മൊബൈൽ ആധാറുമായി ബന്ധിപ്പിക്കാൻ ഉത്തരവില്ല, കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു?

രാജ്യത്തെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിട്ടില്ലെന്നും സുപ്രീം കോടതി. എന്തിന്റെ അടിസ്ഥാനത്തിലാണ് പൗരൻമാരുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. ലോക്‌നീതി ഫൗണ്ടേഷൻ നൽകിയ കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇങ്ങനെ പറഞ്ഞത്.

ആധാറുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6ന് കോടതി ഉത്തരവ് ഇറക്കിയിരുന്നു. ഇക്കാര്യം തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാർ മൊബൈൽ നമ്പറുകൾ ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ടത്. അന്നത്തെ ഉത്തരവിനെ കേന്ദ്രം ദുർവ്യാഖ്യാനം ചെയ്തുവെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

ഇതിനിടെ ടെലികോം സേവന ദാതാക്കൾക്ക് ലൈസൻസിന് നിബന്ധന വയ്ക്കാൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് വാദിച്ച് യുഐഡിഎഐ വക്താവ് രംഗത്തെത്തി. എന്നാൽ ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത് നിബന്ധന വയ്ക്കാൻ സർക്കാരിന് ഒരവകാശവും ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.