിതനാകുമ്പോൾ ഇന്ത്യയ്ക്ക് അഭിമാനിക്കുവാൻ ഏറെ. അമേരിക്കയിൽ ടെക്നോളജി കമ്പനികളുടെ തലവനാകുക എന്ന അഭിമാനാർഹമായ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പിച്ചൈ. മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ല ആണ് ഇതിനു മുൻപ് ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യക്കാരൻ.

സാധാരണ കുട്ടിക്കാലം

പ്രചോദനാത്മാകമായ ഒരു ജീവിത കഥയാണ് സുന്ദർ പിച്ചൈയ്ക്കു പറയുവാനുള്ളത്. വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് സുന്ദർ പിച്ചൈ എന്നറിയപ്പെടുന്ന പിച്ചൈ സുന്ദരരാജൻ ജനിക്കുന്നത്. തമിഴ്നാട്ടിലെ ചെന്നൈയിൽ 1972 ജൂലൈ 12-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 43-ാം ജന്മദിനത്തലേന്നു കിട്ടിയ ഈ ഉയർന്ന സ്ഥാനം ഒരു പരിധി വരെ അദ്ദേഹത്തിന്റെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നു.

Sundar-Pichai-Anjali-Pichai

രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചൈ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്കൂളിൽ പഠിച്ചപ്പോൾ ക്രിക്കറ്റു കളിയായിരുന്നു പിച്ചൈയെ ആകർഷിച്ചിരുന്നത്. സ്കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്കൂൾ കാലം മികച്ച രീതിയിൽ പൂർത്തിയാക്കിയ അദ്ദേഹം കാരഖ്പൂറിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐറ്റി) -യിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്നു പിച്ചൈ.

sundar-pichai-google-photos

ടെക് വിദഗ്ധരെ സ്ൃഷ്ടിക്കുന്നതിൽ പ്രമുഖരായ സ്റ്റാൻഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയൻസ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പിച്ചൈ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാർഷിക വരുമാനത്തിലും അപ്പുറമായിരുന്നു.

പെൽസിൽവാനിയ യൂണിവേഴ്സിറ്റിയുടെ വാർട്ടൺ സ്കൂളിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഗൂഗിളിൽ ചേരുന്നതിനു മുൻപ് പല ചെറു കമ്പനികളിലും ജോലി നോക്കി. ഒരു അപ്ലൈഡ് മെറ്റീരിയൽ കമ്പനിയിൽ എഞ്ചിനീയറായും, മകെൻസി ആന്‍ഡ് കമ്പനിയിൽ മാനേജ്മെന്റ് കൺസൾട്ടന്റ് ആയും പിച്ചൈ പ്രവർത്തിച്ചിട്ടുണ്ട്.

ഗൂഗിളിൽ പിന്നിട്ട നാഴികക്കല്ലുകൾ

2004-ലാണ് പിച്ചൈ ഗൂഗിളിൽ എത്തുന്നത്. 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിൾ ക്രോം വൻ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഗൂഗിൾ ടൂള്‍ബാർ, ഡെസ്ക്ടോപ് സെർച്, ഗാഡ്ജെറ്റ്സ്, ഗൂഗിൾ ഗിയേഴ്സ് ആൻഡ് ഗാഡ്ജെറ്റ്സ് എന്നിവ വികസിപ്പിയ്ക്കുന്നതിലും പിച്ചൈ നിര്‍ണായക പങ്കു വഹിച്ചു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്്സ് എന്നിവ വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു. വെബ്എം എന്ന വീഡിയോ ഫോർമാറ്റ് രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.

2013 മാർച്ച് 13-ന് ഗൂഗിൾ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തിൽ ആന്‍ഡ്രോയ്ഡ് ചേർക്കപ്പെട്ടപ്പോൾ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്. 2014-ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആകുവാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉയർന്നു കേട്ട പ്രധാന പേരിലൊരാളും പിച്ചൈ ആയിരുന്നു.

sundar-pichai-in-gokulpur-village

2008 മുതൽ ഗൂഗിളിന്റെ പ്രൊഡക്ട് മാനേജ്മെന്റ് ടീമിൽ വ്യത്യസ്ത മേഖലകളിൽ സേവനം അനുഷ്ഠിച്ചു വരുകയായിരുന്ന പിച്ചൈയെ 2014 ഒക്ടോബർ 24-നാണ് പ്രോഡക്ട് വിഭാഗത്തിന്റെ തലവനായി ഗൂഗിളിന്റെ സ്ഥാപകരിലൊരാളും അപ്പോഴത്തെ സിഇഒയുമായിരുന്ന ലാറി പേജ് നിയമിക്കുന്നത്. എഞ്ചിനീയറിങ്, പുതിയ ഗൂഗിൾ പ്രൊഡക്ടുകൾ, ആൻഡ്രോയ്ഡ് പോലുള്ള പ്ലാറ്റ്ഫോമുകൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടന്നിരുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.